DCBOOKS
Malayalam News Literature Website

കൊലയുടെ തത്ത്വശാസ്ത്രം

പി.കെ. രാജശേഖരന്‍

ഉദാത്തത എന്ന സൗന്ദര്യശാസ്ത്രാശയത്തെ ഔന്നത്യത്തിലേക്കു വികസിപ്പിക്കുകയും യുക്തിയെക്കുറിച്ചുള്ള പുതിയ സിദ്ധാന്തമവതരിപ്പിക്കുകയും ചെയ്ത, ഇമ്മാനുവല്‍ കാന്റിന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ‘ക്രിട്ടിക് ഓഫ് ക്രിമിനല്‍ റീസണ്‍’ പാശ്ചാത്യലോകത്തെ അപസര്‍പ്പക കഥയിലെ വലിയ വികാസങ്ങള്‍ ചൂണ്ടിക്കാണിച്ചുതരുന്നു. കൊലയാളിയുടെ കണ്ണിലൂടെ കൊലയെ വീക്ഷിച്ച് കൊലപാതകത്തിന്റെ ഹേതു തേടുക എന്ന ആശയമാണ് കാന്റിലൂടെ നോവലിസ്റ്റുകള്‍ അവതരിപ്പിച്ചത്.

മഹാനായ തത്ത്വചിന്തകന്‍ ഇമ്മാനുവല്‍ കാന്റ് ഒരു കൊലയാളിയായിരുന്നുവോ? വിശേഷിച്ചൊരു കാരണവുംകൂടാതെ കൊലകള്‍ നടത്തുകയും അങ്ങനെ കൊല ചെയ്യുന്നതിലൂടെ ആനന്ദാനുഭൂതി നേടുകയും ചെയ്യുന്ന മനുഷ്യരുടെ മനോനില പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ഭാവിയിലെ കുറ്റാന്വേഷണ ശാസ്ത്രത്തിന് അടിത്തറയിടുന്ന ഒരു താത്ത്വികഗ്രന്ഥമെഴുതാനും വേണ്ടി സ്വയം കൊലയാളിയായി മാറിയ ഒരാളായിരുന്നുവോ തന്റെ ജീവിതാന്ത്യത്തില്‍ ഇമ്മാനുവല്‍ കാന്റ്. തികഞ്ഞ ധര്‍മവാദിയായിരുന്ന കാന്റ് യഥാര്‍ത്ഥ ജീവിതത്തില്‍ കൊലയാളിയായിരുന്നില്ല; കൊലയുടെ തത്ത്വശാസ്ത്രം എഴുതിയതുമില്ല. എന്നാല്‍ മൈക്കേല്‍ ഗ്രിഗോറിയോയുടെ അപസര്‍പ്പക നോവലായ ‘ക്രിട്ടിക് ഓഫ് ക്രിമിനല്‍ റീസണി’ ലെ കാന്റ് അങ്ങനെയാണ്. ഒരിക്കല്‍ ശിഷ്യനായിരിക്കുകയും അക്കാലത്ത് സ്വന്തം അനുഭവത്തില്‍നിന്ന് കാരണമില്ലാത്ത കൊലയുടെ ആനന്ദാനുഭൂതിയനുഭവിക്കുന്ന മനോനിലയെപ്പറ്റി ആ മേഖലയിലേക്കു നീങ്ങാന്‍ തന്റെ മനസ്സില്‍ പ്രകോപനുണ്ടാക്കുകയും ചെയ്ത ഒരു കുറ്റാന്വേഷകനെ വിളിച്ചുവരുത്തി താന്‍ ഗൂഢമായി നടത്തിയ കൊലകള്‍ അന്വേ
ഷിക്കാന്‍ നിയോഗിക്കുകയും ചെയ്യുന്ന ഇമ്മാനുവല്‍ കാന്റാണ് ഈ നോവലിലുള്ളത്. ഭാര്യാഭര്‍ത്താക്കന്മാരായ മൈക്കേല്‍ ജി. ജേക്കബിന്റെയും ഡാനിയേല ദ് ഗ്രിഗോറിയോയുടെയും തൂലികനാമമാണ് മൈക്കേല്‍ ഗ്രിഗോറിയോ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ പ്രഷ്യ കേന്ദ്രമാക്കിയുള്ള ഹിസ്റ്റോറിക്കല്‍ മിസ്റ്ററികളാണ് അവര്‍ എഴുതുന്നത്. ഹാനോ സ്റ്റിഫെനീസ് എന്ന കുറ്റാന്വേഷകനായ മജിസ്‌ട്രേറ്റ് കേന്ദ്രകഥാപാത്രമായുള്ള ആ ഇംഗ്ലിഷ് നോവല്‍ പരമ്പരയില്‍ ആദ്യത്തേതാണ് 2006- ല്‍ പ്രസിദ്ധീകരിച്ച ‘ക്രിട്ടിക് ഓഫ് ക്രിമിനല്‍ റീസണ്‍’. പഴയ ജര്‍മ്മന്‍ രാജ്യമായ പ്രഷ്യ ഇന്ന് അതേപടി നിലവിലില്ല. രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ പ്രഷ്യയുടെ മിക്കഭാഗങ്ങളും റഷ്യയുടെയും പോളണ്ടിന്റെയും ഭാഗമായി.

