DCBOOKS
Malayalam News Literature Website

രണ്ടച്ഛന്‍മാരുടെയും ഒരു അമ്മയുടെയും മകനായി അവന്‍ വളര്‍ന്നു; മൂന്നാം വയസ്സുവരെ മാത്രം…

‘സമ്മതിക്കുന്നു; ഞാനൊരു മാനസിക രോഗ കേന്ദ്രത്തിലെ അന്തേവാസിയാണ്; എന്റെ സൂക്ഷിപ്പുകാരന്‍ വാതിലിലുള്ള ദ്വാരത്തിലൂടെ എപ്പോഴും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കും; എന്നാല്‍ അയാളുടെ തവിട്ട് ഒളിയുള്ള കണ്ണുകള്‍ക്ക് നീലക്കണ്ണുകളുള്ള എന്നെപ്പോലുള്ളവരുടെ ഉള്ളിലേക്ക് എത്തിനോക്കുവാന്‍ ആവില്ല.’

ഇത് ഓസ്കര്‍ മറ്റ്സെറാത്ത്. അതോ ഓസ്കര്‍ ബ്രോണ്‍സ്കിയോ. ഓസ്കറിന്റെ അമ്മ ആഗ്നസിനു പോലും അക്കാര്യം തീര്‍ച്ചയില്ല. അവര്‍ വിവാഹം കഴിച്ചത് മറ്റ്സെറാത്തിനെ. എന്നാല്‍ ജാന്‍സ് ബ്രോണ്‍സ്കി യുമായുള്ള പ്രേമബന്ധം അവര്‍ ജീവിതകാലത്തുടനീളം നിലനിര്‍ത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ ആഗ്നസിന്റെ ഒരു വശത്ത് മറ്റ്സെറാത്ത് ഉണ്ടായിരുന്നെങ്കില്‍ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു ജാന്‍സ് ബ്രോണ്‍സ്കി. അതുകൊണ്ടുതന്നെ സ്വന്തം അച്ഛനാരെന്ന് ഓസ്കറിനു തീര്‍ച്ചയില്ല. ആഗ്നസിനു തീര്‍ച്ചയില്ല. മറ്റ്സെറാത്തിനും ബ്രോണ്‍സ്കിക്കും തീര്‍ച്ചയില്ല. രണ്ടച്ഛന്‍മാരുടെയും ഒരു അമ്മയുടെയും മകനായി അവന്‍ വളര്‍ന്നു; മൂന്നാം വയസ്സുവരെ മാത്രം.

മൂന്നാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് വീട്ടില്‍ വച്ചുണ്ടായ ഒരു അപകടത്തില്‍ ഓസ്കറിന്റെ വളര്‍ച്ച നിലച്ചു. പിന്നീടവന്‍ ശരീരത്തില്‍ വളര്‍ന്നിട്ടേയില്ല: എന്നാല്‍ മാനസികമായി സാധാരണ എല്ലാ മനുഷ്യരെയും പോലെ വളര്‍ന്നുകൊണ്ടുമിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ വെറുമൊരു കുള്ളന്‍ മാത്രമായ ഓസ്കര്‍ സന്തത സഹചാരിയായ ചെണ്ടയില്‍ കഥ പറയുകയാണ്. സ്വന്തം കുടുംബത്തിന്റെ, ജർമനിയിലെ ഡാന്‍സിഗ് എന്ന പ്രദേശത്തിന്റെ, നാസി ഭരണകാലത്തിന്റെ, ഹിറ്റ്ലറിന്റെ കിരാത ഭരണത്തിന്റെ, രണ്ടാം ലോകമഹായുദ്ധ ത്തിന്റെ, യുദ്ധാനന്തര ജര്‍മനിയുടെയും ലോകത്തിന്റെയും.. അതാണ് ടിന്‍ഡ്രം അഥവാ തകരച്ചെണ്ട എന്ന നോവല്‍.

