DCBOOKS
Malayalam News Literature Website

തന്റെ സാഹിത്യപ്രവര്‍ത്തനം തമിഴ് ഭാഷയ്ക്കുള്ള ആദരം: തമിഴച്ചി തങ്കപാണ്ഡ്യന്‍

ഷാര്‍ജ: തന്റെ സാഹിത്യപ്രവര്‍ത്തനം തമിഴ് ഭാഷയ്ക്കുള്ള ആദരമാണെന്ന് എഴുത്തുകാരിയും തമിഴ്‌നാട്ടില്‍നിന്നുള്ള ലോക്‌സഭാംഗവുമായ തമിഴച്ചി തങ്കപാണ്ഡ്യന്‍. കവയിത്രി, തമിഴച്ചി എന്ന പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു തമിഴച്ചി തങ്കപാണ്ഡ്യന്‍.

അക്ഷരങ്ങളെയും പുസ്തകങ്ങളെയും കുറിച്ച് സംസാരിച്ച തമിഴച്ചി തങ്കപാണ്ഡ്യന്‍ പുസ്തകമേളകളുടെ പ്രസക്തിയും പ്രാധാന്യവും വിവരിച്ചു. ഷാര്‍ജ പുസ്തകമേളയുടെ ഉപജ്ഞാതാവും രക്ഷാധികാരിയുമായ ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കുറിച്ച് പരാമര്‍ശിക്കവെ, ലോകചരിത്രത്തില്‍ പുസ്തകങ്ങളെ സ്‌നേഹിച്ച രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും ലോകനേതാക്കളെയും തമിഴച്ചി തങ്കപാണ്ഡ്യന്‍ സംവാദത്തില്‍ അനുസ്മരിച്ചു.

സാംസ്‌കാരികമായ ഐകരൂപ്യം പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ, ഓരോ ഭാഷയും ദേശവും സ്വന്തം സാംസ്‌കാരികവ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കണമെന്ന് തമിഴച്ചി തങ്കപാണ്ഡ്യന്‍ അഭിപ്രായപ്പെട്ടു. ഒരു ഭാഷയും ഒരു സംസ്‌കാരവും മറ്റൊന്നിനായി തോറ്റുകൊടുക്കേണ്ട ആവശ്യമില്ല. തമിഴിന്റെ സ്വത്വം ഇല്ലാതാക്കുന്ന തരത്തില്‍ ഏത് ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും അതിനെ എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

സ്വന്തം രചനകള്‍ താന്‍ ജീവിച്ചുപരിചയിച്ച പശ്ചാത്തലങ്ങളിലുള്ളവയാണ്. എഴുത്തിലെ നൈസര്‍ഗ്ഗികത നഷ്ടപ്പെടാതിരിക്കാനാണ് തായ്‌മൊഴിയായ തമിഴില്‍ത്തന്നെ താന്‍ എഴുതുന്നത്. മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലീഷില്‍ സാഹിത്യരചന നടത്തിയാല്‍ കിട്ടിയേക്കാവുന്ന സാര്‍വ്വദേശീയ അംഗീകാരം തനിക്കാവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

