DCBOOKS
Malayalam News Literature Website

ഏതെങ്കിലും ഒരു പദ്ധതിയുടെ ഭാഗമായി എഴുതുന്ന ഒന്നല്ല എന്റെ കഥകള്‍: ജി.ആര്‍.ഇന്ദുഗോപന്‍

നമ്മുടെ കൈയില്‍ കുറേ കണ്ടന്റ് ഉണ്ട്. ആശയങ്ങള്‍ ഉണ്ട്. ഇതൊക്കെ കടലാസിലാക്കാനുള്ള ഏകാഗ്രത, സാവകാശം, സമയം കുറവാണ്. ചിലപ്പോള്‍ യാന്ത്രികമായ ജീവിതത്തിലൂടെ കടന്നുപോകേണ്ടി വരും. മനുഷ്യനെന്ന നിലയില്‍ സ്വസ്ഥതയും സമാധാനവുമാണ് വേണ്ടത്. എഴുത്തുകാരനെന്ന പരിവേഷം അതിന് തടസ്സമാകുമെങ്കില്‍ അപകടമാണ്. അതിന്റെ അപകടസൂചന കണ്ടാല്‍, ഫോണും അണച്ചുവച്ച് ഒതുങ്ങിക്കൂടും. എന്റെ ആനന്ദത്തെ തുരങ്കംവെക്കുന്ന ഒന്നും അനുവദിക്കില്ല. അത് മനുഷ്യന്‍ മാത്രമാണ്, പ്രപഞ്ചത്തിലെ ഒരു കീടം മാത്രമാണ് എന്ന അടിസ്ഥാനബോധം ഉള്ളതുകൊണ്ടാണ്. പക്ഷേ, ഏത് കീടത്തിനും അതിന്റെ വ്യക്തിത്വമുണ്ട്.

ഇത്രയും കാലം എഴുതിയിട്ടുപോലും ഞാന്‍ ഒരു എഴുത്തുകാരനായി തീര്‍ന്നു എന്ന ധാരണയോ വിശ്വാസമോ ഇല്ല. ഞാനൊരു എഴുത്തുകാരനാണ് എന്ന വ്യക്തിത്വത്തിന്റെ പേരിലുള്ള സഞ്ചാരമോ ജീവിതരീതിയോ എനിക്കില്ല. അങ്ങനെ ബോദ്ധ്യപ്പെടുത്താന്‍ എനിക്കു കഴിയുന്നുമില്ല. പുസ്തകങ്ങള്‍ വായിക്കാനുള്ള താത്പര്യം എപ്പോഴോ ഉണ്ടായി. പിന്നെ ഒരു സമയത്ത് എഴുതിത്തുടങ്ങുകയാണ്. വലിയ ആയാസമൊന്നുമില്ലാതെ ഒരു സ്ട്രക്ചര്‍ രൂപപ്പെടുന്നു. അത് കഥയായി മാറുന്നു. എന്നെ എഴുത്തിലേക്കു വഴി തിരിച്ചുവിടാനുള്ള ആളൊന്നുമുണ്ടായിരുന്നില്ല. ചില അദ്ധ്യാപകരൊക്കെ ഉണ്ടായിരുന്നു എന്നു മറക്കുന്നില്ല. കെ.പി. അപ്പന്‍സാറിനെപ്പോലുള്ള വലിയ ആളുകള്‍.

