DCBOOKS
Malayalam News Literature Website

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ വിധിന്യായത്തിന്റെ പരിഭാഷ

എഴുത്തുകാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു രേഖ ഈയിടെ പുറത്തുവന്നു. അതൊരു കോടതിവിധിയാണ്. ഇന്ത്യയുടെ പരമോന്നതനീതിപീഠം സര്‍ഗ്ഗാത്മകതയെക്കുറിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ശക്തവും സുചിന്തിതമായ അഭിപ്രായമാണ് ഒരു വിധിന്യായത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. എസ്. ഹരീഷിന്റെമീശ‘ എന്ന നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ബഞ്ചിന്റെ വിധിന്യായമാണത്. ഡോ. ജോസഫ് കെ. ജോബാണ് ഈ വിധിന്യായം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പരിസ്ഥിതിബോധത്തെക്കുറിച്ച് ലോകത്തുണ്ടായ ഏറ്റവും മനോഹരമായ രേഖയായി അറിയപ്പെടുന്നത് റെഡ് ഇന്ത്യന്‍ വംശജനായ സിയാറ്റിന്‍ മൂപ്പന്‍ സാമ്രാജ്യത്വവാദികള്‍ക്കെഴുതിയ ‘ഞങ്ങള്‍ നിങ്ങള്‍ക്കു ഭൂമി വിറ്റാല്‍…?’ എന്ന കുറിപ്പാണ്. ഭൂമിയുടെമേലും മറ്റു മനുഷ്യരുടെ മേലും പടര്‍ന്നേറുന്ന അധിനിവേശ
ത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരേ ശക്തമായ നിലാപാടെടുക്കാന്‍ ഏതു ജനതയ്ക്കും ഊര്‍ജ്ജം പകരുന്നവയാണ് മൂപ്പന്റെ വാക്കുകള്‍. കാലമേറെ കഴിഞ്ഞിട്ടും ആ വാക്കുകള്‍ക്ക് യാതൊരുവിധ ശക്തിക്ഷയവും സംഭവിച്ചിട്ടില്ല.

സമാനമായ രീതിയില്‍, എഴുത്തുകാരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായ ഒരു രേഖ ഈയിടെ പുറത്തുവന്നു. അതൊരു കോടതിവിധിയാണ്. ഇന്ത്യയുടെ പരമോന്നതനീതിപീഠം സര്‍ഗ്ഗാത്മകതയെക്കുറിച്ചും ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ശക്തവും സുചിന്തിതമായ അഭിപ്രായമാണ് ഒരു വിധിന്യായത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജി തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ബഞ്ചിന്റെ വിധിന്യായമാണത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബഞ്ച് നോവലിന്റെ പ്രസിദ്ധീകരണം തടയുന്നതിന് ഒരു യുക്തിയുമില്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. (എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് മറ്റു രണ്ടുപേര്‍). എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെയോ സര്‍ഗ്ഗാത്മക വ്യവഹാരങ്ങളയോ പിടിച്ചു
നിര്‍ത്താനാവില്ലെന്ന് അസന്ദിഗ്ധമായി കോടതി വിധിച്ചു.

അണയുന്നതിനു മുമ്പുള്ള ആളല്‍ എന്ന പ്രയോഗത്തെ അന്വര്‍ത്ഥകമാക്കുന്ന മട്ടില്‍ ദീപക് മിശ്ര തന്റെ ഔദ്യോഗികജീവിതത്തിന്റെ അന്തിമഘട്ടത്തില്‍ ശ്രദ്ധേയമായ മൂന്ന്-നാല് കോടതിവിധികള്‍ കൊണ്ടുവന്നിട്ടുണ്ട്. 2018 സെപ്റ്റംബര്‍ അഞ്ചിനാണ്, ‘മീശ’യ്‌ക്കെതിരേയുള്ള ഹര്‍ജി തള്ളിക്കളഞ്ഞ് എഴുത്തുകാരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ഈ വിധിയും വരുന്നത്.

വോള്‍ട്ടയറുടെ വാക്കുകള്‍ നിരത്തിയാണ് കോടതി വിധിപ്രസ്താവം അവസാനിപ്പിച്ചത്-‘നിങ്ങള്‍ പറയുന്നത് ഒരു പക്ഷേ, എനിക്ക് സ്വീകാര്യമാകണമെന്നില്ല, എന്നാല്‍ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശം നിലനിന്നുകിട്ടാന്‍ മരിക്കുവോളം ഞാനുണ്ടാകും.’

കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍, ‘മാതൃഭൂമി’ എന്നിവരെ എതിര്‍കക്ഷികളാക്കി ബി.ജെ.പി. സൗത്ത് ഇന്‍ഡ്യന്‍ സെല്ലിന്റെ കണ്‍വീനറും ഡല്‍ഹി എന്‍.എസ്.എസ്. വികാസ് പുരി കരയോഗം സെക്രട്ടറിയുമായ എന്‍. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ബഞ്ച് തള്ളിയത്. ക്ഷേത്രദര്‍ശനത്തിനു പോകുന്ന സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് നോവലിലെ ചില സംഭാഷണങ്ങളെന്ന പരാതിക്കാരന്റെ വാദത്തെ ‘അടിത്തറയില്ലാത്ത കെട്ടിടനിര്‍മ്മാണം’ എന്ന് കോടതി പരിഹസിച്ചു. യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതെങ്കിലും ഒരു വായനക്കാരന് ഏതു കൃതിയിലും അശ്ലീലവും സദാചാരവിരുദ്ധതയും മാന്യതയില്ലായ്മയും ദര്‍ശിക്കാന്‍ കഴിഞ്ഞേക്കാമെന്ന് കോടതി കണ്ടെത്തി. ആഴ്ചപ്പതിപ്പിന്റെ പ്രതികള്‍ തിരഞ്ഞുപിടിച്ച് കണ്ടുകെട്ടണമെന്ന വാദവും നോവലിന്റെ മറ്റു രൂപത്തിലുള്ള പ്രസിദ്ധീകരണം നിരോധിക്കണമെന്ന വാദവും കോടതി തള്ളിക്കളഞ്ഞു.

ചരിത്രരേഖയായി മാറിയ ഈ വിധിന്യായം ദേശീയതലത്തില്‍ ‘ദി ഹിന്ദു’ മുഖ്യവാര്‍ത്തയാക്കിയപ്പോള്‍, മലയാളപത്രങ്ങള്‍ക്കു പ്രാധാന്യമുള്ള വാര്‍ത്തയായില്ല.

ശ്രദ്ധേയമായ ആ വിധിന്യായത്തിന്റെ വിവര്‍ത്തനമാണിത്. ഒരു നിയമപ്രമാണം എന്ന നിലവിട്ട് കാവ്യലക്ഷണം, കാവ്യഹേതു, കാവ്യപ്രയോജനം, ആഖ്യാനം, വ്യാഖ്യാനം, വായന എന്നിവയെല്ലാം സ്പര്‍ശിക്കുന്ന, സൂക്ഷ്മമായി അപഗ്രഥിക്കുന്ന കാവ്യമീമാംസാപരമായ പ്രബന്ധം തന്നെയാണിത്. എഴുത്തുകാരുടെ ഭാവനാവിലാസത്തിന് പരിധി നിശ്ചയിക്കരുതെന്ന് അടിവരയിട്ടു പറയുന്ന ഒരു വിധിന്യായം.

1.ഭരണഘടനാപരമായി സാധ്യതയുള്ള ഏതെങ്കിലുമൊരു നിയമത്തിന് വിരുദ്ധമാകാത്ത വിധത്തില്‍ ഒരു എഴുത്തുകാരന് തന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിനിയോഗിക്കാന്‍ ഇവിടെ അവകാശമുണ്ട്. ചിലപ്പോള്‍ അതൊരു നോവലാകാം, ഒരു മഹാകാവ്യമോ കവിതാസമാഹാരമോ ആകാം. ഒരു നാടകമാവാം, ഒരു ചെറുകഥയോ നീണ്ടകഥയോതന്നെയാകാം. ഉപന്യാസമോ ഒരു ലഘുകുറിപ്പോ എന്തുമാകാം. എന്തുതന്നെയായാലും ഒരു രചയിതാവിന് എഴുത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് ഒരു പരിഷ്‌കൃതസമൂഹത്തിന് എന്നും പ്രിയപ്പെട്ടതാണ്. സമൂഹം അതിന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാനിഷ്ടപ്പെടുന്ന ഒന്നാണത്. അതുകൊണ്ട് ആ സ്വാതന്ത്ര്യത്തിനു വരുന്ന നേരിയ ഇടിവുപോലും സമൂഹത്തിന് അനിഷ്ടകരമായി തോന്നിയേക്കാം.

