DCBOOKS
Malayalam News Literature Website

സ്വപ്നജീവിതങ്ങളിലങ്ങനൊരു കഥക്കപ്പല്‍

വി.കെ.കെ. രമേഷ്

ഒരിക്കല്‍ ഉറക്കത്തിനിടയില്‍ ഭാര്യ പറഞ്ഞു, നമുക്കൊന്ന് ടെസ്റ്റ് ചെയ്യണമെന്ന്. രണ്ടാമത്തെ കുട്ടിയുടെ കടന്നു
വരവിന്റെ സാദ്ധ്യതയിലേക്കാണ് അവള്‍ വിരല്‍ചൂണ്ടിയത്. ഉറക്കത്തിനിടയിലായതുകൊണ്ട് അതൊരു സ്വപ്നമാണെന്ന് ഉറപ്പായിരുന്നു. ടെസ്റ്റുകള്‍ നടത്തിയതും കാര്യം ഉറപ്പാണെന്നു ഡോക്ടര്‍ പറഞ്ഞതുമൊന്നും യാഥാര്‍ത്ഥ്യമാകാനിടയില്ല. പിന്നീട്, കാണാന്‍പോയപ്പോഴേക്കും വിദേശസന്ദര്‍ശനത്തിനായി ഡോക്ടര്‍ ഇന്ത്യ വിട്ടിരുന്നു. എവിടെയൊക്കെയോ ചില കാലതാമസങ്ങള്‍ സംഭവിക്കുന്നു. നടന്നിട്ടും നടന്നിട്ടും നീങ്ങാത്തതുപോലെ. നരച്ച ഇരുട്ടങ്ങനെ, ആരോ വിതറിയിട്ടതുമാതിരി. അതില്‍ നിന്ന് പുറത്തുകടക്കാന്‍വേണ്ടി നന്നായങ്ങ് തുഴഞ്ഞു. പുകയും വെള്ളവും ഏതാണ്ടൊരുപോലെയാണ്. അകപ്പെട്ടാല്‍ നന്നായി നീന്തേണ്ടിവരും.
നീന്തി നീന്തി പുറത്തുകടന്നത് ഡോക്ടറുടെ കണ്‍സള്‍ട്ടിങ് റൂമിലേക്കാണ്. വെളുത്തുമിനുത്ത മുഖത്ത് വിജൃംഭിച്ച വിഷാദവുമായി ഡോക്ടര്‍. വരൂ. അവര്‍ പറഞ്ഞു. ഒരു സ്‌കാനിങ് റിപ്പോര്‍ട്ടിലേക്കാണ് അവര്‍ എന്നെ
കയറ്റിനിര്‍ത്തിയത്. ഇരുട്ടും വെളുപ്പുപുള്ളികളും ആഴത്തില്‍ വേരോടിയ കടലാസ് ഷീറ്റ്. അതിനകത്ത് പതിയിരിക്കുന്ന ഒരു മനുഷ്യരൂപം. മുതുക് തലവഴി താഴോട്ടു കുനിച്ച്, അത് കമിഴ്ന്നിരിപ്പാണ്. കൊച്ചു പടവലങ്ങയുടെ വലിപ്പത്തില്‍ ഒരു വളര്‍ച്ചയെ മുതുകില്‍നിന്ന് തലവഴി താഴോട്ട് താങ്ങി ആ പാവം കുനിഞ്ഞിരിക്കുന്നു. നിശ്വസിക്കുമ്പോള്‍ ഉള്ളറകളിലെ വായുവാകെ വാരി വഴി മുതുകിനിട്ട് വന്നുവീഴുന്നുണ്ടാവാം, അതിന്റെ പടവലങ്ങ മുഴ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നുണ്ട്.

‘ഇതാണ് നിങ്ങളുടെ പിറക്കാനിരിക്കുന്ന മകന്‍. അവന് നട്ടെല്ലില്ല. തലയോട്ടിയില്ല. അതിന്റെ ആവരണമില്ലാത്ത തലച്ചോര്‍ തികച്ചും തലയ്ക്കു പുറത്താണ്. കഴുത്തിനെ അമര്‍ത്തിക്കൊണ്ട് കടിച്ചു പിടിച്ചു കിടക്കുന്ന അത് Textഅവനെ ജീവിതകാലം നിവരാന്‍ സമ്മതിക്കില്ല. ഒരര്‍ത്ഥത്തില്‍ സ്വന്തം ജീവിതവ്യഥകള്‍ക്ക് പങ്കാളിയിലൂടെ ഒരു മാംസരൂപം നല്‍കുകയായിരുന്നുവോ നിങ്ങള്‍? തീരാവ്യഥകളുമായി ഇവന്‍ ഭൂമുഖത്ത് വന്നു വീഴണമെന്ന് ഒരച്ഛന് ആവശ്യപ്പെടാന്‍ സാധിക്കുമായിരിക്കും. എന്നാല്‍, ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്കത് അസാദ്ധ്യമാണ്. തീരുമാനിക്കൂ…”

