DCBOOKS
Malayalam News Literature Website

കളിയാട്ടത്തിന് അരങ്ങൊരുങ്ങുന്നു

മനു ഡി ആന്റണി

തുലാപ്പത്തോടെ തെയ്യക്കോലങ്ങളുടെ പുറപ്പാട് ആരംഭിച്ചു . പിന്നീട് ഇടവപ്പാതി വരെയുള്ള ആറു മാസം,മലബാറിലെ കാവുകളിൽ തെയ്യങ്ങൾ നിറഞ്ഞാടുന്ന ദിനങ്ങളാണിപ്പോൾ. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഗ്രാമങ്ങള്‍ തെയ്യക്കോലങ്ങളുടെ ചുവടുകളിലും അനുപമമായ നിറങ്ങളിലും തോറ്റംപാട്ടിലും ലയിച്ചുചേരും.

തുലാം ഒന്നോടെ തെയ്യങ്ങള്‍ രംഗത്തെത്തുമെങ്കിലും പത്താമുദയത്തോടെയാണു കാവുകള്‍ സജീവമാകുന്നത്. തുലാപ്പത്തിനു തെയ്യക്കോലം കെട്ടുന്നവര്‍ കാവുകളിലും അമ്പലങ്ങളിലും പ്രത്യേക പൂജകള്‍ നടത്തും.കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം അഞ്ഞൂറ്റമ്പലം കാവിലാണ് ആദ്യം കളിയാട്ടം. ഇടവത്തില്‍ നീലേശ്വരം മന്നംപുറത്ത് കാവിലും കണ്ണൂര്‍ പഴയങ്ങാടി മാടായിക്കാവിലും വളപട്ടണം കളരിവാതുക്കലിലുമായി തെയ്യങ്ങള്‍ ചുവട് വയ്ക്കുന്നതോടെ ഒരു വര്‍ഷത്തെ കളിയാട്ട മഹോത്സവത്തിനു പരിസമാപ്തിയാകും.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി തെയ്യം കലാകാരന്മാരുടെ അവസ്ഥ പരിതാപകരമായിരുന്നു. വീണ്ടും കളിയാട്ടത്തിന് കൊടി ഉയരുമ്പോൾ വളരെ ഏറെ പ്രതീക്ഷയോടെയാണ് കലാകാരന്മാർ നോക്കി കാണുന്നത്.കോവിഡ് പൂര്‍ണമായും വിട്ടുപോകാത്ത സാഹചര്യത്തില്‍ തെയ്യക്കാലത്തിന്റെ പഴയ പ്രതാപം തിരികെ എത്തുമോ എന്ന ആശങ്കയലിലാണ് അവർ. എങ്കിലും കലാകാരന്മാര്‍ അണിയലങ്ങള്‍ ഒരുക്കുന്ന തയാറെടുപ്പിലാണ്. ചെണ്ട, ഇലത്താളം, കുഴൽ, തുടി തുടങ്ങിയ വാദ്യങ്ങളുടെയും തോറ്റങ്ങളുടെയും അകമ്പടിയോടെ ചുവപ്പും വെള്ളയും മഞ്ഞയും കറുപ്പും പച്ചയുമെല്ലാം ചേർത്തെഴുതിയ ചുട്ടികളും കോപ്പുകളും ആടയാഭരണങ്ങളും പൂക്കളും കുരുത്തോലയും ചേർന്ന തെയ്യക്കോലങ്ങൾ കാവുകളെയും നാടിനെയും സജീവമാക്കുന്നു.