ജസ്റ്റിസ്. ദീപക് മിശ്ര

ഒരു പ്രത്യേക മതവിഭാഗത്തിലെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ആഭാസകരമായ പ്രസ്താവനകളുള്ളതിനാല്‍ ഒരു പുസ്തകംതന്നെ നിരോധിക്കപ്പെടണമെന്ന ആവശ്യമാണ് ഇവിടെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജിയിലുള്ളത്. സര്‍ഗ്ഗാത്മകതയും അതിന് സമൂഹത്തിലുള്ള സ്വാധീനവും പരാമര്‍ശവിധേയമായിട്ടുള്ള, ഭരണഘടനയുടെ 32-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണിത്. സര്‍ഗ്ഗാത്മകതയും ആവിഷ്‌കാരസ്വാതന്ത്ര്യവും ഊന്നിപ്പറയുന്ന രണ്ട് സുപ്രധാന വിധികള്‍ ഇവിടെ വന്നിട്ടുണ്ട്. പ്രയോഗറിയലിസത്തിന്റെ (Practical realism) തത്ത്വങ്ങള്‍ എപ്രകാരമാണ് സര്‍ഗ്ഗസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതെന്നും സംസ്‌കാരത്തിന്റെ ആധാരശിലയായ സര്‍ഗ്ഗസ്വാതന്ത്ര്യം കാത്തുപരിപാലിക്കപ്പെടേണ്ടതും പരിപോഷിക്കപ്പെടേണ്ടതുമാണെന്ന് ആ വിധിപ്രസ്താവങ്ങളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുള്ള എഴുത്തുകാരുടെ അവകാശം ഏതെങ്കിലും വിധത്തില്‍ വെട്ടിച്ചുരുക്കുന്നത് അത്യന്തം ആശങ്കാജനകമാണ്.

2. ദേവീദാസ് രാമചന്ദ്ര തുല്‍ജാ പുര്‍ക്കാറും മഹാരാഷ്ട്രസംസ്ഥാനവും തമ്മിലുള്ള കേസ്സില്‍ സാഹിതീയസ്വാതന്ത്ര്യം അഥവാ കവി നിരങ്കുശത്വം എന്താണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്: ”സാഹിത്യകാരന്മാര്‍ എഴുത്തിലെടുക്കുന്ന സ്വാതന്ത്ര്യവിനിയോഗം (പോയറ്റിക് ലൈസന്‍സ് എന്ന് ഇംഗ്ലിഷില്‍) നിയമഭാഷയിലുള്ള ലൈസന്‍സ് പോലെയാണെന്ന് ധരിക്കരുത്. അങ്ങനെ ഒരു ലൈസന്‍സ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. എഴുത്തുകാരുടെ സ്വാതന്ത്ര്യം സാഹിതീയ മണ്ഡലത്തിലെ ഒരു പ്രയോഗവിശേഷം മാത്രമാണെന്ന് ധരിക്കണം. കവിതയുടെ അടിസ്ഥാനസങ്കല്പനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ് എഴുത്തുകാരന്‍ എടുത്തുപയോഗിക്കുന്നത്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വിട്ടകന്നു നില്‍ക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വ്യാകരണനിയമങ്ങളില്‍നിന്ന് പറന്നകലാനും വൃത്തനിബദ്ധമായ കാവ്യപന്ഥാവുവിട്ട് വിരാജിക്കാനും മനോധര്‍മ്മമനുസരിച്ച് പദങ്ങളെ കൂട്ടിച്ചേര്‍ക്കാനും അര്‍ത്ഥപുഷ്ടിക്കുവേണ്ടി പ്രചാരലുപ്തമായ പദങ്ങളുപയോഗിക്കാനും തികച്ചും അയഥാര്‍ത്ഥമായ ആശയങ്ങളെ പുരാവൃത്തത്തിന്റെ ചിറകിലൊതുക്കാനും പ്രാസമോ താളമോ ഇല്ലാത്ത പുതുവഴി വെട്ടാനും പരിഹാസവും ഉപഹാസവും ആക്ഷേപഹാസ്യവും ശ്ലോഷോക്തിയും ഉപമയും രൂപകവുമൊക്കെ തരാതരം പ്രയോഗിക്കാനും എഴുത്തുകാരന് സ്വാതന്ത്ര്യമുണ്ട്. ”എന്നും ഭുജിക്കുമീയപ്പമീ ജീവിതം” എന്നോ ”ഉള്ളി പൊളിച്ചപോല്‍ ഐഹികജീവിതം” എന്നോ ”സമൂഹം സ്റ്റിയുപോലെയാണെന്നോ” ഒക്കെ ആശയങ്ങള്‍ നിറച്ച് ബലൂണുകള്‍ ആകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് പറത്തിവിടാം. സ്വന്തം ഭ്രമകല്പനകളിലെ യുക്തിവിചാരങ്ങളോട് കലഹിക്കാം. ഭാവനാത്മകയാഥാര്‍ത്ഥ്യം കൊണ്ടുതീര്‍ത്ത കാല്പനികലോകങ്ങളില്‍ വിഹരിക്കാം. സാധര്‍മ്മ്യത്തിന്റെ സാര്‍വലൗകികദൃഷ്ടിയില്‍ അഭിരമിക്കുകയും ചെയ്യാം. തനിക്കിഷ്ടപ്പെട്ടവിധത്തിലും താന്‍ മനസ്സിലാക്കിയ വിധത്തിലും ഒരാള്‍ക്ക് കാവ്യാസ്വാദനം നടത്താം.

