DCBOOKS
Malayalam News Literature Website

അതിര്‍ത്തിയില്‍ പാക് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; രണ്ടു പേരെ വധിച്ചു

പ്രതീകാത്മകചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറി ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. നൗഗാം സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. സൈനികയൂണിഫോമില്‍ നുഴഞ്ഞുകയറ്റത്തിനെത്തിയവര്‍ക്കു മറയായി ശക്തമായ വെടിവെയ്പ്പും പാക്കിസ്ഥാന്‍ നടത്തിയിരുന്നു.

ശക്തമായ ചെറുത്തുനില്‍പ്പു നടത്തിയ ഇന്ത്യന്‍ സൈന്യം പാക് സംഘത്തിലുണ്ടായിരുന്ന രണ്ടു പേരെ വധിക്കുകയായിരുന്നു. കൂടുതല്‍പേര്‍ ഉണ്ടോയെന്ന് വ്യക്തമല്ല. മൃതദേഹങ്ങള്‍ തിരികെക്കൊണ്ടുപോകാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുമെന്ന് സൈനികവക്താവ് പറഞ്ഞു.

നിയന്ത്രണരേഖയ്ക്കു സമീപം കാടിന്റെ മറവിലൂടെയാണ് പാക്കിസ്ഥാനി ബോര്‍ഡര്‍ ആക്ഷന്‍ ടീം ആക്രമണത്തിനെത്തിയത്. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരുന്ന ഇന്ത്യന്‍ സൈന്യം പെട്ടെന്നു തന്നെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് തിരിച്ചടിച്ചു. വധിച്ചവരുടെ പക്കല്‍നിന്ന് വന്‍തോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തു. ഇതില്‍നിന്നാണ് നൗഗാം സെക്ടറിലെ സൈനികപോസ്റ്റിനു നേരെ വന്‍ ഏറ്റുമുട്ടലിനു സജ്ജരായാണ് അവര്‍ എത്തിയതെന്നു വ്യക്തമായത്. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

നിയന്ത്രണരേഖയിലെയും രാജ്യാന്തര അതിര്‍ത്തിയിലെയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ രൂപീകരിച്ച സൈനികരും തീവ്രവാദികളും ഉള്‍പ്പെടുന്ന ചെറിയ ഗ്രൂപ്പാണ് പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം.

Comments are closed.