എഴുത്തുകാരനായി ജീവിക്കുക എന്നത് ഒരു മിത്താണ്. സാധാരണ ജീവിതത്തില്‍ നിന്ന് എഴുത്തുകാരനെ മാറ്റിനിര്‍ത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരാളിന്റെ  താത്പര്യത്തിന്റെ ഭാഗം മാത്രമാണ് എഴുത്ത്.
മനുഷ്യനെന്ന നിലയില്‍ നമുക്കു മുന്നോട്ട് പോകാന്‍ രസം തോന്നുന്ന ഒരു ഘടകം മാത്രമാണ് എഴുത്ത്. പലര്‍ക്കും പലവിധ രസമുണ്ട്. അതിനാല്‍ എഴുത്തുകാരനാകുക എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമൊന്നുമല്ല. ഭാവനയുടെ സാധ്യതകള്‍ രൂപപ്പെടുത്തുക എന്നതൊക്കെയുള്ള സവിശേഷത, വിസ്മയം കുറച്ചൊക്കെ അതിലുണ്ടെന്നത് സത്യമാണ്. ചിലകണ്ടന്റുകള്‍ ആലോചിക്കുന്നു. അതിന് ഒരു രൂപം ഉണ്ടാക്കുന്നു. അത് കഴിയുമ്പോള്‍ അത് Textകഥയായി മാറുന്നു. ആരെങ്കിലുമൊക്കെ ചോദിക്കുമ്പോള്‍ എഴുത്തിനെക്കുറിച്ച് പറയുന്നു എന്നു മാത്രം. എഴുത്തുകാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ലോകത്തുള്ള എല്ലാ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെയും സ്വഭാവം സാഹിത്യത്തിനും ഉണ്ടാവും. ആ വ്യവസ്ഥയെ നിലനിര്‍ത്താനുള്ള മാഫിയാപദ്ധതികളും എല്ലാ സിസ്റ്റത്തിലെന്നതുപോലെ സാഹിത്യത്തിലും വരും. ഗൂഢാലോചന, തന്ത്രങ്ങള്‍ എല്ലാംഉണ്ടാവും. പ്രചാരം, നിലനില്‍പ്പ് എന്നത് സാഹിത്യം എന്ന എസ്റ്റാബ്ലിഷ്‌മെന്റിന്റെയും പ്രധാന കാര്യമാണ്. വാരികയില്ലെങ്കില്‍ പത്രാധിപര്‍ ഉണ്ടോ? വില്‍ക്കാതിരുന്നാല്‍ പുസ്തകമുണ്ടോ? അതിലെ അക്ഷരമുണ്ടോ? ഒരു സാധനം സിസ്റ്റമായി കഴിയുമ്പോള്‍ ആ സിസ്റ്റം നിലനിര്‍ത്താന്‍ വേണ്ടി സിസ്റ്റം ഒരു സംവിധാനത്തെ സ്വീകരിക്കും. ആ സംവിധാനത്തില്‍ ഗൂഢാലോചനാ പദ്ധതികള്‍ നിശ്ചയമായും ഉണ്ടാവും. ഒരു എഴുത്തുകാരനെ എങ്ങനെ വില്‍ക്കാം എന്നത് പ്രസാധകര്‍ നോക്കും. ഏകദേശം അന്‍പതു കോടി വരുന്നതാണ് കേരളത്തിലെ സാഹിത്യവ്യവസായം. അന്‍പതു ശതമാനം സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്. അപ്പോള്‍ സ്ഥാപനവല്‍ക്കരണമെന്ന പദ്ധതി സാഹിത്യത്തില്‍ ഉണ്ട്. വിപണി സൃഷ്ടിക്കാനുള്ള ടെക്‌നിക്കുകള്‍, സോഷ്യല്‍മീഡിയ കസര്‍ത്തുകള്‍ ഒക്കെ സാഹിത്യത്തില്‍ വരും. വായനക്കാരെ ആകര്‍ഷിക്കാനായി എഴുത്തുകാര്‍ സ്വന്തം നിലയിലും പ്രസാധകനുമായി ചേര്‍ന്നും തന്ത്രങ്ങള്‍ ആലോചിച്ചു നടപ്പാക്കും. കൂടുതല്‍ സോഷ്യല്‍മീഡിയ ഫോളോവേഴ്‌സ് ഉള്ളവര്‍ തടുക്കിട്ട് കൊണ്ടുവന്നിരുത്തും. അവര്‍ എഴുത്തുകാരാകണമെന്നില്ല. അവരുടെ പേരില്‍ എഴുതിക്കും. അതുകൊണ്ടാണ് എല്ലായിടത്തേതും പോലെ സാഹിത്യത്തില്‍ ഒരു മാഫിയ സംഘം ഉണ്ടെന്നു പറയുന്നത്. പക്ഷേ, മാഫിയ എന്നത് സിസ്റ്റമാണെങ്കില്‍ പുതിയ കാലത്ത്അത് ഒരു മോശം വാക്കും പ്രവര്‍ത്തിയുമല്ലെന്ന് ഓര്‍ക്കണം. പരിമിതമായെങ്കിലും എല്ലാ എഴുത്തുകാരും അതില്‍ പങ്കെടുക്കുന്നുമുണ്ട്‌.

