DCBOOKS
Malayalam News Literature Website

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി; തൃശൂരില്‍ പൂജാരി പിടിയില്‍

തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഫോണിലൂടെ വധഭീഷണി. സംഭവത്തില്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റിലായി. രാഷ്ട്രപതി നാളെ തൃശൂര്‍ സെന്റ് തോമസ് കോളെജിലെ ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ വേദിയില്‍ ബോംബ് വെക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു ഇയാള്‍ വധഭീഷണി മുഴക്കിയത്. ഫോണ്‍ നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തിയ പൊലീസ് അപ്പോള്‍തന്നെ പ്രതിയെ പിടികൂടി. പിടിയിലായ ജയരാമനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യലഹരിയിലാണ് താന്‍ ഫോണ്‍ വിളിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇന്നലെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും കേരളത്തിലെത്തിയത്. ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ട് കൊച്ചിയിലേക്കും അവിടെ നിന്ന് തൃശൂരിലേക്കും തിരിക്കും. അതേസമയം വധഭീഷണിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Comments are closed.