ഡോക്ടര്‍ പറയുകയാണ്. രണ്ടാമതൊരുവട്ടം ആ റിപ്പോര്‍ട്ടിലേക്കു നോക്കാന്‍ എനിക്കു കഴിഞ്ഞില്ല. അറ്റമില്ലാത്തൊരു നൂലുമാതിരി തന്റെ കണ്ണീര്‍ വലിച്ചു നീട്ടാനിടയുള്ള ഭാര്യ കുഴപ്പം വല്ലതുമുണ്ടോ എന്നു ചോദിക്കുന്നു. പ്രശ്നം ഭാര്യയോട് അവതരിപ്പിക്കാന്‍ നിങ്ങള്‍ക്കാവുമോ എന്ന് ഡോക്ടര്‍. അതിനിടയില്‍ ഞാനെവിടെയാണ്? എനിക്ക് എന്നെ കാണാനാകുന്നില്ല. എന്തോകയറി വളര്‍ന്നതുപോലെ എന്റെ മുതുക് കുനിഞ്ഞുവരുകയാണ്. ഞാന്‍തന്നെ പറയാമെന്ന് വെറും ഞാന്‍. വെറുങ്ങലിച്ചവന് വിവേകത്തിന്റെ ബാദ്ധ്യതകളില്ലെന്ന് സ്വര്‍ഗ്ഗത്തിലെ മേലനങ്ങാത്ത മാലാഖമാര്‍ കാതുനോക്കി പിറുപിറുക്കുന്നതുപോലെ. എന്നോടൊന്നും പറയേണ്ടെന്ന് ഭാര്യ. ”ഒന്നും അറിയിക്കാതെ അകത്തു നിന്ന് എന്തുവേണമെങ്കില്‍ എടുത്തുകളഞ്ഞോളൂ” എന്ന് അവള്‍. തൂക്കാന്‍ വിധിക്കുന്ന ജഡ്ജിയുടെ വേഷത്തില്‍ അവിടെ കാണുന്നത് എന്നെയാണ്.

”ശരി, വിധി നടപ്പാക്കിക്കൊള്‍ക.” അതു പറഞ്ഞ നാവിന്റെ മുന ഞാനൊടിച്ചുവിടുന്നു. ഓപ്പറേഷന്‍ തിയേറ്ററിനകത്തേക്കു നീങ്ങിപ്പോകുമ്പോള്‍ അവള്‍ കഷ്ടം എന്ന് നോക്കുന്നു. വിധിച്ചവന്റെവ്യഥയോടെ വരാന്തയില്‍ ഞാന്‍ തനിയെ. ആകാശമേഘങ്ങളെപ്പോലെ കാലമെത്രയോ മുന്‍പിന്‍ നോക്കാതെ ദിശയില്ലാദൂരങ്ങളെ നോക്കി പറന്നുപോകുകയാണ്. ഓപ്പറേഷന്‍ തിയേറ്ററിനകത്ത് എന്തൊക്കെയോ സംഭവിച്ചിരിക്കണം, ”അവനെ കാണണോ?” എന്ന് എന്നോടായി സിസ്റ്റര്‍. തുണിപ്പൊതിയില്‍ അവന്‍. ജീവനില്ല. അതില്ലാതെയും അവന്റെ ദൃഷ്ടി എന്റെ മുഖത്ത്. വേദനയുടെ ഭാരവുമായി കിനിഞ്ഞുകിടപ്പാണ്.
ഒരു കൊച്ചു മാംസക്കഷണത്തിന് എന്തിനിത്ര വേഗം രൂപം വെച്ചു?

ഇതൊരു സ്വപ്നമല്ല. ശരിക്കും എന്റെ ജീവിതമാണ്. മറൂള എന്ന കഥയില്‍ ഈ ജീവിതത്തെയാണ് ഞാന്‍ സ്വപ്നമാക്കിയത്. സ്വപ്നങ്ങളെ ജീവിതമാക്കിയും ജീവിതത്തെ സ്വപ്നമാക്കിയും കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ് ഞാന്‍. മുറിഞ്ഞ നാവുമായി ഓരോ കഥാകാരനും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത്തരം കഥകള്‍തന്നെയല്ലേ.

കൂവം എന്ന ഈ സമാഹാരത്തിലെ എല്ലാ കഥകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ എഴുത്താളന്റെ സ്പ്ന-ജീവിതങ്ങളെ മുറിനാവാല്‍ പറഞ്ഞുവെക്കുന്നവയാണ്. ഇതില്‍ വന്നുതൊടുന്ന വായനക്കാരന്റെ
കൈവിരലുകളില്‍ ഒരിറ്റു േചാരയോ സ്വപ്നപരാഗങ്ങളോ പറ്റിക്കൂടാനിടയുണ്ട്. പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ അത് സ്വന്തം ഹൃദയത്തിന്റെ തൂവാലയില്‍ തുടയ്ക്കുക.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.