കേരളത്തില്‍ പത്ത് എഴുത്തുകാര്‍ക്കെങ്കിലും എഴുത്തുകൊണ്ടുമാത്രം ജീവിക്കാന്‍ പറ്റും എന്നു ഞാന്‍ വിശ്വസിക്കുന്നു. രണ്ടോ മൂന്നോ പേര്‍ക്കു വലിയ പ്രൊഫഷണലുകളെപ്പോലെ ജീവിക്കാന്‍ കഴിയും. ഈ ചെറിയ ഭാഷയെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണിത്. കേരളത്തിലെ വായനക്കാര്‍ എഴുത്തുകാര്‍ക്കു നല്‍കുന്ന പിന്തുണയാണത്. പുതുമയല്ല. പണ്ടും പല എഴുത്തുകാരും അങ്ങനെ ജീവിച്ചിട്ടുണ്ട്.

മനുഷ്യന്റെ കഥകളാണ് ഞാന്‍ എഴുതുന്നത്. പണ്ടെഴുതിയതും സിനിമയാക്കാന്‍ ആളു വരുന്നുണ്ട്. കുറച്ചു നാളത്തേത് ടോര്‍ച്ച് എന്റെ മുഖത്തേയ്ക്ക് അടിക്കുന്നു എന്നേയുള്ളൂ. കൈ കഴയ്ക്കുമ്പോ അടിച്ചവര്‍ മാറ്റിക്കൊള്ളും. അത് ഞാന്‍ മനഃപൂര്‍വം ചെയ്യുന്നതല്ല. മനഃപൂര്‍വം ദൃശ്യാത്മകത വരുത്തിയാല്‍ അത് എടുക്കാന്‍ ആളുകാണില്ല. എത്രയോ പേര്‍ ശ്രമിക്കുന്നുണ്ട്.

