DCBOOKS
Malayalam News Literature Website

നിശ്ചലനായ യാത്രികന്‍

സച്ചിദാനന്ദന്‍

വളരെ പെട്ടെന്ന് ഒരു ദിവസം നാമെല്ലാം കൂടുകളില്‍ അടയ്ക്കപ്പെടുകയും നാം കൂടു
കളിലാക്കി അടച്ചിട്ടിരുന്ന മറ്റു ജീവികള്‍ പുറത്ത് സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യാ
ന്‍ ആരംഭിച്ചിരിക്കുന്നു. അത്തരമൊരു കാലത്ത് എങ്ങനെയാണ് യാത്രയുടെ അനുഭ
വങ്ങള്‍ പുനഃസൃഷ്ടിക്കുന്നത് എന്ന ഒരു ചോദ്യം നമ്മുടെ മുമ്പില്‍ കാര്യമായിത്തന്നെ
ഉണ്ട്. തീര്‍ച്ചയായും അതിനുള്ള ഒരു വഴി ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്രയാണ്. നമ്മുടെ പഴയ യാത്രകള്‍ ഓര്‍ക്കുകയാണ്.: യാത്രികനായ കവിയുടെ വെബിനാര്‍
പ്രഭാഷണം.

കോവിഡ്, നമ്മുടെ ചിന്തയില്‍ മുഴുവന്‍തന്നെ ഒരു വലിയ മാതൃകാ പരിണാമം അല്ലെങ്കില്‍ paradigm shift ആവശ്യപ്പെടുന്നുണ്ട്. ഇത് അനേകം ദാര്‍ശനികര്‍ സമീപകാലത്ത് മുന്നോട്ടു വച്ചിട്ടുള്ള ഒരു കാര്യം തന്നെയാണ്. പലരും അതിനെ വിശേഷിപ്പിക്കുന്നത് യൂറോപ്യന്‍ ഹ്യൂമനിസ്റ്റ് സമീപനത്തില്‍ നിന്ന് ഒരു പോസ്റ്റ് ഹ്യൂമനിസ്റ്റ് സമീപനത്തിലേക്കുള്ള മാറ്റം എന്നാണ്. എന്നു പറഞ്ഞാല്‍ ഹ്യൂമനിസത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും ഉപേക്ഷിക്കണം എന്നല്ല; അതിന്റെ ആദര്‍ശങ്ങളെയും മൂല്യങ്ങളെയും സംരക്ഷിച്ചുകൊണ്ടു
തന്നെ മനുഷ്യചരിത്രത്തെ വേറിട്ട ഒരു ചരിത്രമായി കാണാതെ പ്രപഞ്ചത്തിന്റെ ചരിത്രവും പ്രകൃതിയുടെ ചരിത്രവുമായി കൂട്ടിച്ചേര്‍ത്ത് മനുഷ്യചരിത്രത്തെ വായിക്കുന്ന ഒരു രീതി നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു എന്ന വിചാരമാണ്.