എരിഞ്ഞുകൊണ്ടിരിക്കുന്ന ചൂട്ടുകറ്റകളുടെയും മേലേരിയുടേയുമെല്ലാം ഗന്ധംപേറുന്ന തണുത്ത കാറ്റുള്ള രാത്രികാലങ്ങളിലാണ് തെയ്യത്തിന്റെ സൗന്ദര്യം കൂടുന്നത്. പുളിവിറക് കത്തിച്ച് കനലുണ്ടാക്കി അതിലാടുന്ന കണ്ടനാർ കേളനും തീച്ചാമുണ്ടിയുമെല്ലാം ഉൾപ്പെടുന്ന തെയ്യങ്ങളുടെ വന്യസൗന്ദര്യവും തെച്ചിപ്പൂവിന്റെ കിരീടം ചൂടിയെത്തുന്ന മുച്ചിലോട്ട് ഭഗവതിയുടെ തെയ്യത്തിന്റെ ഭംഗിയും കാഴ്ചക്കാരുടെ മനം കവരുന്നു. ചാമുണ്ഡി, ഭഗവതി, ഈശ്വരന്‍, കാളി, വീരന്‍ തുടങ്ങി രൂപത്തിലും ഭാവത്തിലും ആട്ടത്തിലുമെല്ലാം വിഭിന്നമായ ഏകദേശം 450ല്‍ പരം തെയ്യക്കോലങ്ങള്‍ ഓരോ വര്‍ഷവും ഉത്തരകേരളത്തില്‍ കെട്ടിയാടാറുണ്ട്.

കലാരൂപം എന്നതിലുപരി ഉത്തര കേരളത്തിലുള്ളവരുടെ രക്തത്തില്‍ അലിഞ്ഞ ഒന്നാണ് തെയ്യം. അവര്‍ക്കത് വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. മിക്ക സമുദായങ്ങള്‍ക്കും അവരവരുടേതായ ആരാധനമൂര്‍ത്തി തെയ്യങ്ങളുണ്ട്. നിത്യപൂജയില്ലാത്ത ഇത്തരം അമ്പലങ്ങളുടെ ഉടമാസ്ഥാവകാശം പ്രധാനമായും വിവിധ കുടുംബങ്ങള്‍ക്കാണ്. വണ്ണാന്‍, മാവിലന്‍, പുലയന്‍, വേലന്‍, മലയന്‍, അഞ്ഞൂറ്റാന്‍, കോപ്പാളന്‍,ചിങ്കത്താന്‍ തുടങ്ങിയ സമുദായത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് തെയ്യം കെട്ടാനുള്ള അവകാശം.

കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വടകര വരെ തെയ്യം അനുഷ്ഠാനമായി കൊണ്ടാടുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം ചെറുകുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ തെയ്യം പെരുമയ്ക്കു പേരുകേട്ട സ്ഥലങ്ങളാണ്. വര്‍ഷം തോറും അരങ്ങേറുന്ന തെയ്യങ്ങള്‍ക്കു പുറമെ, ഒന്നിടവിട്ട വര്‍ഷങ്ങളിലും 12 വര്‍ഷം കൂടുന്തോറുമുള്ളവയുമുണ്ട്. പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ കെട്ടിയാടുന്നതിനെ പെരുങ്കളിയാട്ടമെന്ന് പറയുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ മുച്ചിലോട്ട് ഭഗവതി ഭക്തര്‍ക്ക് അനുഗ്രഹം നേരാനെത്തുന്നത് പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ്. ഉത്തരകേരളത്തില്‍നിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് ഈ കളിയാട്ടം കാണാനെത്തുന്നത്.

മറ്റൊന്ന് എടുത്തു പറയേണ്ടത്, വടക്കേ മലബാറിലെ ഇതിഹാസ തുല്യത ഉള്ള കാവുകളിൽ ഒന്നായ ശ്രീ അണ്ടല്ലൂർ കാവിനെയും അണ്ടല്ലൂർ കാവിൽ കെട്ടിയാടുന്ന രാമായണ കേന്ദ്രീകൃത തെയ്യങ്ങൾ ലോകചരിത്രത്തോളം പഴക്കമുള്ളതാണ് അണ്ടല്ലൂർ കാവിലെ രാമായണ കേന്ദ്രീകൃതമായ തെയ്യങ്ങളുടെ കിരീടം , തേപ്പ്, കുറി , എന്നിവയുടെയും വേഷങ്ങളുടെയും മുഖക്കുറിയുടെയും സമാനമായ വേഷവിതാനത്തോടുകൂടി ആണ് ലോകത്തിൻറെ പല ഭാഗത്തും വംശീയ കലാരൂപങ്ങൾ അരങ്ങേറുന്നത് എന്നത് നിസ്സാരമായ കാര്യമല്ല . ഇൻഡോനേഷ്യയിലെ ബാലിയിൽ ഇന്നും രാമായണം അവതരിപ്പിക്കുന്നത് അണ്ടല്ലൂർ കാവിലെ ദൈവത്താർനു സാദൃശ്യമായ വേഷ വിധാനത്തോടെ ആണ്.

