DCBOOKS
Malayalam News Literature Website

അംബേദ്കര്‍ സിനിമയുടെ രാഷ്ട്രീയം

ഒ.കെ.സന്തോഷ്

ഡോ. അംബേദ്കറിന്റെ ആശയങ്ങളും സാന്നിധ്യങ്ങളും മുഖ്യധാരയുടെ പരിഗണനകളില്‍ പ്രത്യക്ഷമാകുമ്പോഴും പ്രായോഗികമായ അര്‍ത്ഥത്തില്‍ ആഘോഷപരതയ്ക്ക് അപ്പുറത്തുള്ള ഇന്ത്യയുടെ മനസ്സിനെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. മമ്മൂട്ടി യുടെ താരപരിവേഷവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യവുമുണ്ടായിട്ടുപോലും എന്തുകൊണ്ടാണ് അംബേദ്കര്‍ സിനിമ പൊതുസമൂഹത്തില്‍ ഒരു അനിവാര്യമായ ചര്‍ച്ചയോ പ്രദര്‍ശനമോ ആയില്ലായെന്നത് ഈ അര്‍ത്ഥത്തിലാണ് പരിശോധിക്കപ്പെടേണ്ടത്.

മലയാളത്തിന്റെ മഹാനടന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ കരിയ റിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ‘ഡോ. ബാബാ സാഹേബ് അംബേദ്കറി’ലെ മുഖ്യകഥാപാത്രത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ഇരുപതുവര്‍ഷം പിന്നിട്ടിട്ടും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാത്ത സിനിമയാണ് അതെങ്കിലും യു ട്യുബ്‌പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളും സി.ഡി. കളുമൊക്കെയാണ് ഇതിന്റെ പ്രചാരണത്തിനും ബഹുജനാവ
ബോധത്തില്‍ മമ്മൂട്ടിയുടെ താരത്വത്തെ ഉറപ്പിക്കുവാനും കാരണമായത്. കൗതുകകരമെന്ന്
pachakuthiraപറയട്ടെ ഇന്ത്യയിലെ വിവിധഭാഷകളില്‍ ജീവചരിത്രസിനിമകളുടെ കുത്തൊഴുക്കുണ്ടായ കഴിഞ്ഞ പതിറ്റാണ്ടില്‍, പ്രത്യേകിച്ച് ആന്ധ്രരാഷ്ട്രീയത്തിലെ അതികായനായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമായ മമ്മൂട്ടി കഥാപാത്രമായി വന്ന സിനിമ ‘യാത്ര’ തീയേറ്ററുകളിലും പിന്നീട് ആമസോണ്‍ പോലുള്ള ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കപ്പെടുമ്പോളാണ് അംബേദ്കറുടെ ജീവിതവും രാഷ്ട്രീയവും പറയുന്ന സിനിമ പൊതുവേദികളില്‍നിന്ന് അദൃശ്യമാകുന്നത്. പുതിയ ചലച്ചിത്ര ഭാഷയും പരിചരണരീതിയുമൊക്കെ ജനപ്രിയതയില്‍നിന്നും അകറ്റിനിര്‍ത്തിയ ഘടകങ്ങളാണെന്ന് വാദിക്കാമെങ്കിലും മാറിയ സാഹചര്യത്തില്‍ കീഴാളപ്രമേയങ്ങള്‍ക്ക് സിനിമയുടെ മേഖലയിലുണ്ടായ ജനപ്രീതിയും സ്വീകാര്യതയുമൊക്കെ ഒരു പുതിയ ഉണര്‍വിനുള്ള സാധ്യത അംബേദ്കറിന്റെ ജീവിതത്തിനുമുന്‍പില്‍ തുറക്കേണ്ടതായിരുന്നു. പാരഞ്ജിത്ത്, നാഗരാജ് മഞ്ജുള തുടങ്ങിയ സംവിധായകര്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ കാഴ്ചയുടെ മേഖലയിലുണ്ടാക്കിയ വിഛേദങ്ങള്‍ ഗൗരവമായ വിശകലനങ്ങള്‍ക്കും അക്കാദമികപഠനങ്ങള്‍ക്കും  വിധേയമായിട്ടുണ്ടെന്നുകൂടി ഓര്‍ക്കുക. എങ്കിലും സിനിമയെ ഗൗരവമായി കാണുന്ന മലയാളി സമൂഹത്തില്‍ ഉള്‍പ്പെടെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അസാധാരണമായ അഭിനയമികവുണ്ടായിട്ടും അംബേദ്കര്‍സിനിമ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

