DCBOOKS
Malayalam News Literature Website

തീണ്ടാരിച്ചെമ്പ്: നന്മയുടെ കഥകൾ

 

മിഥുന്‍ കൃഷ്ണയുടെ ‘തീണ്ടാരിച്ചെമ്പ്’ എന്ന പുസ്തകത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം  

വായനക്കാരനും എഴുത്തുകാരനും എന്ന വ്യത്യാസം മനുഷ്യനെന്ന അടിസ്ഥാന ആശയത്തിൽ അവസാനിക്കുന്നു. മനുഷ്യ വർഗ്ഗത്തിൻ്റെ വികാരവിചാരങ്ങളും അടിസ്ഥാന ചോദനകളും എന്നും ഒന്നു തന്നെയാണ് .എനിക്ക് സഹജീവികളോട് സംവദിക്കാനുള്ള മാധ്യമമാണ് കഥകൾ എന്ന് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കഥാസമാഹരമായ തീണ്ടാരിച്ചെമ്പിൻ്റെ ആമുഖത്തിലൂടെ മിഥുൻ കൃഷ്ണ വായനക്കാരോട് പറയുന്നു. കഥകൾ പറഞ്ഞ് തന്ന അച്ഛന്, കഥകൾ കുറിച്ച് തന്ന അനന്തപുരിക്ക് സമർപ്പിച്ച് തികച്ചും വ്യത്യസ്തമായ യഥാർത്ഥങ്ങളോട് അടുത്തു നിൽക്കുന്ന പതിനൊന്ന് കഥകളാണ് സമാഹാരത്തിലുള്ളത്.

Textഒരു നിമിഷം നിരാശയുടെ അങ്ങേയറ്റം പോവുക. സ്വയം വെറുക്കുക. ആരും വേണ്ട ഒന്നും വേണ്ട എന്ന് ചിന്തിച്ച് നിശബ്ദമായി കരയുക. അടുത്ത നിമിഷം പ്രതീക്ഷയുടെ
അങ്ങേയറ്റം പോവുക എന്നു പറഞ്ഞു കൊണ്ടാണ് ആദ്യ കഥ മാമസിതയിലേക്കിറങ്ങാൻ വായനക്കാരെ ക്ഷണിക്കുന്നത്. ലൂയിസ് എന്ന കഥാപാത്രത്തിൻ്റെ ജീവിതത്തിലെ സംഭവ വികാസങ്ങൾ കണ്ണീർ ഭാഷയിലാണ് മിഥുൻ എഴുതിയിരിക്കുന്നത്. ഒരു മനുഷ്യൻ്റെയും കുറുക്കൻ്റെയും ജീവിതം ഏറെ വൈകാരികത നിറച്ചാണ് വായനക്കാരുടെ ഹൃദയത്തെ തൊടുന്നത്.

ജനിതക ഭൂപടം എന്ന കഥയുടെ താളുകളിലൂടെ സൂര്യകിരണങ്ങൾ കണ്ണിലേക്ക് കുത്തികയറിയ ഒരു കഥാ വായന. നീലക്കുപ്പായമിട്ട് കപ്പടാമീശ പിരിച്ച് നിൽക്കുന്ന ഒരാളുടെ ചിത്രം മിഥുൻ വായനക്കാരുടെ മനസ്സിൽ തെളിച്ച് നിർത്തുന്നു. മുഖമ്മദ് റാഫിയുടെ ബഹറോൺ ഫൂൽ ബർസാവോ …. മേരാ മഹബൂബ് ആയാഹെ എന്ന ഹിന്ദി ഗാനത്തിലൂടെ ഒഴുകുന്ന കഥ ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഗൗരവമായൊരു വിഷയമാണ് വായനക്കാരുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്.ആ സംഭവങ്ങൾ കഥയെ ജീവിതത്തോട് ചേർത്തു നിർത്തുന്നു.
നാല് സ്ത്രീകളുടെ തികച്ചും വ്യത്യസ്തമായ മുഖങ്ങാളാണ് കഥയിലൂടെ വരച്ച് കാട്ടുന്നത്.
“ഇവനെ എപ്പളാ എടുക്കുകാ … എനിക്കു പയിക്കുന്നുണ്ട്”.

സത്യനേശൻ്റെ ഓർമ,ശിലയായി ഖനീഭവിച്ച അന്തരീക്ഷത്തിൽ ഒരു വിസ്ഫോടനം പോലെ ലാലേച്ചിയുടെ ശബ്ദം കേൾപ്പിച്ചു കൊണ്ട് ടൈറ്റില് കഥയായ തീണ്ടാരിച്ചെമ്പ്.
വായനക്കാരിൽ ആകാംക്ഷയോടെ ശബ്ദം കേട്ട പേജിലേക്ക് നോക്കി പോകും. ലാലേച്ചിയുടെ ഓർമ്മയിലൂടെയാണ് കഥ കുതിക്കുന്നത്.

ലാലേച്ചിയുടെയും കുട്ടാപ്പുവിൻ്റെയും ജീവിതം ഒറ്റയിരുപ്പിൽ വായിച്ചാസ്വദിക്കാം.
ഓരോ കഥകളിലൂടെയും മിഥുൻ പുതിയ വായനാനുഭവം പകരുന്നു. നമ്മുക്കു ചുറ്റും കാണുന്ന കുറെ കഥാപാത്രങ്ങളിലൂടെ സമകാലിക സമൂഹത്തിൻ്റെ അവസ്ഥ ഹൃദയരക്തത്തിൽ ചാലിച്ചാണ് എഴുതിയിരിക്കുന്നത്.

നാട്ടുഭാഷയുടെ ഉൾക്കരുത്ത് സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു. ആഖ്യാനത്തിലും, പ്രമേയത്തിലും സ്വതസിദ്ധമായ ശൈലിയിലൂടെയാണ് മിഥുൻ കഥകൾ ശ്രദ്ധേയമാക്കിയിരിക്കുന്നത്. പുതുകാലത്തെ കാഴ്ചകൾ അവതരിപ്പിച്ചിരിക്കുന്നു കഥകളിൽ.
മലയാള കഥാലോകത്തിനു നല്ലൊരു സംഭാവനയായ കഥാസമാഹാരം വായനക്കാർക്ക് നെഞ്ചോട് ചേർത്ത് പിടിയ്ക്കാം.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.