DCBOOKS
Malayalam News Literature Website

പ്രാണിയായും പറവയായും: സുധീഷ് കോട്ടേമ്പ്രം

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

സാഹിത്യബിരുദദാരിയായ രാമചന്ദ്രനാണ് കല പഠിക്കാനായി കേരളം വിടുന്നത്. അതുകൊണ്ടുതന്നെ സാഹിതീയമായ അന്വേഷണങ്ങളുടെ ഒരടരും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വിവിധ ഘട്ടങ്ങളിലായി കണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യന്‍ ആധുനിക കലയില്‍ രൂപം കൊണ്ട ആഖ്യാനപരത രാമചന്ദ്രന്റെ കലയിലും കാണാം. അവ കഥകളെയോ മിത്തിനെയോ സങ്കല്പത്തെയോ ചിത്രകലയുടെ സൂചികകളാക്കി. ചിലപ്പോള്‍ സാഹിത്യത്തില്‍നിന്ന് കലയിലേക്കും Pachakuthiraമറ്റുചിലപ്പോള്‍ കലയില്‍നിന്ന് സാഹിത്യത്തിലേക്കും നീട്ടിവെച്ച അനുഭൂതികളായിരുന്നു രാമചന്ദ്രന്റെ കലാലോകം എന്നും പറയാം. രവിവര്‍മ്മ മുതലുള്ള ചിത്രകാരന്മാരുടെ അനുഭൂതിചരിത്രം ഈ സാഹിതീയപ്രേരകങ്ങളില്‍ കാണാന്‍ കഴിയും.

ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ ഭാരതി ആര്‍ട്ടിസ്റ്റ് കോളനിയിലായിരുന്നു എ. രാമചന്ദ്രന്‍ ഏറെക്കാലമായി താമസിച്ചിരുന്നത്. പ്രഗല്ഭമതികളെ കാണാനോ സംസാരിക്കാനോ ഉള്ള അഭിവാഞ്ഛ പൊതുവേ ഇല്ലാതിരുന്നതുകൊണ്ടോ അതിനുള്ള അവസരങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറുന്നതുകൊണ്ടോ രാമചന്ദ്രനെ സന്ദര്‍ശിക്കുക എന്നത് എന്റെ ഡല്‍ഹി വാസകാലത്തൊന്നും പ്രചോദിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പ് യാദൃച്ഛികമായിവധേര ആര്‍ട്ട് ഗ്യാലറിയില്‍വച്ച് അദ്ദേഹത്തിന്റെയും ഭാര്യ ചമേലിയുടെയും ഒരു കലാപ്രദര്‍ശനം കണ്ടിറങ്ങിയപ്പോഴാണ് എ. രാമചന്ദ്രനുമായിസംസാരിക്കാനിടവന്നത്. ആ സംഭാഷണം പിന്നീട് ഒരു ചെറുസൗഹൃദമായി വളരുകയും ചെയ്തു.

ആധുനിക ഇന്ത്യന്‍ ചിത്രകലയില്‍ ‘വിജയിച്ച’ ചിത്രകാരന്മാരുടെ കൂട്ടത്തില്‍ തന്നെയാണ് എ. രാമചന്ദ്രന്റെ സ്ഥാനം. അത് സൗന്ദര്യശാസ്ത്രപരമായും സാംസ്‌കാരികമായും സാമ്പത്തികമായും രൂപംകൊണ്ട ഒരുകര്‍തൃപദവി തന്നെയായിരുന്നു. അഥവാ അനന്യമായിരിക്കാന്‍ ഒരു ചിത്രകാരന്‍ നടത്തിയ സര്‍ഗാത്മക സമരത്തിന്റെ കൂടി ഉല്‍പ്പന്നമായിരുന്നു രാമചന്ദ്രന്‍ എന്ന പേര്. മറ്റൊരു മഞ്ഞുകാലത്ത് ഭാരതി ആര്‍ട്ടിസ്റ്റ് കോളനിയിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ ഒരു പകല്‍ ചിലവഴിക്കാന്‍ സാധിച്ചു. ശാരീരിക അവശതകള്‍ അലട്ടുമ്പോഴും തന്റെ എണ്‍പതുകളെ വര്‍ണാഭമാക്കിക്കൊണ്ട് കടുംമഞ്ഞ പശ്ചാത്തലമുള്ള ഒരു നെടുനീളന്‍ Textക്യാന്‍വാസിനുമുന്നില്‍ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. അത്രയും തൊഴില്‍ബലം വേണ്ടുന്ന ഒരു പ്രക്രിയയിലാണ് രാമചന്ദ്രന്‍ ഏര്‍പ്പെട്ടിരുന്നത്. തിരക്കും വില്പനമൂല്യവുമുള്ള ഏത് ആര്‍ട്ടിസ്റ്റുകളെയും പോലെ കലാതൊഴിലാളികളെ ഏര്‍പ്പാടാക്കിയായിരിക്കും അദ്ദേഹത്തിന്റെയും പ്രവര്‍ത്തനം എന്ന എന്റെ നിഗമനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് അന്ന് ബോധ്യമായി.’അത്യാവശ്യം പാചകത്തിനൊഴികെ ആര്‍ട്ട് ചെയ്യാന്‍ ഞാന്‍ സഹായികളെയാരും വച്ചിട്ടില്ല’ എന്നദ്ദേഹം നര്‍മത്തോടെയും അല്പം വിമര്‍ശത്തോടെയും പറഞ്ഞു. താന്‍ തന്നെ ഡിസൈന്‍ ചെയ്ത ഒരു ആര്‍ട്ടിസ്റ്റ് സ്റ്റുഡിയോ ആയിരുന്നു അത്. വലിപ്പത്തിനനുസരിച്ച് ക്രമീകരിക്കാനും വേണ്ടയിടങ്ങളില്‍ ഇരുന്ന് വരയ്ക്കുവാനും സാധിക്കുന്ന ചുമര്‍ഫ്രെയിമിനകത്താണ് ക്യാന്‍വാസ് ഘടിപ്പിച്ചിരുന്നത്. അത് ആധുനികകലാകാരന്റെ ട്രേഡ് മാര്‍ക്കായ ഈസലിന്റെ പകര്‍പ്പായിരുന്നില്ല. മറിച്ച് ചുവര്‍ചിത്രകാരന്റെ ആധുനികവത്കരിച്ച വരയിടമായിരുന്നു.

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.