പ്ലേറ്റോയ്ക്കും അരിസ്റ്റോട്ടിലിനും സമശീര്‍ഷനായ പാശ്ചാത്യ തത്ത്വചിന്തകന്‍ എന്നു കണക്കാക്കപ്പെടുന്ന ജര്‍മ്മന്‍ ദാര്‍ശനികന്‍ ഇമ്മാനുവല്‍ കാന്റ് (1724-1804) ജീവിതം മുഴുവന്‍ ചെലവിട്ടത് പ്രഷ്യയിലെ ജന്മനഗരമായ ക്യോനിസ് ബെര്‍ഗിലായിരുന്നു. ക്യോനിസ് ബര്‍ഗ് സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന കാന്റിന്റെ അങ്ങേയറ്റം മൗലികമായ സംഭാവനകള്‍ ഉണ്ടായത് പാശ്ചാത്യ തത്ത്വചിന്തയില്‍ നിര്‍ണ്ണായകമായ വികാസങ്ങളുണ്ടായ സമയത്താണ്. യൂറോപ്യന്‍ വന്‍കരയിലെ യുക്തിവാദചിന്തയും ബ്രിട്ടനിലെ ഇന്ദ്രിയാനുഭവവാദ ചിന്തയും ഏറ്റുമുട്ടുന്ന കാലമായിരുന്നു. അവ രണ്ടിനെയും കൂട്ടിയിണക്കി മൗലികമായ വഴി തുറന്ന കാന്റ് പാശ്ചാത്യ തത്ത്വചിന്തയെ ഗതിമാറ്റി വിട്ടു. 1781- ല്‍ പ്രസിദ്ധീകരിച്ച ‘ക്രിട്ടിക് ഓഫ് പ്യൂര്‍ റീസണ്‍’ (കേവലയുക്തിയുടെ വിമര്‍ശം) എന്ന ഗ്രന്ഥമായിരുന്നു അദ്ദേഹത്തിന്റെ മാഗ്നം ഓപ്പസ്. ജോണ്‍ ലോക്കിനെയും ഡേവിഡ് ഹ്യൂമിനെയുംപോലുള്ള ബ്രിട്ടീഷ് അനുഭവവാദ ചിന്തകരുടെയും ഗോട്ട്ഫ്രീദ് ലൈബ്‌നിറ്റ്‌സിനെപ്പോലുള്ള യുക്തിവാദ ചിന്തകരുടെയും സിദ്ധാന്തങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി ആ ഗ്രന്ഥത്തില്‍ പുതിയൊരു തത്ത്വശാസ്ത്രദര്‍ശനം കാന്റ് അവതരിപ്പിച്ചു. ‘ക്രിട്ടിക് ഓഫ് പ്രാക്ടിക്കല്‍ റീസണ്‍’ (1788), ‘ക്രിട്ടിക് pachakuthiraഓഫ് ജഡ്ജ്‌മെന്റ്’ (1790) എന്നീ ഗ്രന്ഥങ്ങള്‍ പിന്നാലേ വന്നു. മനുഷ്യന്റെ അറിവിന്റെ അടിസ്ഥാനം മനസ്സിലാണ് എന്നായിരുന്നു യുക്തിവാദികളുടെ വിശ്വാസം; ഇന്ദ്രിയാനുഭവങ്ങളില്‍നിന്നാണ് അറിവുണ്ടാകുന്നതെന്ന് അനുഭവവാദികളും വാദിച്ചു. രണ്ടു വാദങ്ങളും അംഗീക
രിച്ചതിനൊപ്പം അവയിലെ പരിമിതികള്‍ കൂടി വ്യക്തമാക്കിക്കൊണ്ടാണ് കാന്റ് തന്റെ ദര്‍ശനം രൂപപ്പെടുത്തിയത്. യുക്തിയുടെയും ഇന്ദ്രിയാനുഭവത്തിന്റെയും മികവിനൊപ്പം പരിമിതിയും കാന്റ് ചൂണ്ടിക്കാട്ടി. വെറും യുക്തികൊണ്ടു മനസ്സിലാക്കാനും സ്ഥാപിക്കാനും കഴിയാത്ത കാര്യങ്ങളുമുണ്ട്; ഇന്ദ്രിയാനുഭവങ്ങള്‍ക്കുമുണ്ട് ഈ പരിമിതി. ജീവിതത്തിന്റെ അന്ത്യഘട്ടത്തിലെത്തിയ കാന്റ് മറ്റൊരു മാഗ്നം ഓപ്പസ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന വാര്‍ത്തകള്‍ ക്യോനിസ് ബെര്‍ഗില്‍ പ്രചരിക്കുന്ന കാലത്താണ് മൈക്കേല്‍ ഗ്രിഗോറിയോയുടെ ‘ക്രിട്ടിക് ഓഫ് ക്രിമിനല്‍ റീസണ്‍’ ആരംഭിക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

Comments are closed.