DCBOOKS
Malayalam News Literature Website

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലസാഹിത്യകാരി സുമംഗല (87) അന്തരിച്ചു .  അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

ലീലാ നമ്പൂതിരിപ്പാട് എന്നാണ് ശരിക്കുള്ള പേര്. സുമംഗല തൂലികാ നാമമാണ്. 1934ല്‍ പാലക്കാട് ജില്ലയിലെ വെള്ളിനേഴിയില്‍ ഒളപ്പമണ്ണ മനയില്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായിട്ടായിരുന്നു ജനനം. കുട്ടികള്‍ക്കായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പച്ചമലയാളം നിഘണ്ടു തയ്യാറാക്കി. കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചെയ്തു.

ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാര്‍ഡ് (നെയ്പായസം), കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാര്‍ഡ് (മിഠായിപ്പൊതി), ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (നടന്നു തീരാത്ത വഴികള്‍), കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം , ശൂരനാട് കുഞ്ഞന്‍പിള്ള പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

Comments are closed.