”ഇന്നലെ രാത്രിയില്‍ ഞാന്‍ അനശ്വരത ദര്‍ശിച്ചു” എന്നൊരു കവിയെഴുതിയാല്‍ ‘അനശ്വരത’യെ ആരും സാമാന്യാര്‍ത്ഥത്തിലെടുക്കുകയില്ല. ഹാംലെറ്റിന്റെ ചോദ്യത്തിന് നിരവധി അടരുകളുണ്ട്. ഓരോന്നിനും നിരവധി അര്‍ത്ഥങ്ങള്‍ നല്‍കാന്‍ കഴിഞ്ഞേക്കാം. പരമ്പരാഗതമോ ആധുനികമോ വൈയക്തികമോ ആയ അര്‍ത്ഥഭേദങ്ങളും നല്‍കാം. ഒരു നാടകകൃത്തിന്റെയോ കവിയുടെയോ എഴുത്തുകാരന്റെയോ ചിന്തകളുടെ സ്വതന്ത്രവിഹാരം തടയാന്‍ ആര്‍ക്കും കഴിയുകയില്ല. എഴുത്തുകാരെപ്പോലെ നിരൂപകരും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നത് (അതിന്റെ മൂല്യം എന്തായാലും ശരി) തടയാന്‍ ആര്‍ക്കും കഴിയുകയില്ല. ഒരു വിഷയത്തെക്കുറിച്ച് ക്ലാസ്സിക്കല്‍ ബോധ്യങ്ങളോടെയാവും ഒരാള്‍ ആലോചിക്കുന്നത്. അതിഭൗതികതലത്തിലാവും ഇതരന്‍ ആലോചിക്കുന്നത്. ഷെല്ലിയോ കീറ്റ്‌സോ ബൈറനോ മനസ്സിലാക്കിയതുപോലെ കാല്പനികയുക്തിയോടെയാവും മറ്റുചിലര്‍ കാര്യങ്ങള്‍ മനസ്സിലാക്കുക. വേര്‍ഡ്‌സ് വര്‍ത്തിനെപ്പോലെ പ്രകൃതിയോട് സംവദിക്കുന്ന മട്ടിലാവും ചിലരുടെ ചിന്തകള്‍. ചിലപ്പോള്‍ പ്രബോധനാത്മകമായേക്കാം അത്. അലക്‌സാണ്ടര്‍ പോപ്പിനെപ്പോലെയോ ഡ്രൈഡനെപ്പോലെയോ എഴുതാന്‍ ചിലര്‍ ശ്രമിച്ചെന്നുവരാം. എസ്രാ പൗണ്ടിനെയും എലിയറ്റിനെയും പാബ്ലോ നെരൂദയെയുംപോലെ വൈയക്തികാധുനികതയുടെ രീതി അവലംബിച്ചും എഴുതിയെന്നു വരാം. ഈ വ്യത്യസ്തതകളൊക്കെയാണ് സാഹിതീയസ്വാതന്ത്ര്യം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

