DCBOOKS
Malayalam News Literature Website

പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പമായിരുന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര!

ഫോട്ടോ: മധുരാജ്
ഫോട്ടോ: മധുരാജ്

എ.കെ.അബ്ദുൽ ഹക്കീം

പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പമായിരുന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര. “യാത്ര” മാഗസിന് വേണ്ടിയായിരുന്നു അത്. മധുരാജെന്ന കിടിലൻ ഫോട്ടോഗ്രാഫറായിരുന്നു സംഘത്തിലെ മൂന്നാമൻ. കൊച്ചിയിൽ നിന്നായിരുന്നു കപ്പൽ. വർഷങ്ങളായി ലക്ഷദ്വീപിനും കൊച്ചിക്കുമിടയിൽ ഓടിക്കൊണ്ടിരിക്കുന്ന “ഭാരത് സീമ”യിൽ. കടൽ അകറ്റി നിർത്തിയാലും മനുഷ്യർ അകന്നുപോവരുതെന്ന വാശിയിൽ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന കപ്പലാണത്.കേരളത്തിലേയും ലക്ഷദ്വീപുകളിലേയും മനുഷ്യരെ ചേർത്തുപിടിക്കുന്നതിൽ ഒരു മുടക്കവും വരുത്താറില്ലത്രേ ഭാരത് സീമ.

ഉച്ചകഴിഞ്ഞാണ് ഞങ്ങൾ പോർട്ടിലെത്തിയത്. ഇന്ത്യയുടെ ഭാഗമെങ്കിലും ദ്വീപ് യാത്രയ്ക്ക് പ്രത്യേക പെർമിറ്റ് വേണം. എമിഗ്രേഷൻ ക്ലിയറൻസും സെക്യൂരിറ്റി ചെക്കിംഗുമൊക്കെ ഉണ്ടായിരുന്നു എന്നാണോർമ . പുനത്തിലിന്റെ വലിയ പെട്ടിക്കുള്ളിലെ “നിധികുംഭ” ങ്ങൾക്ക് പരിക്കേൽക്കരുതേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന . പാനീയങ്ങളൊന്നും കിട്ടാത്ത ഡ്രൈ അയലന്റിൽ പുനത്തിൽ ഉണങ്ങിപ്പോയാൽ യാത്ര തന്നെ വെറുതെയാവുമല്ലോ.
പൗർണമിയായിരുന്നു അന്ന്. കപ്പലിന്റെ ഡിക്കിലായിരുന്നു കൂടുതൽ യാത്രക്കാരും. അനന്തമായ കടൽ നിലാവിലലിഞ്ഞു തുളുമ്പുന്നു. കടൽ മുറിച്ചുനീങ്ങുന്ന കപ്പലിന്റെ ഇരുഭാഗത്തേക്കും പതഞ്ഞൊഴുകുന്ന പാലരുവികൾ മറക്കാനാവാത്ത കാഴ്ചകളാണ്.

അയഞ്ഞ ബർമുഡയും ചെ യുടെ ചിത്രയുള്ള സ്ലീവ്ലെസ് ടീ ഷർട്ടുമിട്ട കുഞ്ഞിക്ക ഉന്മാദിയെപ്പോലെയാണ് ഡിക്കിൽ പാറി നടന്നത്. ആരാധകരുമായി ചേർന്ന് പാട്ടും കൂത്തുമായിരുന്നു വെളുക്കുവോളം. ക്യാബിനിൽ പോയി ചാർജ് ചെയ്ത് വന്നിരുന്ന കുഞ്ഞിക്ക തന്നെയായിരുന്നു ആഘോഷത്തിൽ ഒന്നാമൻ . കവറത്തിയിലേക്കായിരുന്നു ആദ്യം പോയത്. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിൽ നിന്ന് ചെറിയ ബോട്ടുകളിലേക്കുള്ള ഇറക്കം വല്ലാത്തൊരനുഭവമാണ്. വലിയൊരു കയറിൽപിടിച്ച് തൂങ്ങി ഇറങ്ങുമ്പോൾ ബോട്ടുകാരോടൊപ്പം ദ്വീപുകാരായ യാത്രക്കാരും നമ്മെ ചേർത്ത് പിടിക്കും. കയറിലൂടെ ഊർന്നിറങ്ങുമ്പോൾ, കൂട്ടിപ്പിടിച്ച ആ കൈകളിലാവും നമ്മുടെ വിശ്വാസവും ജീവിതവും …!