Textലോകസാഹിത്യത്തിലെ ഏറ്റവും കുഞ്ഞന്‍ കഥാപാത്രമാണ് ഓസ്കര്‍. വെറും മൂന്നടി ഒരിഞ്ചുകാരന്‍. മൂന്നാം വയസ്സില്‍ വളര്‍ച്ച മുരടിച്ചവന്‍. മുപ്പതാം വയസ്സിലും മൂന്നു വയസ്സുകാരനായി മാത്രം പരിഗണിക്കാന്‍ വിധിക്കപ്പെട്ട ഇയാള്‍ ഒരു മാനസിക രോഗ കേന്ദ്രത്തിലെ വലിയ കട്ടിലില്‍ വളരെക്കുറച്ചു സ്ഥലം മാത്രം ഉപയോഗിച്ചു കിടക്കുന്നു. അയാള്‍ ഒറ്റയ്ക്കല്ല. കൂടെയൊരു തകരച്ചെണ്ടയുണ്ട്. ആ ചെണ്ടയാണ് അയാള്‍ക്കുവേണ്ടി സംസാരിക്കുന്നത്. ആ ചെണ്ടയെ കൊട്ടിയുണര്‍ത്തിയപ്പോള്‍ അതു പറഞ്ഞ കഥകളാണ് തകരച്ചെണ്ട എന്ന നോവല്‍. ഗ്യുന്തര്‍ ഗ്രാസ് എന്ന എഴുത്തുകാരനെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയ പ്രശസ്ത കൃതി.

പേടിസ്വപ്നങ്ങള്‍ നിറഞ്ഞ നാസി ഭരണകാലത്തെക്കുറിച്ചായിരിക്കും ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിട്ടുണ്ടാകുക. ചിത്രങ്ങളായും സിനിമകളായുമൊക്കെ മറ്റു കലാരൂപങ്ങളില്‍ ഉണ്ടായിട്ടുള്ള ആവിഷ്കാരങ്ങള്‍ വേറെ. എന്നാല്‍ ഏറ്റവും നിഷ്പക്ഷമായ രചനകളില്‍ പോലും കാണാത്ത ഉള്‍ക്കാഴ്ചയും നിരീക്ഷണങ്ങളും ഒരു മൂന്നടി രണ്ടിഞ്ചുകാരനിലൂടെ അവതരിപ്പിച്ചതാണ് ഗ്യുന്തര്‍ ഗ്രാസ് എന്ന എഴുത്തുകാരനെ ലോക സാഹിത്യത്തിലെ ഏറ്റവും ഉന്നതമായ പുരസ്കാരത്തിലേക്ക് എത്തിച്ചത്; നൊബേല്‍ സമ്മാനത്തിലേക്ക്.

1959 ലാണ് ടിന്‍ഡ്രം എന്ന നോവല്‍ പുറത്തുവരുന്നത്. അതിനു മുന്‍പ് ഒരു കവിതാ സമാഹാരവും നാടകവുമാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. എന്നാല്‍ ടിന്‍ഡ്രം എന്ന നോവല്‍ ഒരു പുതിയ നോവലിസ്റ്റിനെ ലോകത്തിനു സംഭാവന ചെയ്തു. പുതിയൊരു എഴുത്തുകാരനെ; നിലവിലിരുന്ന എല്ലാ മാതൃകകളില്‍നിന്നും മാറി വ്യത്യസ്തമായി എഴുതുകയും കഥ പറയുകയും ചെയ്ത രാഷ്ട്രീയക്കാരനായ നോവലിസ്റ്റിനെ.

യുദ്ധാനന്തര ജര്‍മനിയുടെ രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട് ഗ്രാസ്. ഒരുകാലത്ത് നാസി പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത് അദ്ദേഹം രഹസ്യമാക്കിയിട്ടുമില്ല. എന്നാല്‍ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മുകളില്‍ ആത്മാര്‍ഥതയും മനുഷ്യത്വത്തോടുള്ള പക്ഷപാതിത്വവും ഏറ്റവുമുയരത്തില്‍ അദ്ദേഹം തന്റെ തകരച്ചെണ്ടയിലൂടെ പ്രഖ്യാപിച്ചു. കുറ്റബോധത്തില്‍നിന്നും പശ്ചാത്താപത്തില്‍നിന്നും ജനിച്ച കൃതി. ജര്‍മന്‍ ചരിത്രത്തിന്റെ ഗര്‍ഭത്തില്‍നിന്ന് വാരിവലിച്ചിട്ട തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ശവശരീരങ്ങളും. അതദ്ദേഹത്തെ ഏറ്റവും ഉന്നത പുരസ്കാരത്തിലും എത്തിച്ചു.