3. ‘സത്യം, ശിവം, സുന്ദരം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സിനിമയുടെ നിര്‍മ്മാതാക്കളും കേസ്സില്‍ പരാതിക്കാരുമായ രാജ്കപൂര്‍ അടക്കമുള്ളവര്‍ക്കെതിരേ സ്വീകരിക്കപ്പെട്ട ക്രിമിനല്‍ നടപടിക്രമങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഇപ്രകാരം നിരീക്ഷിച്ചിരിക്കുന്നു:
നിയമവിജ്ഞാനപ്രകാരം പറയുകയാണെങ്കില്‍, ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ അനുശാസിക്കുന്ന നിയമം എന്നത് സമൂഹത്തിന്റെ സാംസ്‌കാരികവിധികളുടെ പ്രതിഫലനമായിരിക്കണം. മറിച്ച് സൗന്ദര്യാവിഷ്‌കാരങ്ങളെയോ സര്‍ഗ്ഗസൃഷ്ടിവ്യാപാരങ്ങളെയോ ഒന്നും ഭരണകൂടംതന്നെ തളച്ചിടുന്ന തരത്തിലുള്ളതായിരിക്കരുത് അത്. ധര്‍മ്മം എന്ന നൈയമികമൂല്യം സര്‍ഗ്ഗാത്മകാന്വേഷങ്ങളുടെ വിളനിലമാണെന്ന് തിരിച്ചറിയുകയാണ് ഇവിടെ നാം. ധര്‍മ്മം എന്ന ഈ മൂല്യം നിലനില്‍ക്കുന്ന സദാചാരബോധത്തിന്റെയും സന്മാര്‍ഗ്ഗത്തിന്റെയും പ്രബുദ്ധസമൂഹത്തിന്റെ സമ്മതികളുടെയും സമ്യക്കായ മേളനമാണ്. പ്രശസ്ത നിയമവിശാരദനായ ജോണ്‍ ഓസ്റ്റീന്‍ പറയുന്ന തരത്തിലുള്ള പോസിറ്റീവായ നിയമങ്ങള്‍ക്കെതിരേ ജനങ്ങള്‍ നെയ്‌തെടുത്ത പൊതുചട്ടങ്ങളാണവ. ക്രോഡീകരിക്കപ്പെട്ട നിയമസംഹിതകള്‍ക്കപ്പുറത്ത് ഏറെ പരിവേഷത്തോടെയും സ്വയം നിര്‍ണ്ണയാവകാശത്തോടെയും അത് നിലനില്‍ക്കുന്നുണ്ട്. കോടതികളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം ധര്‍മ്മാചാരങ്ങളെന്തെന്ന് നിര്‍ണ്ണയിക്കുന്നത് മൗലികസ്വാതന്ത്ര്യത്തെത്തന്നെ നിഹനിക്കുന്ന തരത്തില്‍ വിപല്‍ക്കരമാകാം. നമ്മുടെ ഭരണഘടനാവ്യവസ്ഥയുടെ അടിസ്ഥാനതത്ത്വമാണ് അഭിപ്രായസ്വാതന്ത്ര്യമെന്നത്. നമ്മുടെ സാമാന്യമര്യാദകളും മാന്യതയും സദാചാരബോധവുമൊക്കെ ആ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുമുണ്ട്. കലയില്‍ ക്രമസമാധാനപാലനം നടത്തുന്നതിന് സാമൂഹികചലനാത്മകത (Social dynamics) യ്ക്ക് നിയമചലനാത്മകത(Legal dynamics) വഴികാട്ടിയാവുന്നു.

