DCBOOKS
Malayalam News Literature Website

ആവർത്തിക്കപ്പെടുന്ന സ്ത്രീധനപീഡന മരണങ്ങൾ: മാറേണ്ടത് മനോഭാവം

സഞ്ജയ് ദേവരാജൻ

കൊല്ലത്ത് നിലമേൽ സ്വദേശിയായ യുവതി , കരുനാഗപ്പള്ളിയിലെ ഭർതാവിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡനത്തിന് ഇരയായ യുവതിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പെൺവീട്ടുകാർ .മോട്ടോർ വാഹന ഇൻസ്പെക്ടർ ആണ് യുവതിയുടെ ഭർത്താവ്. ഫെമിനിസ്റ്റുകൾ അടങ്ങിയ ആക്ടിവിസ്റ്റുകളും, പൊതുസമൂഹവും കുറ്റക്കാരനായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ മാത്രമല്ല, പുരുഷസമൂഹം മുഴുവൻ സ്ത്രീധനത്തിന് കാത്തിരിക്കുന്നവരാണ് എന്ന് പറയും.

നമ്മുടെ നാട്ടിൽ ആക്ടിവിസ്റ്റുകളും, ഫെമിനിസ്റ്റുകളും സ്ത്രീധനത്തിനെതിരെ സംസാരിക്കും. പക്ഷേ പെൺവീട്ടുകാരുടെ സർക്കാർ ഉദ്യോഗസ്ഥ ഭ്രമം മാറ്റുവാനായി യാതൊന്നും ചെയ്യുന്നില്ല.

സർക്കാർ ഉദ്യോഗസ്ഥൻ മരുമകനായി വരണമെന്ന് നിർബന്ധം ഉള്ള ജനതയാണ് നമ്മുടേത്. സ്ത്രീധനത്തിനെതിരെ സംസാരിക്കുന്ന പെൺകുട്ടികളും, ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥൻ ആകണം എന്ന് ആഗ്രഹിക്കുന്നവരാണ്.

സർക്കാർ ഉദ്യോഗസ്ഥൻ മരുമകനായി വന്നാൽ ശമ്പളവും, പെൻഷനും ഉള്ളതുകൊണ്ട് ജീവിതം സേഫ് ആണ് എന്ന് കരുതി കടുത്ത സ്ത്രീധനം നൽകി പെൺവീട്ടുകാർ മകളെ വിവാഹം ചെയ്ത് അയക്കുന്നത്. ഇവിടെ ജീവിതം സേഫ് ആവാനായി സ്ത്രീധനം നൽകി മകളെ കല്യാണം കഴിച്ച അയച്ച പിതാവിന് മകളുടെ മരണമാണ് കാണേണ്ടിവന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ പിന്നാലെ പോകാതെ, മകളെ സംരക്ഷിക്കുന്ന ആൺകുട്ടികളെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയട്ടെ.

കേരളീയസമൂഹത്തിലെ അമിതമായ സർക്കാർ ഉദ്യോഗസ്ഥ ഭ്രമം എന്ന മാനസികാവസ്ഥ ചർച്ച ചെയ്യപ്പെടേണ്ടതാണ്. സർക്കാർ ഉദ്യോഗസ്ഥൻ മാത്രമല്ല പണിയെടുത്ത് ജീവിക്കുന്നത്, കൂലിപ്പണിയെടുത്ത് ജീവിക്കുന്നവനും, റസ്റ്റോറന്റ് കളിൽ ജോലിചെയ്യുന്നവനും, പണിയെടുത്ത് ജീവിക്കുന്ന എല്ലാവരും തുല്യരാണ് എന്ന ബോധം സമൂഹത്തിൽ ഉണ്ടാവട്ടെ. എല്ലാ തൊഴിലും ഒരേ മാന്യത എന്ന മഹാത്മാഗാന്ധിയുടെ വചനം ഓർമ്മിക്കുന്നു.

സ്ത്രീധനമായി നൽകിയ കാറിന്റെ പേരിലുള്ള തർക്കത്തിൽ ഒരു പാവം യുവതിയുടെ ജീവൻ നഷ്ടമായത് വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. ആ ചെറുപ്പക്കാരിയുടെ മരണം അതിന്റെ വീട്ടുകാർക്ക് മാത്രമല്ല നാട്ടിന് തന്നെ ഒരു നഷ്ടമാണ്. കുറ്റകൃത്യത്തിൽ പ്രതിയായ യുവാവിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. മാതൃകാപരമായ ശിക്ഷാ ഉറപ്പുവരുത്തണം.

സ്ത്രീ സംരക്ഷണത്തിനായി കൂടുതൽ നിയമങ്ങൾ ഉള്ള നാടാണ് നമ്മുടേത്. ഇതിൽ പല നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന പരാതിയും ഉണ്ട്. ഏതൊക്കെ നിയമങ്ങൾ വന്നാലും, അത്തരം നിയമങ്ങളൊന്നും അർഹരായ സാധാരണ സ്ത്രീകളെ സംരക്ഷിക്കുന്നില്ല എന്നതു വസ്തുതയാണ്. ഇത്തരം പാളിച്ചകൾ മറികടന്നുള്ള, ദുരുപയോഗം നിയന്ത്രിച്ചുള്ള നിയമനിർമ്മാണങ്ങൾ സമൂഹത്തിന് ആവശ്യമാണ്.

 

Comments are closed.