ജീവചരിത്രസിനിമകളും ചരിത്രവുംദേശീയനേതാക്കള്‍, ചലച്ചിത്രതാരങ്ങള്‍, കായികപ്രതിഭകള്‍, സ്വയംസംരംഭകരായി വിജയിച്ച വ്യവസായികള്‍, എഴുത്തുകാര്‍ തുടങ്ങി വിവിധമേഖലകളില്‍ അവിസ്മരണീയമായ സാന്നിധ്യമറിയിച്ച വ്യക്തികളെ കേന്ദ്രമാക്കിയാണ് കൂടുതലായി ബയോപിക്കുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ കല്‍പ്പനയുടെ  പിന്‍ബലത്തില്‍ രൂപപ്പെട്ട ആവിഷ്‌ക്കാരങ്ങള്‍മുതല്‍ യഥാര്‍ത്ഥജീവിതം വരച്ചിടാന്‍ ശ്രമിക്കുന്ന സിനിമകള്‍വരെ ഉള്‍പ്പെടുന്നുണ്ട്. ഒരു കലാസൃഷ്ടിയെന്നനിലയില്‍ സിനിമകള്‍ക്ക് ഭാവനയില്‍നിന്നും അതിശയോക്തിപരമായ ആഖ്യാനങ്ങളില്‍നിന്നും വേര്‍പെടാനാവില്ലെങ്കിലും ഘടനാപരമായി ജീവിതത്തെ അടുക്കിവെക്കുന്നവയെയാണ് പൊതുവേ ജീവചരിത്രസിനിമകളായി പരിഗണിക്കുന്നത്. മാറിവരുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇവയുടെ തോതും
പ്രദര്‍ശനവിജയവും നിര്‍ണ്ണയിക്കപ്പെടുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് പദ്മാവത്(2018) എന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം. രജപുത്രരുടെ വീരഗാഥകളെ നവദേശീയ വാദത്തിന്റെ അവിഭാജ്യഘടകമായ വീരത്വത്തോട് ചേര്‍ത്തുവെച്ചതിലൂടെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ദേശീയവാദത്തിന് ചരിത്രത്തിന്റെയും ജനപ്രിയതയുടെയും ആധികാരികത നല്‍കുകയായിരുന്നു ഈ സിനിമ ചെയ്തതെന്ന് വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കഥയും ചരിത്രവും രാഷ്ട്രീയത്തിന്റെ ഗതിമാറ്റങ്ങള്‍ക്ക് അനുസരിച്ച് തിരുത്തിയെഴുതപ്പെടുന്ന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇത് അസാധാരണമായ കാര്യമൊന്നുമല്ല.മാലിക്ക് മുഹമ്മദ്
ജെയ്‌സിയുടെ ഒരു കാവ്യത്തിലെ കേവലം ഭാവനാസൃഷ്ടി മാത്രമായകഥാപാത്രത്തെ മുഗള്‍ചക്രവര്‍ത്തിയായിരുന്ന അലാവുദീന്‍ ഖില്‍ജിയുമായി ചേര്‍ത്തുവെച്ചതിലൂടെ തീവ്രദേശീയവാദത്തിന്റെയും അപര(ശത്രുത)ഹിംസയുടെയും രാഷ്ട്രീയസാധൂകരണമായി ആ സിനിമ മാറി.സമീകാലത്ത് കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, മമ്മൂട്ടി നായകനായ വണ്‍ (2021, സംവിധാനം പ്രതീഷ് വിശ്വനാഥന്‍) എന്ന സിനിമയിലെ മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രന്‍ കേരളമുഖ്യമന്ത്രിയായ പിണറായി വിജയന്റെ നിലപാടുകളെയും പ്രവര്‍ത്തനരീതികളെയും മാനുഷികതയെയും ഭാവനാപരമാക്കുകയും പ്രതിച്ഛായനിര്‍മ്മിതിയ്ക്ക് ചലച്ചിത്രഭാഷ്യം നല്‍കുകയുമായിരുന്നു. ഒരു പക്ഷെ, മധുരഫോര്‍മുല സിനിമകളെക്കുറിച്ച് പഠിച്ച കാര്‍ത്തികേയന്‍ ദാമോദരനും ഹുഗോ ഗോറിങ്ങും നിരീക്ഷിച്ചപോലെ അഭിമാനവും ധീരതയും തമിഴ് സിനിമകളില്‍നിന്നും മറ്റു ഭാഷകളിലെക്കും വ്യാപിക്കുന്ന ഒരു വ്യവഹാരം ശക്തമായിരിക്കുന്നുവെന്ന് വേണം കരുതാന്‍. ഇത്തരത്തില്‍ സങ്കീര്‍ണ്ണവും ജനപ്രിയവുമായ സാംസ്‌ക്കാരികമൂല്യമുള്ള ഒന്നായി ജീവചരിത്രസിനിമകളുടെ രാഷ്ട്രീയം പരിവര്‍ത്തിക്കപ്പെടുന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