4. ജ്ഞാനിയായ ന്യായാധിപന്‍ ഇപ്രകാരം തുടര്‍ന്നു: ”അശ്ലീലതയെക്കുറിച്ചുള്ള കോടതിയുടെ വിലയിരുത്തലുകള്‍ യാഥാര്‍ത്ഥ്യവും ആപേക്ഷികതയും തമ്മിലുള്ള ബന്ധത്തെ എപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരിക്കണം. സമൂഹത്തിന്റെ വിശാലമാനവികബോധത്തോടാണ്, മറിച്ച്, നിയമത്തിന്റെ ശിക്ഷാനിര്‍ദ്ദേശങ്ങളോടല്ല അത് ബന്ധപ്പെട്ടു കിടക്കുന്നത്. യോഗാത്മകദര്‍ശനത്തോടെയോ താപസമന്ത്രങ്ങളോടെയോ ത്യാഗപരിത്യാഗങ്ങളോടെയോ മാത്രമല്ല മനുഷ്യര്‍ ജീവിക്കുന്നതെന്ന് സാമൂഹികശാസ്ത്രജ്ഞന്മാരും ‘ആത്മീയശാസ്ത്രജ്ഞ’ന്മാരും സമ്മതിക്കുന്നുണ്ട്. സൗന്ദര്യത്തോടുള്ള ആസക്തി, മൈത്രിയിലൂടെ ലഭിക്കുന്ന ഇന്ദ്രിയസുഖം, മിതമായ ജഡികാഭിലാഷങ്ങളുടെ അനുസാരം ഇവയൊക്കെ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. ഏതു കാര്യത്തിലും തീവ്രതയും ആധിക്യവും തിരിച്ചടികളുണ്ടാക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ‘Moderation is a fatal thing. Nothing succeeds like excess’ (മിതമായിരിക്കുന്ന അവസ്ഥ മാരകമായ കാര്യമാണ്, ആധിക്യംപോലെ വിജയിക്കുന്ന മറ്റൊന്നുമില്ല’) എന്ന ഓസ്‌കര്‍ വൈല്‍ഡിന്റെ വാക്കുകള്‍ സ്വീകരിച്ചുകൊണ്ട് കിറുക്കന്മാരായ ചില കലാകാരന്മാരും സിനിമ സംവിധായകരും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ട്. കഴമ്പൊന്നുമില്ല അതില്‍.” ”അന്തിമവിധിനിര്‍ണ്ണയവും അപ്രമാദിത്വവുമൊക്കെ കോടതികള്‍ക്ക് അതീതമാണെന്നാണ് ഇക്കാര്യങ്ങളില്‍നിന്നെല്ലാം നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.നിയമങ്ങളെ വ്യാഖ്യാനിക്കുകയും പ്രായോഗിക റിയലിസത്തിന്റെ അടിസ്ഥാനത്തില്‍ നിയമവത്കരണം നടത്തുകയുമാണ് കോടതികള്‍ ചെയ്യേണ്ടത്. അല്ലാതെ, കാല്പനിക ആദര്‍ശവാദമോ വിരക്തതീവ്രവാദ (recluse extremism)മോ നടത്തുകയല്ല.”

5. ഈ കേസ്സിലെ നിയമപ്രശ്‌നത്തെ പ്രായോഗിക റിയലിസത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ഉദ്ദേശിക്കുന്നതുകൊണ്ടാണ് മേല്‍ക്കൊടുത്ത രണ്ടു വിധിതീര്‍പ്പുകളെക്കുറിച്ച് ഇവിടെ സവിസ്തരം പറഞ്ഞത്. പ്രായോഗിക റിയലിസത്തെക്കുറിച്ചു പറയുമ്പോള്‍ അതിനെ സര്‍ഗ്ഗാത്മകതയുടെ പ്രകരണത്തില്‍ത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, നിലവിലെ റിട്ട് ഹര്‍ജി ഭരണഘടനയുടെ 32-ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തില്‍ നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെടുന്ന സാഹചര്യത്തില്‍. കോഴിക്കോടു
നിന്നു പ്രസിദ്ധീകരിക്കുന്നതും രാജ്യത്തിനകത്തും പുറത്തും വായിക്കപ്പെടുന്നതുമായ മലയാളത്തിലെ പ്രശസ്ത വാരികയായ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ‘മീശ’ എന്ന പേരിലുള്ള നോവല്‍ നിരോധിക്കണമെന്നാണ് റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

6. മേല്‍പ്പറഞ്ഞ സാഹിത്യകൃതി ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെ അവഹേളിക്കുന്നതും നിന്ദ്യമായി പരാമര്‍ശിക്കുന്നതുമാണെന്ന് ശക്തമായി വാദിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരങ്ങളെ തല്‍കൃതി വ്രണപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പരാതിക്കാര്‍ വാദിക്കുന്നത്. ‘മീശ’ എന്ന നോവലിലെ ഒരു ഭാഗം ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകളെ അപകീര്‍ത്തികരമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ അത് സമുദായത്തിന് അസ്വസ്ഥത പകരുന്നുവെന്നും പരാതിയില്‍ ഉറപ്പിച്ചു പറയുന്നു…

തുടര്‍ന്ന് വായിക്കാം

സുപ്രീം കോടതി വിധിന്യായത്തിന്റെ പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.