DCBOOKS
Malayalam News Literature Website

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’; പുസ്തകചര്‍ച്ച ഇന്ന്

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’യെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 25ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. ബെന്യാമിന്‍, ലക്ഷ്മി ദിനചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ എന്ന നോവല്‍ പ്രത്യേകതകളേറെയുള്ള നിര്‍മ്മാണവൈഭവത്തോടെയാണ് വായനക്കാരുടെ കൈകളിലെത്തിയത്. തിരുവിതാംകൂർ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയിൽ, പുതിയ കാലത്തിൽ നമ്മൾ കേൾക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമം എന്ന് തരകൻസ് ഗ്രന്ഥവരിയെ ഒറ്റവരിയിൽ വിശേഷിപ്പിക്കാം. ആദിയും അന്ത്യവും മദ്ധ്യവും ഇല്ലാത്ത, ഏത് എവിടെ എങ്ങനെ ആയിരിക്കാം എന്ന് വായനക്കാർക്ക് നിശ്ചയിക്കാവുന്ന, അല്ലെങ്കിൽ അവർ മുൻ നിശ്ചയമില്ലാതെ കൈയ്യിലെടുന്ന അധ്യായം അറിയാതെ ഒരു ക്രമം നിശ്ചയിക്കുന്ന 120 ഗ്രന്ഥവരികളാണ് ഈ നോവലിനുള്ളത്.

അതിനർത്ഥം ഇതിൽ ഒരു കഥാക്രമമോ സമയസൂചികയോ ഇല്ല എന്നല്ല, അത് വളരെ യാദൃശ്ചികമായ ക്രമവ്യത്യാസത്തോടെ ഓരോ വായനക്കാരന്റെയും കൈകളിൽ എത്തിപ്പെടുന്നു എന്നുമാത്രം. എന്നുപറഞ്ഞാൽ ഒരു വായനക്കാരൻ വായിക്കുന്ന, മനസിലാക്കുന്ന രീതിയിലേ ആവില്ല മറ്റൊരാൾ വായിക്കുകയും കഥ മനസിലാക്കുകയും ചെയ്യുന്നത്. ഒരാൾ തന്നെ രണ്ടുതവണ വായിച്ചാലും ആ മനസിലാക്കൽ രീതി വ്യത്യസ്തമായിരിക്കും. 120 ഗ്രന്ഥവരികളും വായിച്ചു പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് കഥ എന്താണെന്ന ഒരു പൂർണ്ണരൂപം മനസിലാവുകയും ചെയ്യും.

Comments are closed.