DCBOOKS
Malayalam News Literature Website

‘ദി ബ്രെയിന്‍ ഗെയിം’ ; ഒരു ത്രില്ലര്‍ സിനിമ കാണുന്നത് പോലെ വായിച്ചു പോകാവുന്ന പുസ്തകം

മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന് അമേയ സിറിൽ എഴുതിയ വായനാനുഭവം 

ഇത് ജനപ്രിയ സാഹിത്യത്തിന്റെ ഒരു സുവര്‍ണ കാലഘട്ടമാണെന്നു തോന്നുന്നു, പ്രത്യേകിച്ച് അപസര്‍പ്പക സാഹിത്യ മേഖല. തോമസ് ടി അമ്പാട്ടിനെയും, കോട്ടയം പുഷ്പനാഥിനെയും എന്ന് തുടങ്ങി എന്‍ കെ ശശിധരന്‍ , ബാറ്റണ്‍ ബോസ് ശ്രേണിയിലൂടെ മലയാള അപസര്‍പ്പക സാഹിത്യം കയറിയിറങ്ങിയ എഴുത്തു വഴികള്‍ പലതുണ്ട്. തുടര്‍ന്ന് വന്ന വഴിത്താരകളെയും രചന ശൈലികളെയും തച്ചുടച്ചും ഉടച്ചു വാര്‍ത്തും മലയാള സാഹിത്യം അതിന്റെ വഴി മാറ്റി വെട്ടുകയാണ്. എന്നാല്‍ അതില്‍ നിന്നും അല്‍പ്പം വ്യത്യസ്തമാണ് പുതു തലമുറയുടെ എഴുത്ത്. ഫേസ് ബുക്ക് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് പലപ്പോഴും എഴുത്തുകാരില്‍ വന്ന മാറ്റങ്ങള്‍ തിരിച്ചറിയാറുള്ളത്. എന്നാല്‍ മലയാളത്തിലെ മുന്‍ നിര Textപ്രസാധകരുടെ പുതിയ മുദ്രണത്തിലൂടെ കാലികമായ മാറ്റത്തോടെ തന്നെ ഈ മേഖല നവീകരിയ്ക്കപ്പെടുന്നു എന്ന് പറയുമ്പോള്‍ ആശാവഹമായ ഒരു മാറ്റമായി തന്നെ തോന്നുന്നു. ആംഗലേയ സാഹിത്യത്തില്‍ എന്നും അത്രമേല്‍ സ്വീകാര്യതയുള്ള കുറ്റാന്വേഷണ സാഹിത്യത്തിന് മലയാളത്തില്‍ അംഗീകാരം ലഭിച്ചു തുടങ്ങുന്നത് കണ്ടു നില്ക്കാന്‍ അല്‍പ്പം ആഹ്ലാദം കൂടുതലുണ്ട്.

കഴിഞ്ഞ ദിവസം ഡി സി യുടെ ഏറ്റവും പുതിയ മുദ്രണത്തില്‍ പുറത്തിറങ്ങിയ ഏഴു പുസ്തകങ്ങള്‍ ആലുവയില്‍ നടന്ന ലൈബ്രറി കൗണ്‍സില്‍ പുസ്തക മേളയില്‍ നിന്നും ഒന്നിച്ചാണ് വാങ്ങിയത്. മലയാള ഭാഷയില്‍ സാധാരണ സ്ത്രീകളധികം കൈവച്ചു കാണാത്തതും ആംഗലേയത്തില്‍ ഏറ്റവും കൂടുതല്‍ എഴുത്തു നടത്തുന്നതുമായ ഒരു ഴോനറാണ് കുറ്റാന്വേഷണ സാഹിത്യം. ആ ബോധ്യമുള്ളതുകൊണ്ടു തന്നെ ഒരു സ്ത്രീ എഴുതിയ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ തന്നെയാണ് ആദ്യം വായിയ്ക്കാനെടുത്തത്, പുസ്തകത്തിന്റെ പേര് ‘ദി ബ്രെയിന്‍ ഗെയിം ‘ ഓഥേര്‍, മായാ കിരണ്‍.

