DCBOOKS
Malayalam News Literature Website

ആത്മപീഡയുടെ സിനിമ

ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

പി.കെ. സുരേന്ദ്രന്‍

അക്കാലത്ത് സോവിയറ്റ് നാട്ടില്‍ നിലനിന്നിരുന്ന കലാ സങ്കല്‍പ്പങ്ങളില്‍ ഒതുങ്ങാത്ത ഈ സിനിമ കവിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നില്ല എന്ന കുറ്റം ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സിനിമയുടെ പേര് ‘സായത് നോവ’യില്‍ നിന്ന് ‘ദ കളര്‍ ഓഫ് പോംഗ്രനേറ്റ് ‘ എന്നാക്കി മാറ്റേണ്ടിവന്നു. മാത്രവുമല്ല, മതാനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും സമൃദ്ധമായ ദൃശ്യങ്ങളും അധികൃതര്‍ക്ക് പ്രശ്‌നമായിരുന്നു.

“I am he whose life and osul are tormented” Sayat Nova, Armenian Poet “I don’t quite remember my biography. What is my biography? “Dard” (Sorrow) – here it’s eternal form” Sergei Parajnov, Russian Filmmaker.

ജീവചരിത്രത്തിനും, ആത്മകഥയ്ക്കും ഓര്‍മ്മക്കുറിപ്പിനും, തുറന്നു പറച്ചിലുകള്‍ക്കും ഇന്ന് വലിയ ഡിമാന്റുണ്ട്. അതുകൊണ്ടുതന്നെ സിനിമയില്‍ ബയോപ്പിക്കുകള്‍ ധാരാളമായി ഉണ്ടാവുന്നു. മരിച്ചവരെ കുറിച്ചുമാത്രമല്ല, ജീവിച്ചിരിക്കുന്നവരെ കുറിച്ചും സിനിമകള്‍ ഉണ്ടാവുന്നു. മിക്ക ബയോപ്പിക്കുകളുടെയും ലക്ഷ്യം മെയിന്‍സ്ട്രീം Pachakuthiraസിനിമകളുടെ ചേരുവകള്‍ ചേര്‍ത്ത് പ്രശസ്തരുടെ ജീവിതത്തെ സൂപ്പര്‍ താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ച് വാണിജ്യവിജയം നേടുക എന്നതാണ്. എന്നാല്‍, ഇതില്‍ നിന്ന് മാറിയ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന സിനിമയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനം മറ്റൊന്നാണ്–കുമാരനാശാന്‍ എന്ന സാമൂഹ്യ ജീവിയെ സിനിമയില്‍ കാണാനില്ല എന്നും ഇത്രയും വലിയ സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ വെറും കവിയായി ചുരുക്കുകയാണോ എന്നും. ഒരു വ്യക്തിയെ പല രീതിയില്‍, പല ഭാഗത്തു നിന്നും നോക്കിക്കാണുകയും ആ രീതിയില്‍ സിനിമയില്‍ അവതരിപ്പിക്കുകയും ചെയ്യാമല്ലോ. അത് സംവിധായകന്റെ ആ വ്യക്തിയിലെക്കുള്ള നോട്ടത്തെ ആശ്രയിച്ചിരിക്കും. അപ്പോള്‍ ജീവചരിത്രസിനിമ ഇന്ന രീതിയില്‍ ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലല്ലോ.

നമ്മുടെ ബയോപ്പിക്കുകള്‍ സിനിമയ്ക്ക് ആധാരമായ വ്യക്തിയുമായി രൂപസാദൃശ്യമുള്ള അഭിനേതാവിനെയോ അഭിനേത്രിയെയോ കണ്ടെത്തുകയും ആ വ്യക്തിയുടെ അംഗചലനങ്ങള്‍ വരെ വളരെ യഥാതഥമായി സിനിമയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. വസ്ത്രധാരണ രീതി, ഹെയര്‍ സ്‌റ്റൈല്‍, മേക്കപ്പ്, സെറ്റ് തുടങ്ങിവയിലൂടെ അക്കാലത്തെ പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍, ബയോപ്പിക്കിന് ആധാരമായ വ്യക്തിയെത്തന്നെ ഒരിടത്തും കാണിക്കാത്ത ഒരു സിനിമയാണ് പ്രശസ്ത ഹിന്ദി കവി ഗജാനന്‍ മാധവ് മുക്തിബോധിനെ കുറിച്ച് മണി കൗള്‍ സംവിധാനം ചെയ്ത Arising from the Surface എന്ന സിനിമ. ഇത് ബയോപ്പിക്, അനുകല്പനം, ഉപന്യാസം എന്നീ വര്‍ഗ്ഗീകരണങ്ങളെ നിരാകരിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുകയാണ് എന്നുപറയാം. ഈ സിനിമ മുക്തിബോധിന്റെ രണ്ട് കവിതകള്‍, രണ്ട് ഉപന്യാസങ്ങള്‍, ആറ് ചെറുകഥകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ആഖ്യാനം രൂപപ്പെടുത്തിയിരിക്കുന്നത്: മുക്തിബോധിന്റെ ആത്മനിഷ്ഠത ഉള്‍ക്കൊള്ളുന്ന രമേഷ്, മാധവ്, കേശവ് എന്നിവര്‍ മുക്തിബോധിന്റെ കൂട്ടാളികളാണ്. മുക്തിബോധിന്റെ പ്രപഞ്ചത്തിന്റെ രാഷ്ട്രീയവും ദാര്‍ശനികവുമായ അവസ്ഥകള്‍ ഇവരിലൂടെയാണ് അവതരിപ്പിക്കുന്നത്. (ഇതില്‍ രമേഷായി അഭിനയിച്ചത് ഭരത് ഗോപിയാണ്).

പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.