ഫോട്ടോഷൂട്ടും ചെറിയ ചെറിയ പരിപാടികളുമായി ഏഴ് ദിവസത്തോളമാണ് ദ്വീപിൽ കഴിഞ്ഞത്. നാല് ഭാഗത്തുമുള്ള തിരമാലകൾക്കിടയിൽ ജീവിക്കുന്ന പാവം മനുഷ്യരായിരുന്നു അവിടെയുള്ളത്. വാതിലടക്കാത്ത വീടുകളായിരുന്നു അവരുടേത്. പല വീട്ടിലെയും അടുക്കളയിൽ കയറിച്ചെന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നു. ഉടമസ്ഥൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും തുറന്ന് വെച്ച കടകളായിരുന്നു അവിടെയുള്ളത്. ഉച്ചത്തിലുള്ള സംസാരമോ വഴക്കോ കാണുക അസാധ്യമായിരുന്നു. ഒരു പോലീസുകാരനെ കണ്ടെത്താൻ പോലുമാവാത്ത നാട്ടിലായിരുന്നു ഞങ്ങളാ ദിവസങ്ങളിൽ.
ഓരോ ദ്വീപിൽ നിന്നും തിരിച്ചു പോന്നത് സങ്കടപ്പെട്ട് കൊണ്ടായിരുന്നു.യാത്രയാക്കാൻ വന്നവരിൽ പലരും കരഞ്ഞിരുന്നു. പിന്നെയും കത്തെഴുത്തും ഫോൺ വിളികളുമുണ്ടായിരുന്നു. 12 വർഷത്തിന് ശേഷവും തുടരുന്ന സൗഹൃദങ്ങളുണ്ട് ലക്ഷദ്വീപുകളിലിപ്പോഴും .

കുറച്ച് ദിവസങ്ങളായി ഫോണുകളിൽ സങ്കടപ്പെയ്ത്തുകളാണ്. തങ്ങളെ നോട്ടമിട്ടു കഴിഞ്ഞ ശത്രുക്കളെക്കുറിച്ചുള്ള ഉൽക്കണ്ഠ അവരുടെ വിളികളിൽ തെളിയുന്നുണ്ട്. മണ്ണും ജീവിതവും തട്ടിയെടുക്കപ്പെടുകയാണെന്ന ഭയം അവരിലൂടെ കേൾക്കുന്നുണ്ട്.തിരയൊന്ന് പൊങ്ങിയാൽ തീർന്നു പോകുമെന്നറിയുമ്പോഴും ധീരമായി ജീവിച്ച മനുഷ്യർ കടലിനേക്കാൾ ഭയപ്പെടുന്നത് മനുഷ്യരെയാണെന്ന് തോന്നുന്നു. ആർത്തി മൂത്ത് ഭ്രാന്തായ മുതലാളിത്തത്തെയും അവർക്ക് വേണ്ടി മതം വെച്ച് കളിക്കുന്ന കൂട്ടിക്കൊടുപ്പുകാരെയും . ജീവിതത്തിൽ നിന്ന് മരണത്തിലേക്ക് ഊർന്ന് പോവാതിരിക്കാൻ , വിശ്വാസത്തോടെ ചേർത്ത് പിടിക്കുന്ന കൈകൾ അവർ പ്രതീക്ഷിക്കുന്നുണ്ട് …

 

 

Comments are closed.