DCBOOKS
Malayalam News Literature Website

ദി ബ്രെയിൻ ഗെയിം

മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന്  അഭിലാഷ്‌ മണമ്പൂർ എഴുതിയ വായനാനുഭവം

ഒരിക്കലും പിടിക്കപ്പെടില്ല എന്ന അമിതാത്മവിശ്വാസം ഉള്ളിലുടലെടുക്കുമ്പോഴാണു, താൻ ചെയ്തതും ചെയ്യാൻ പോകുന്നതുമായ കുറ്റകൃത്യങ്ങളുടെ സൂചനകൾ മറ്റുള്ളവർക്ക്‌ മുന്നിലേക്കിട്ട്‌ വെല്ലുവിളി നടത്തുവാൻ കുറ്റവാളികൾക്ക്‌ ധൈര്യമുണ്ടാവുന്നത്‌. അമിതാത്മവിശ്വാസം കൊണ്ടുണ്ടാകുന്ന ഇത്തരം ചെയ്തികളാവും പലപ്പോഴും അവർ പിടിക്കപ്പെടുന്നതിനും കാരണമാവുന്നത്‌. മായാ കിരണിന്റെ ബ്രെയിൻ ഗെയിം എന്ന ക്രൈം ത്രില്ലറിലെ വില്ലനു സംഭവിക്കുന്നതും അതുതന്നെയാണു.

പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന് വിലയിരുത്തിയ അഡ്വ. അനന്തനുണ്ണിയുടെ കൊലപാതകത്തെ തുടർന്ന് സി. Textഐ. ഹർഷവർദ്ധനു തന്റെ ഫെയ്സ്ബുക്ക്‌ വാളിൽ ലഭിച്ച ഒരു ആദരാഞ്ജലി പോസ്റ്റും തുടർന്ന് നടത്തിയ നിരീക്ഷണങ്ങളുമാണു ഒരുപക്ഷേ ആത്മഹത്യയായി എഴുതി തള്ളുമായിരുന്നൊരു കേസ്‌ കൊലപാതകമെന്നതിലേക്ക്‌ വഴിമാറുന്നത്‌. അതിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്ന് ഹർഷൻ എത്തുന്നത്‌ ഒരു കൊലപാതക പരമ്പരയിലേക്ക്‌ തന്നെയാണു. സൂചനകൾ നൽകുന്ന കൊലപാതകിയും അത്‌ വായിച്ചെടുക്കുന്ന ഹർഷനും തമ്മിലുള്ള ബുദ്ധിപരമായ ആ കളിയുടെ കഥ പറയുമ്പോൾ നോവലിനു “ദി ബ്രെയിൻ ഗെയിം” എന്നല്ലാതെ പിന്നെന്ത്‌ പേരിട്ടാലാണു ശരിയാവുക?

ഒരു ക്രൈം ത്രില്ലറിൽ വായനക്കാരൻ എന്താണോ പ്രതീക്ഷിക്കുന്നത്‌ അത്‌ നിറവേറ്റാൻ മായയിലെ എഴുത്തുകാരിക്കായി എന്ന് നിസംശയം പറയാനാകും. സമയത്തിന്റെ പരിമിതികൾ മാറ്റി വച്ചാൽ ഒറ്റ ഇരുപ്പിനു ഇരുന്ന് വായിച്ച്‌ തീർക്കാൻ വെമ്പൽ നൽകുന്ന രീതിയിൽ, ഇനി എന്ത്‌ എന്നൊരു ആകാംക്ഷ നമ്മിൽ അവശേഷിപ്പിച്ചുകൊണ്ട്‌ തന്നെയാണു ഓരോ അധ്യായവും അല്ല, ഓരോ പേജും അവസാനിക്കുന്നത്‌. ഒന്നിൽ നിന്നും അടുത്തതിലേക്കെത്തുമ്പോഴേക്കും വായനക്കാരന്റെ ധാരണകൾ തന്നെ മാറിപ്പോയിട്ടുണ്ടാകുന്ന തരത്തിൽ ദുരൂഹതകൾ നിറച്ച്‌ വച്ച്‌ ആകാംക്ഷയോടെ വായിക്കുവാൻ പ്രേരിപ്പിക്കുന്ന രചനാ ശൈലി.

ബൾബിൽ ബെന്യാമിൽ പറയുന്നത്‌ പോലെ, കുറ്റാന്വേക്ഷണ സാഹിത്യ ശാഖയ്ക്ക്‌ ഒരു മികച്ച എഴുത്തുകാരിയെ ലഭ്യമായിരിക്കുന്നു എന്ന് സന്ദേഹമില്ലാതെ പറയാൻ പോന്നൊരു നോവലാണു “ദി ബ്രെയിൻ ഗെയിം”.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ 

Comments are closed.