DCBOOKS
Malayalam News Literature Website

പ്രതിമകള്‍ തകര്‍ക്കുന്നത് സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമണമാണെന്ന് ടി എം കൃഷ്ണ

ലെനിന്റെയും അംബേദ്കറുടെയും പെരിയോറുടെയും പ്രതിമകള്‍ തകര്‍ക്കുന്നത് സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമണമാണെന്ന് പ്രശസ്ത സംഗീതജ്ഞന്‍ ടി എം കൃഷ്ണ. കലാകാരന്‍ മാസങ്ങള്‍ നീണ്ട സപര്യയ്‌ക്കൊടുവിലാണ് പ്രതിമ പൂര്‍ത്തിയാക്കുന്നത്. ഇതാണ് രണ്ടു നിമിഷംകൊണ്ട് തകര്‍ത്തെറിയുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യം ഇവിടെ ഇല്ലാതാവുകയാണ്. ഇക്കാര്യം ആരും ചര്‍ച്ചചെയ്യുന്നില്ലെന്നും കൃഷ്ണ പറഞ്ഞു. എറണാകുളത്ത് നടക്കുന്ന കൃതിസാഹിത്യവിജ്ഞാനോത്സവത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രാജ്യത്ത് കലാകാരന്മാര്‍ എന്താണോ ചെയ്യേണ്ടിയിരുന്നത് അത് ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതാണ് അസഹിഷ്ണുതയും ആക്രമണവും വര്‍ധിക്കാന്‍ കാരണം. കലയെ വിമര്‍ശവിധേയമാക്കാന്‍ കലാകാരന്മാര്‍ തയ്യാറായില്ല. ഇത് ഫാസിസ്റ്റ് ആശയങ്ങള്‍ ഉപയോഗിച്ച് കലയെ വഴിതെറ്റിക്കാന്‍ സമ്മതം നല്‍കലായി. ചോദ്യംചെയ്യാന്‍ മടിക്കാതിരിക്കുക, ഭയരഹിതനായിരിക്കുക, സ്വാതന്ത്ര്യസമത്വ ബോധമുണ്ടാവുക എന്നിവയാണ് കലാകാരന്മാരില്‍നിന്ന് ഇന്നത്തെ സമൂഹം പ്രതീക്ഷിക്കുന്നത്. താന്‍ ദേശീയതയിലോ രാജ്യസ്‌നേഹത്തിലോ വിശ്വസിക്കുന്നില്ലെന്നും മനുഷ്യത്വത്തില്‍ മാത്രമാണ് വിശ്വാസമെന്നും ടി എം കൃഷ്ണ പറഞ്ഞു.

കേരളം പല കാര്യങ്ങളിലും മാതൃകയായ സംസ്ഥാനമാണ്. ഇവിടെ എല്ലാ മതവിശ്വാസികളും തുല്യസ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്നു. ഇത്തരം അവസ്ഥയാണ് രാജ്യത്തൊട്ടാകെ വേണ്ടത്. കേരളത്തിലായിരിക്കുമ്പോള്‍ ഞാന്‍ വളരെയധികം സുരക്ഷിത്വവും സമാധാനവും അനുഭവിക്കുന്നു. കലാകാരന്മാര്‍ക്ക് വളരാന്‍ മികച്ച സാഹചര്യങ്ങള്‍ ഇവിടെയുണ്ട്. പക്ഷെ കേരളത്തെയും ഫാസിസ്റ്റ്ശക്തികള്‍ ലക്ഷ്യമിട്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ഉണ്ടാകണം ടി എം കൃഷ്ണ പറഞ്ഞു. ഏകരൂപത്തിലുള്ള സവര്‍ണഹിന്ദുത്വം എന്ന ആശയം ഇന്ത്യയില്‍ നടപ്പാക്കാനാണ് വലതുപക്ഷ ആശയം പിന്തുടരുന്ന ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. ഇതു ചെറുക്കാന്‍ ദ്രാവിഡര്‍, മുസ്ലിങ്ങള്‍, ദളിത്, ആദിവാസി, ഭാഷാന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരെല്ലാം ഒരുമിക്കണം. സ്ത്രീകളെയും ഇതിനൊപ്പം അണിനിരത്തണമെന്ന് ടി എം കൃഷ്ണ പറഞ്ഞു.

Comments are closed.