59 ല്‍ പ്രസിദ്ധീകരിച്ച നോവല്‍ വൈകിയാണ് പൂര്‍ണരൂപത്തില്‍ മലയാളത്തിലെത്തുന്നത്. ഈ പരിഭാഷയുടെ പ്രത്യേകത ജര്‍മന്‍ ഭാഷയില്‍ നിന്ന് മലയാളത്തിലേക്കു നേരിട്ടു വിവര്‍ത്തനം ചെയ്തിരിക്കുന്നു എന്നതാണ്. കെ.സി. വില്‍സനാണ് എണ്ണൂറോളം പേജുകളുള്ള നോവലിന്റെ മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത്.

പ്രശംസ ലഭിച്ചതുപോലെതന്നെ നിന്ദയും പരിഹാസവും വിമര്‍ശനവും നേരിട്ടിട്ടുള്ള കൃതിയാണ് തകരച്ചെണ്ട. പല വിവര്‍ത്തനങ്ങളിലും പലരും പല ഭാഗങ്ങളും ഒഴിവാക്കുകയും ചെറിയ മാറ്റങ്ങള്‍ വരുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇത് എഴുത്തുകാരനെ അങ്ങേയറ്റം വിഷമിപ്പിച്ചു. 2005 ല്‍ അദ്ദേഹം വിവര്‍ത്തകരെ വിളിച്ചുകൂട്ടി ആശയവിനിമയം നടത്തി. അതിനുശേഷമാണ് സമഗ്രവും ആധികാരികവും പൂര്‍ണവുമായ തകരച്ചെണ്ട വിദേശ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. അക്കാലത്ത്, വിവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍വേണ്ടി ഗ്രാസ് തന്റെ നോവല്‍ വീണ്ടും വായിച്ചു. 50 വര്‍ഷത്തിനുശേഷം ഒരു എഴുത്തുകാരന്‍ തന്റെ തന്നെ കൃതി വീണ്ടും വായിക്കുക. ആശങ്കയോടെ തുടങ്ങിയെങ്കിലും സന്തോഷത്തോടും ആശ്ചര്യത്തോടും കൂടി അദ്ദേഹം നോവല്‍ വായനപൂര്‍ണമാക്കി. അതേ വികാരങ്ങളാണ് ഏതു വിദൂര രാജ്യത്തെ വായനക്കാരും തകരച്ചെണ്ട വായിക്കുമ്പോള്‍ ഇപ്പോള്‍ അനുഭവിക്കുന്നതും.

പാരിസില്‍വച്ചാണ് ഗ്രാസ് തകരച്ചെണ്ട എഴുതിപ്പൂര്‍ത്തിയാകുന്നത്. ജര്‍മനിയിലെ അപ്രശസ്തമായ ഒരു ചെറിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കഥ നടക്കുന്നത്. ജര്‍മന്‍ പ്രാദേശിക ഭാഷാപ്രയോഗങ്ങള്‍ ഒട്ടേറെയുണ്ട്.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വ്യത്യസ്തമായ രചനാശൈലികൊണ്ടും ഭാവനാശേഷികൊണ്ടും ലോകസാഹിത്യത്തെ വിസ്മയിപ്പിച്ച ഗ്യുന്തര്‍ ഗ്രാസിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മലയാള പരിഭാഷ, ‘തകരച്ചെണ്ട ‘യ്ക്ക് ജി പ്രമോദ് എഴുതിയ വായനാനുഭവം.
കടപ്പാട് ; മനോരമ ഓൺലൈൻ

Comments are closed.