കൃത്യം മൂന്നു മണിക്കൂര്‍ ഒറ്റയിരുപ്പില്‍ സംഭവം വായിച്ചു കഴിഞ്ഞു. ഈ നോവല്‍ പറഞ്ഞു പോവുന്നത് വര്‍ത്തമാന കാല പരിതസ്ഥിതിയില്‍ വളരെ പ്രാധാന്യമര്ഹിയ്ക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ്, അതായത് സമൂഹ മാധ്യമങ്ങളുടെ ചൂഷണത്തെക്കുറിച്ച്, ഒളിഞ്ഞിരിയ്ക്കുന്ന ചതികളെയും , നിസ്സാരവല്‍ക്കരിയ്ക്കുന്ന അശ്രദ്ധകളെക്കുറിച്ച്. ഈ ബുക്കിനെ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ എന്ന് പറയുന്നതിലും എനിയ്ക്കിഷ്ടം ഒരു ടെക്‌നോ ക്രൈം ത്രില്ലര്‍ എന്ന് വിളിയ്ക്കാനാണ്, അതൊരുപക്ഷേ എന്റെ പ്രവര്‍ത്തന മേഖല ഐ ടി ആയതുകൊണ്ടുമാവാം. വ്യത്യസ്തങ്ങളായ പല സംഭവങ്ങളുടെയും പശ്ചാത്തലത്തിലൂടെ പറഞ്ഞു പോവുന്ന കഥയുടെ എല്ലാ ഭാഗത്തും എഴുത്തുകാരി യാഥാര്‍ഥ്യത്തിന്റെ ഒരു വെളിച്ചം കാത്തു വയ്ക്കുന്നതുകൊണ്ടു തന്നെ ഉറപ്പിച്ചു പറയാനാകുന്ന ഒരു കാര്യമുണ്ട്, ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്നത്. സൂക്ഷിച്ചേ മതിയാവൂ, ടെക്‌നോളജിയുടെ കടന്നുകയറ്റത്തെ. നാളെ നിസ്സാരവല്‍ക്കരിയ്ക്കാതെ ചേര്‍ത്ത് പറയേണ്ടി വന്നേക്കാം, സ്വകാര്യതയൊക്കെ ഒരു മിത്ത് അല്ലേ എന്ന്?

മറ്റൊന്ന്, എഴുത്തുകാരിയുടെ ചടുലമായ രീതിയില്‍ കഥപറയാനുള്ള കഴിവിനെ അഭിനന്ദിച്ചേ മതിയാവൂ. കാരണം സമയം എന്നത് ഇന്ന് ഒരു വലിയ സമ്പാദ്യമാണ്. അങ്ങനെയുള്ളപ്പോള്‍ മുടക്കുന്നതിന് അനുസരിച്ചൊരു റിട്ടേണ്‍ പ്രതീക്ഷിയ്ക്കുന്നത് സ്വാഭാവികം. ചുരുക്കത്തില്‍ വായനയും എഴുത്തും പഴയതിലും സജീവമാവുന്ന ഈ ഒരു കാലഘട്ടത്തില്‍ ഒരു ത്രില്ലര്‍ സിനിമയുടെ ചടുലതയോടെ ഇത്തരം ഒരു പുസ്തകം കയ്യിലെത്തുമ്പോള്‍ ഒരു ജിഗാ ബൈറ്റ് സിസ്റ്റത്തെ കാര്‍ന്നു തിന്നുന്ന വൈറസിന്റെ മനസ്സാണ് എനിയ്ക്ക്, വായിച്ചു തീര്‍ത്ത് മടക്കുമ്പോഴും മനസ്സില്‍ ഒരു വാചകം സൂക്ഷിച്ചു വയ്ക്കാനാവുന്നതും ഒരു സുഖം. എത്ര ഫോര്‍മാറ്റ് ചെയ്താലും മായ്ചുകളയാനാവാത്തത് ഇത്തരം ചില വായനകളാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ 

Comments are closed.