എഴുത്തിന്റെ ഓരോ ഘട്ടത്തിലും വാചകങ്ങള്‍ ലളിതമാക്കി, കഥാഘടനയില്‍ ദുര്‍ഗ്രഹങ്ങള്‍ സൃഷ്ടിക്കാതെ ഞാന്‍ മുന്നോട്ടു പോകുന്നുണ്ട്. കഥയുടെ ദൃശ്യവിതാനം, യാത്ര ദൃശ്യമാകുന്നുണ്ട്. കഥയില്‍ ഗതികള്‍ തിരിച്ചറിയാം. ഇതില്‍നിന്നും ദൃശ്യാത്മകത ഉണ്ടാക്കുന്നുണ്ടാവാം. ഒരിക്കലും സിനിമയെ മുന്‍നിര്‍ത്തി ഒരു രചനയും എഴുതാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ എല്ലാവരും അങ്ങനെയേ ശ്രമിക്കത്തുള്ളൂ. ഞാന്‍ എഴുതുന്ന കഥകള്‍ സിനിമയ്ക്കു
വേണ്ടി ആരെങ്കിലും തിരക്കിവരുന്നുണ്ടെങ്കില്‍ അത് സിനിമയ്ക്കുവേണ്ടി എഴുതിയതല്ലാത്തതുകൊണ്ടാണ്. ഞാന്‍ എഴുതുന്ന കഥയില്‍ തൊങ്ങലും തോരണവുമില്ല. അതില്‍ ഒരു യാത്രയുണ്ട്. യാത്രയ്ക്കു ചില വഴിത്തിരിവുകള്‍ ഉണ്ട്. അതുകൊണ്ടാവാം. ഞാന്‍ എന്റെ കഥ സിനിമയാക്കാന്‍ ഏതെങ്കിലും സംവിധായകനെയോ നടനെയോ സമീപിച്ചിട്ടില്ല. ഏതെങ്കിലും ഒരു പദ്ധതിയുടെ ഭാഗമായി എഴുതുന്ന ഒന്നല്ല എന്റെ കഥകള്‍. സാഹിത്യം എന്ന രീതിയില്‍ വായിക്കപ്പെട്ടശേഷമാണ് സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. അതിനുള്ളില്‍സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതില്‍ വായനയുമായി ബന്ധപ്പെട്ടവര്‍ ഉണ്ട്. അവര്‍ കഥ തേടുന്നു. പലരുടേതും കണ്ടെത്തുന്നു. എന്റേതും പെടുന്നു. തല്‍ക്കാലം കുറച്ചു കൂടുതല്‍ ഉണ്ടാകാം. എന്റെ സാഹിത്യകൃതിയെ അവലംബിച്ചാണ് സിനിമ എടുക്കുന്നത്. കഥ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് സിനിമയാക്കാന്‍ തരാമോ എന്നു ചോദിക്കുന്നവരുണ്ട്. ഞാന്‍ അവരോട് പറയാറുണ്ട്, അടിസ്ഥാനപരമായി ഞാന്‍ ഒരു എഴുത്തുകാരനാണ്. എന്റെ സന്തോഷം എന്നത് ഒറ്റയ്ക്കിരുന്ന് എഴുതുക എന്നതാണ്. സിനിമ ആള്‍ക്കൂട്ടത്തിന്റെ കലയാണ്. തിരക്കഥ എന്നത് എഴുത്തുകാരന്റെ ശുദ്ധകലയല്ല. മുപ്പതു മുപ്പത്തിയഞ്ച് വര്‍ഷത്തെ എന്റെ എല്ലാ അധ്വാനവും എഴുത്തുകാരന്‍ എന്ന രീതിയില്‍ ഉള്ളതാണ്. പക്ഷേ, എഴുത്തുകാരനായി തുടരാനുള്ള പിന്തുണ എനിക്ക് സിനിമ തന്നു. ഞാന്‍ ജോലി ഉപേക്ഷിച്ചു. സാഹിത്യത്തിന്റെ തുടര്‍ച്ചയാണത്.

ഞാന്‍ ഇപ്പോള്‍ എഴുതുന്ന നോവല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തെ രാഷ്ട്രീയ പരിണതികളാണ്. അതെന്നെ കൗതുകപ്പെടുത്തി. അതുകൊണ്ടാണ്. രാഷ്ട്രീയപ്രസ്ഥാനം എന്നു പറയുമ്പോള്‍ അതിനുള്ളില്‍
നിഗൂഢമായ പദ്ധതികള്‍ ഉണ്ടാവും. അതില്‍ ചിലത് മനുഷ്യവിരുദ്ധമായിരിക്കും. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമല്ല. മനുഷ്യന്റെ കഥകള്‍ പറയുന്നതിനോടാണ് എനിക്കു താത്പര്യം. പ്രസ്ഥാനം എന്നത്  ഒരുപാട് മനുഷ്യര്‍ ചേര്‍ന്ന ചിന്താപദ്ധതിയാണ്. കുറെ മനുഷ്യരെ അതിലേക്കു വലിച്ചടുപ്പിക്കുന്നു. ചിലരെ ചവിട്ടിപ്പുറത്താക്കുന്നു. ചിലരെ അതില്‍ നിലനിര്‍ത്തി വേവിക്കുന്നു. കര്‍മത്തിലെ ശുദ്ധിയും അധികാര ശ്രേണിയും തമ്മില്‍ ബന്ധമില്ല. പൊരുത്തക്കേടുണ്ട്. ഇതിലെ പിഴവുകള്‍ എഴുത്തുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും വലുതാണ്. അതുകൊണ്ടാണ് എപ്പോഴും ചരിത്രത്തെയോരാഷ്ട്രീയത്തെയോ പ്രധാന വിഷയമാക്കാത്തത്‌.

ജി ആര്‍ ഇന്ദുഗോപന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

 

Comments are closed.