തിരുവള്ളുവരും തന്തൈ പെരിയാറും ജവഹര്‍ലാല്‍ നെഹ്രുവും പുസ്തകങ്ങളെ ജീവന് തുല്യം സ്‌നേഹിച്ചവരായിരുന്നുവെന്ന് തമിഴച്ചി അനുസ്മരിച്ചു.ഇളങ്കോ അടികള്‍, കമ്പര്‍ തുടങ്ങിയ മഹാരഥന്മാര്‍ മുതല്‍ ജയകാന്തന്‍ വരെയുള്ള പല തലമുറകള്‍ തങ്ങളുടെ രചനകളിലൂടെ തമിഴ് സാഹിത്യത്തെ പരിപോഷിപ്പിച്ചവരാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഗില്‍ഗാമേഷ്, മെസപ്പൊട്ടോമിയന്‍ കാലഘട്ടങ്ങളിലും തമിഴ് ഭാഷ ലോകഭാഷകളുടെ തന്നെ മാതാവെന്ന നിലയില്‍ പരിലസിച്ചിരുന്നുവെന്ന് തമിഴച്ചി പറഞ്ഞു. ലോകത്തിന് സാംസ്‌കാരികപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത് തമിഴ് ഭാഷയാണെന്നും ഇന്‍ഡോ-ആര്യന്‍ ഭാഷകളുടെ മാതാവാണ് തമിഴെന്ന് പ്രശസ്തരായ പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അപരനെ ശത്രുവായി കാണുന്ന ആധുനികകാലത്ത് പുസ്തകമേളകള്‍ അനിവാര്യമായ കൂടിച്ചേരലുകളാണെന്നും പുസ്തകങ്ങള്‍ മനുഷ്യമനസ്സുകളെ ഒരുമിപ്പിക്കുമെന്നും തമിഴച്ചി അഭിപ്രായപ്പെട്ടു. ആശയങ്ങളും ആദര്‍ശങ്ങളും കാലദേശാന്തരങ്ങള്‍ കടന്ന് ലോകമാകെ വ്യാപിച്ചതും, മനുഷ്യര്‍ പരസ്പരം അറിഞ്ഞതും പുസ്തകങ്ങള്‍ വഴിയാണ്. വിശ്രുതനായ ഇംഗ്ലീഷ് കവി ഷെല്ലിയെ പുസ്തകങ്ങളിലൂടെയാണ് തമിഴ് സാഹിത്യപ്രതിഭയായ ഭാരതീദാസന്‍ വായിച്ചറിഞ്ഞത്. ഷെല്ലിദാസന്‍ എന്നറിയപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഭാരതീദാസനെ ഷെല്ലിയുടെ ആരാധകനാക്കിയത് ഷെല്ലിയുടെ കവിതാപുസ്തകങ്ങളാണ്. ‘മരുഭൂമിയിലെ സിംഹം’ എന്നറിയപ്പെടുന്ന ലിബിയയിലെ ഉമര്‍ മുക്താര്‍ സദാസമയവും പുസ്തകപാരായണം നടത്തിയിരുന്ന വ്യക്തിയാണ്. ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ പടപൊരുതിയ അദ്ദേഹം ശത്രുക്കളാല്‍ വധിക്കപ്പെടുന്നതുവരെ പുസ്തകങ്ങള്‍ ഒപ്പം കരുതിയിരുന്നു.

ജീവിതത്തിന്റെ അവസാനനിമിഷം വരെ പുസ്തകങ്ങള്‍ വായിച്ചിരുന്ന ഭഗത് സിങ്ങിന്റെ ജീവിതവും നമ്മെ പുസ്തകങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു. രാഷ്ട്രനേതാക്കളില്‍ ജവഹര്‍ലാല്‍ നെഹ്‌റു, ആര്‍.രാധാകൃഷ്ണന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരെല്ലാം മികച്ച വായനക്കാരായിരുന്നു. ഗ്രീക്ക് കവിയായ ഹോമര്‍ എഴുതിയ ‘ഇലിയഡ്’ എന്ന കാവ്യം സൂക്ഷിച്ചുവയ്ക്കാനാണ്, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തനിക്ക് സമ്മാനമായി കിട്ടിയ തങ്കപേടകം ഉപയോഗിച്ചത്.

യുദ്ധത്തിന് പോകുമ്പോള്‍ പോലും, പേര്‍ഷ്യന്‍ രാജാവായിരുന്ന അബ്ദുല്‍ ഇസ്മായില്‍, നാനൂറോളം ഒട്ടകങ്ങളെ ഉപയോഗിച്ച് ഒരു ലക്ഷത്തിപ്പതിനേഴായിരത്തോളം വരുന്ന തന്റെ പുസ്തകശേഖരം വായിക്കാനായി ഒപ്പം കൊണ്ടുപോകുമായിരുന്നു. പുസ്തകം വാങ്ങിയാല്‍ മാത്രം പോരാ, ആ പുസ്തകങ്ങളില്‍ അടങ്ങിയിരിക്കുന്ന ആശയത്തെ ആദരിക്കുകയും വരും തലമുറയ്ക്ക് പകര്‍ന്നുനല്കുകയും വേണമെന്ന് തമിഴച്ചി തങ്കപാണ്ഡ്യന്‍ പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ അതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ലോക്‌സഭാംഗം എന്ന നിലയിലും കവയിത്രി എന്ന നിലയിലും അഭിമാനിക്കുന്നു എന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഒപ്പം തനിക്ക് മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയ ഷാര്‍ജ ഭരണാധികാരിക്കും അവര്‍ നന്ദി രേഖപ്പെടുത്തി. റേഡിയോ അവതാരകരായ നാഗയും നിവേദയും സമ്മേളനപരിപാടിയുടെ അവതാരകരായിരുന്നു. ഡി.എം.കെ. നേതാവ് അന്‍വര്‍ അലി സ്വാഗതം പറഞ്ഞു. അലാ ഹസന്‍ ഇസാ ജാസിം അല്‍ സുആദ് അടക്കമുള്ള വിശിഷ്ടവ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments are closed.