DCBOOKS
Malayalam News Literature Website

#KLF 2019 വേദിയില്‍ സ്വാമി അഗ്നിവേശും പത്മപ്രിയയുമായുള്ള അഭിമുഖസംഭാഷണം

കലയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും ഉത്സവഛായ തീര്‍ക്കുന്ന നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെത്തുന്നു. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളി‍ലെ സജീവമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ സ്വാമി അഗ്‌നിവേശുമായുള്ള അഭിമുഖ സംഭാഷണം സാഹിത്യോത്സവത്തിന്റെ ഭാഗമായുണ്ട്. കെ.എല്‍.എഫിന്റെ മൂന്നാം ദിനമായ ജനുവരി 12-ന് അദ്ദേഹം അതിഥിയായി എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത നടിയും നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ പത്മപ്രിയയാണ് സ്വാമി അഗ്നിവേശുമായി അഭിമുഖം നടത്തുന്നത്.

1939 സെപ്റ്റംബര്‍ 21ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജനിച്ച സ്വാമി അഗ്‌നിവേശ് നിയമം, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ആര്യസമാജ നിയമപ്രകാരം 1970ല്‍ ആര്യസഭ രൂപീകരിച്ചുകൊണ്ടാണ് സ്വാമി അഗ്‌നിവേശ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നത്. 1977ല്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1979ല്‍ കാബിനറ്റ് മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. നിരവധി സാമൂഹ്യവിഷയങ്ങളില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന സ്വാമി അഗ്‌നിവേശ് മതന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായും സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ബാലവേല, സ്ത്രീകളുടെ അവകാശസംരക്ഷണം, ദലിതരുടെ ക്ഷേത്രപ്രവേശനം എന്നീ വിഷയങ്ങളില്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്.

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്നു. കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

കാലിക വിഷയങ്ങളും സാഹിത്യവും കലയും എല്ലാം ചര്‍ച്ചയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  പങ്കെടുക്കാന്‍  താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.