സ്ഥലങ്ങൾക്കും കാവുകൾക്കും മൂർത്തികൾക്കും അനുസരിച്ച് മുഖത്തെഴുത്തിലും കിരീടത്തിലും ആടയാഭരണങ്ങളിലും പാട്ടിലുമെല്ലാം വ്യത്യാസമുണ്ടാകും. തുളു സംസ്കാരത്തിന്റെ സ്വാധീനം കാസർകോട് ഭാഗത്തെ തെയ്യങ്ങളിൽ വളരെ പ്രകടമാണ്. ചെണ്ടയ്ക്ക് പകരം നാസിക് ഡോളിനോട് സാദൃശ്യമുള്ള ഒരു വാദ്യോപകരണമാണ് അവർ ഉപയോഗിക്കുക.

കോലധാരി അഥവാ തെയ്യംകെട്ടുന്ന ആളെ നേരിട്ടെത്തി തീയതി അറിയിച്ച് ദക്ഷിണ നൽകി ക്ഷണിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്. പിന്നീട് കോലധാരി വ്രതം ഉൾപ്പെടെ ചിട്ടകൾക്കനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തുന്നു. തോറ്റവും വെള്ളാട്ടാവും നടത്തും. തുടർന്ന് അതാതു മൂർത്തികളുടെ മുഖത്തെഴുത്തും ചമയങ്ങളും മുടിയുമെല്ലാം അണിഞ്ഞ് പുറപ്പാട് അറിയിക്കുന്നു. ദൈവീകചൈതന്യം പേറുന്ന തെയ്യങ്ങൾക്ക് മുമ്പിൽ സങ്കടങ്ങളും ആവലാതികളും കേൾപ്പിക്കുവാനും പരിഹാരങ്ങളും ആശ്വാസവും കണ്ടെത്തുവാനും ഭക്തർ കൂപ്പുകൈകളോടെ എത്തുന്നു.

പ്രകൃതിയും മനുഷ്യനും ദൈവങ്ങളുമെല്ലാം പരസ്പര പൂരകങ്ങളായി മാറുന്ന തെയ്യം കാണുവാനും അതിനെപ്പറ്റി പഠിക്കുവാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം ആളുകൾ എത്തിച്ചേരാറുണ്ട്. ഒരുകാലത്ത് യൂറോപ്യരെ ഏറെ ആകർഷിച്ചിരുന്ന കഥകളിയുടെ സ്ഥാനം തെയ്യവും കൈവരിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത് മലബാറിലെ വിനോദസഞ്ചാരത്തിന് പുത്തൻ സാധ്യതകൾ തുറന്നുനൽകുകയാണ്. കണ്ണൂരിൽ വിമാനത്താവളംകൂടി വന്നതോടെ സഞ്ചാരികൾക്ക് എത്തിപ്പെടുന്നതിന് കൂടുതൽ സൗകര്യമായി. തെക്കൻ കേരളത്തിലെ പോലെ റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും അടങ്ങുന്ന താമസ സൗകര്യങ്ങൾ ഉൾപ്പെടെ പലതും ഇല്ല എന്നത് പരിമിതിയാണെങ്കിലും മലബാറിന്റെ ആതിഥ്യ മര്യാദയ്ക്ക് അതിനെ ഒരു പരിധിവരെ മറികടക്കുവാൻ സാധിക്കുന്നുണ്ട്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ മാറ്റങ്ങൾ വരുത്തുവാൻ തെയ്യത്തിന് കഴിയുന്നു എന്നത് വാസ്തവമാണ്. അങ്ങനെ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തെ മാറ്റി വരയ്ക്കുകയാണ് തെയ്യങ്ങൾ അരങ്ങേറുന്ന കാവുകൾ എന്നതിൽ സംശയമില്ല.

Comments are closed.