കാരണം, വസ്തുക്കള്‍ക്ക് പോലും മനുഷ്യരുടെ മനസ്സുകളെ, ഭാവങ്ങളെ, മനോനിലകളെ മാറ്റാന്‍ Pachakuthiraകഴിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒപ്പം തന്നെ റോബോട്ടുകള്‍, സൈബോര്‍ഗുകള്‍ അവരുടെ ഒരു പുതിയ ലോകം, യുവാല്‍നോവ ഹരാരി ഒക്കെ പറയുന്നതുപോലുള്ള ഒരു പുതിയലോകം, സമാന്തരമായ മറ്റൊരു ലോകം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഈ പുതിയ സൃഷ്ടികള്‍ക്കും നമുക്കുമുമ്പുള്ള സൃഷ്ടികള്‍ക്കും, അതായത് മനുഷ്യനു മുമ്പും മനുഷ്യന് പിന്‍പുമുള്ള എല്ലാത്തരം സൃഷ്ടികള്‍ക്കും ഇടമുള്ള ഒരു വിചാരപരിസരം വികസിപ്പിക്കുക എന്നതും മനുഷ്യനും പ്രകൃതിയുമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബന്ധം പുനഃസ്ഥാപിക്കുക എന്നതും എത്രമാത്രം പ്രധാനമാണ് എന്നൊരു സന്ദേശം ഈ കോവിഡിന്റെ കാലം നമുക്ക് അടിസ്ഥാനപരമായിത്തന്നെ നല്കുന്നുണ്ട്. കാരണം ഇത്തരത്തിലുള്ള മഹാമാരികള്‍ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് നാം ആ ജൈവശൃംഖലയെ തകര്‍ക്കുകയും ഓരോ ജീവിക്കും അവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള ആ ഇടങ്ങളിലേക്കും നാം കടന്നു കയറുകയും ഒക്കെ ചെയ്തതാണ്. നമ്മുടെ ജൈവഭക്ഷണശൃംഖലയിലുണ്ടായ മാറ്റം, പരിണാമത്തിന്റെ ജൈവശൃംഖലയിലുണ്ടായ മാറ്റം ഇതെല്ലാം മനുഷ്യന്റെ ഇന്റര്‍വന്‍ഷന്‍ അല്ലെങ്കില്‍ ഇടപെടലുകള്‍ കൊണ്ടു വന്നിട്ടുള്ളതാണ്. ആ ഇടപെടല്‍ പ്രകൃതിയെ സംബന്ധിച്ച് എത്രമാരകമായിരുന്നു എന്നും ഏതു രീതിയിലാണ് അതിനോടു പ്രകൃതി പ്രതികരിക്കുന്നത് എന്നും കാണിക്കുന്നതാണ് കോവിഡുപോലുള്ള മഹാമാരികള്‍, കേരളത്തില്‍ ഒരു തവണ തീവ്രമായും മറ്റൊരു തവണ അത്ര തീവ്രമല്ലാതെയും അനുഭവിച്ച ഇപ്പോഴും നാം എപ്പോഴും ഭയന്നുകൊണ്ടിരിക്കുന്ന പ്രളയം, മലയിടിച്ചില്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍. അതുകൊണ്ട് നമുക്ക് തീര്‍ച്ചയായും മനുഷ്യ പരിണാമത്തെ പ്രപഞ്ചപരിണാമത്തിന്റെ ഒരു ഭാഗമായി കാണാനും പ്രകൃതിയെ നമ്മോടു ചേര്‍ത്ത് നിര്‍ത്തി ഒരു ജൈവമായ സാകല്യദര്‍ശനത്തിലേ
ക്ക് യാത്രചെയ്യാനും കഴിയേണ്ടതുണ്ട്. നാം നടത്തേണ്ട ആദ്യത്തെ യാത്ര ഈ രീതിയില്‍ ഉള്ള നമ്മില്‍ നിന്നു പുറത്തേക്കുള്ള, പ്രകൃതിയിലേക്കും പ്രപഞ്ചത്തിലേക്കുമുള്ള ഒരു യാത്രയാണ് എന്നാണ് കോവിഡ് സൂചിപ്പിക്കുന്നത്.

വ്യക്തിപരമായി പറഞ്ഞാല്‍ ഈ രോഗകാലം വന്നശേഷം ഞാന്‍ ചെയ്ത ഒരേയൊരു യാത്ര ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്കു നടത്തിയ യാത്രയാണ,് ജൂണ്‍ ഇരുപതാം തീയതി നടത്തിയ ഒരു യാത്ര.അതൊരു വിചിത്ര അനുഭവമായി. അനേകം സ്ഥലങ്ങളിലേക്കു യാത്ര ചെയ്തിട്ടുള്ള ഞാന്‍ ഒരിക്കലും ഇത്തരത്തിലുള്ള ഒരു യാത്ര നടത്തിയിട്ടില്ല. മാസ്‌ക് വച്ച്, ഫെയ്‌സ്ഷീല്‍ഡ് വച്ച്, പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് ഉപയോഗിച്ചുകൊണ്ട് ഏതാണ്ടൊരു മധ്യയുഗ പോരാളിയുടെ വേഷത്തില്‍ മിക്കവാറും ഒഴിഞ്ഞു കിടന്ന ഡല്‍ഹിയിലെ വിമാനത്താവളത്തിലൂടെ കരളത്തിലെത്തിച്ചേരുക എന്നതുതന്നെ അതീവവിചിത്രമായ ഒരനുഭവമായിരുന്നു എന്ന് പറയാതെ വയ്യ. ഈ യാത്രയില്ലാത്ത കാലത്ത്, നിരന്തരമായി യാത്ര ചെയ്തുകൊണ്ടിരുന്ന ആളുകള്‍ ഈ കാലത്തെ എങ്ങനെ കാണുന്നു, ഇല്ലെങ്കില്‍ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ഒരുപക്ഷെ നമ്മുടെ മുന്‍പിലുള്ള പല ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. വളരെ പെട്ടെന്ന് ഒരു ദിവസം നാമെല്ലാം കൂടുകളില്‍ അടയ്ക്കപ്പെടുകയും, നാം കൂടുകളിലാക്കി അടച്ചിട്ടിരുന്ന മറ്റു ജീവികള്‍ പുറത്ത് സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നു. അത്തരമൊരു കാലത്ത് എങ്ങനെയാണ് യാത്രയുടെ അനുഭവങ്ങള്‍ പുനഃസൃഷ്ടിക്കുന്നത് എന്ന ഒരു ചോദ്യം നമ്മുടെ മുമ്പില്‍ കാര്യമായിത്തന്നെ ഉണ്ട്. തീര്‍ച്ചയായും അതിനുള്ള ഒരു വഴി ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്രയാണ്. നമ്മുടെ പഴയ യാത്രകള്‍ ഓര്‍ക്കുകയാണ്.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.