DCBOOKS
Malayalam News Literature Website

നൊബേല്‍ പുരസ്‌കാരം; പീറ്റര്‍ ഹാന്‍കെയെ ന്യായീകരിച്ച് സ്വീഡിഷ് അക്കാദമി

ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെക്ക് 2019-ലെ നൊബേല്‍ പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് സ്വീഡീഷ് അക്കാദമി. ഹാന്‍കെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും രക്തച്ചൊരിച്ചിലിന് പിന്തുണ നല്‍കിയിട്ടില്ലെന്ന് അക്കാദമി വ്യക്തമാക്കി. പുരസ്‌കാരം വിവാദ വിഷയമായപ്പോള്‍ സ്വീഡിഷ് അക്കാദമി തലവന്‍ മാറ്റ്‌സ് മാം ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പുരസ്‌കാരത്തിനായി പീറ്റര്‍ ഹാന്‍കെയെ തിരഞ്ഞെടുത്തതിനെതിരെ അല്‍ബേനിയ, ബോസ്‌നിയ, ക്രൊയേഷ്യ, കൊസോവോ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഹാന്‍കെയ്ക്ക് പ്രഖ്യാപിച്ച പുരസ്‌കാരം റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ‘നൊബേല്‍ സമ്മാനം കാരണം ഛര്‍ദ്ദി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.

സെര്‍ബുകള്‍ നടത്തിയ വംശഹത്യയില്‍ പങ്കുള്ള, അന്താരാഷ്ട്ര യുദ്ധകോടതി യുദ്ധകുറ്റവാളിയായി കണ്ടെത്തിയ സെര്‍ബിയന്‍ മുന്‍ പ്രസിഡന്റ് സ്ലോബോഡന്‍ മിലോസെവികിന്റെ ആരാധകനായാണ് ഹാന്‍കെ അറിയപ്പെടുന്നത്. ബോസ്‌നിയന്‍ മുസ്‌ലിം വംശഹത്യക്ക് നേതൃത്വം നല്‍കിയ മിലോസെവികിനെ ന്യായീകരിച്ചതിന്റെ പേരില്‍ സല്‍മാന്‍ റുഷ്ദി അടക്കമുള്ള നിരവധി പ്രശസ്ത എഴുത്തുകാര്‍ ഹാന്‍കെയെ വിമര്‍ശിച്ചിട്ടുണ്ട്. മിലോസെവികിന്റെ മരണവേളയില്‍ അദ്ദേഹത്തെ ന്യായീകരിച്ച് സംസാരിച്ച ഹാന്‍കെയുടെ പ്രസംഗവും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

Comments are closed.