ദേശീയതാനിര്‍മ്മിതിയും അധികാരോന്മുഖമായ രാഷ്ട്രീയത്തോടുള്ള വിധേയത്വവും ഇന്ത്യന്‍ സിനിമാവ്യവസായത്തെ പ്രത്യേകിച്ച് ബോളിവുഡിനെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നതിന്റെസൂചനകള്‍ സമീപകാലത്ത് ശക്തമാണ്. അതിന് പുറത്ത് വിമതമോ സ്വതന്ത്രമോ ആയ ശബ്ദമുയര്‍ത്തുന്നവരെ വരുതിയിലാക്കാനും നിശ്ശബ്ദരാക്കാനും കഴിയുന്ന ഭരണസംവിധാനങ്ങളും അതിനെ വിദഗ്ദമായി ഉപയോഗിക്കാന്‍ മടിയില്ലാത്ത ഭരണാധികാരികളുമുള്ളപ്പോള്‍ സ്വതന്ത്രമായ കലാരൂപമെന്ന അസ്തിത്വം സിനിമകള്‍ക്ക് നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഡോ. അംബേദ്കറിന്റെ ആശയങ്ങളും സാന്നിധ്യങ്ങളും മുഖ്യധാരയുടെ പരിഗണനകളില്‍ പ്രത്യക്ഷമാകുമ്പോഴും പ്രായോഗികമായ അര്‍ത്ഥത്തില്‍ ആഘോഷപരതയ്ക്ക് അപ്പുറത്തുള്ള ഇന്ത്യയുടെ മനസ്സിനെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. മമ്മൂട്ടിയുടെ താരപരിവേഷവും സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യവുമുണ്ടായിട്ടുപോലും എന്തുകൊണ്ടാണ് അംബേദ്കര്‍ സിനിമ പൊതുസമൂഹത്തില്‍ ഒരു അനിവാര്യമായ ചര്‍ച്ചയോ പ്രദര്‍ശനമോ ആയില്ലായെന്നത് ഈ അര്‍ത്ഥത്തിലാണ് പരിശോധിക്കപ്പെടേണ്ടത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.