DCBOOKS
Malayalam News Literature Website

ആഗ്രഹമാണ് ലക്ഷ്യത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരി!

ആർ ഹരികുമാർ എഴുതിയ ഓർമ്മ പുസ്തകം ‘ഹരികഥ’യ്ക്ക്  സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം

ആർ ഹരികുമാർ എഴുതിയ ഓർമ്മ പുസ്തകമാണ് ‘ഹരികഥ‘. ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ പൊയ് അല്ല നിജം ആണ്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ആർ ഹരികുമാർ വായനക്കാരെ ചേർത്ത് നിർത്തി ജീവിതത്തിലെ ഉള്ളറകളിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ ,പിന്നിട്ട വഴികൾ, നേടിയ അനുഭവങ്ങൾ, വ്യക്തിത്വത്തെ രൂപപ്പെടുത്തിയ മാതാപിതാക്കളൂടെയെല്ലാം നടന്നു നീങ്ങുന്ന പുസ്തകം പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമായി മാറുന്നു.
പ്രഗല്ഭനായ ഒരു വ്യവസായി ആയി പരുവപ്പെട്ട തിനെ കുറിച്ച് ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയ പുസ്തകം സത്യസന്ധവും ഉൾക്കാഴ്ചയുള്ളതുമായ ഒരു വിജയ ഗാഥയാണ് .

Textജീവിതയാത്രയുടെ ഓരോ അദ്ധ്യായത്തിലും അച്ഛൻ വിളക്കുമാടമായിരുന്നു… അച്ഛന്റെ
നിശ്ചയദാർഢ്യവും നിരന്തരവുമായ ഓർമ്മപ്പെടുത്തലുകളുമാണ് വ്യവസായി എന്ന നിലയിലുള്ള എന്റെ നേട്ടങ്ങളുടെ നെടുംതൂണുകൾ എന്ന് പറയുമ്പോൾ ആ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഹൃദയത്തിന്റെ ഭാഷയിൽ ആണ് എഴുതിയിരിക്കുന്നത്. ഈ പുസ്തകം വിജയപരാജയങ്ങളുടെ കണക്കുകൂട്ടലല്ല… അമ്മയുടെ ചേർത്തു പിടിക്കലുകൾക്കും അച്ഛന്റെ അമൂല്യങ്ങളായ അദ്ധ്യായനങ്ങൾക്കുമുള്ള ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് തുടങ്ങുന്ന പുസ്തകം ആദ്യ വായനയിൽ തന്നെ മനസ്സിൽ കുടിയേറും. ഇന്നത്തെ തലമുറയ്ക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങൾ സന്തോഷത്തെയും ദുഃഖത്തേയും കോറിയിടുന്നത് വായനാസുഖം നൽകുന്നുണ്ട്. വിജയങ്ങളെക്കുറിച്ചുമാത്രം വീമ്പു പറയാനല്ല ഹരികുമാർ ഈ പുസ്‌തകം രചിച്ചിരിക്കുന്നത്. ഇച്ഛാശക്തിയും നീതിബോധവും അദ്ധ്വാനസന്നദ്ധതയും ജീവിതവിശ്വാസവുമുണ്ടെങ്കിൽ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാകുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദർഭങ്ങളും സംഭവങ്ങളും ബോധ്യ പ്പെടുത്തിത്തരും എന്ന് അവതാരികയിലൂടെ കെ ജയകുമാർ ഐ എ എസ് പറയുന്നു.

എല്ലാ ഉൽപ്പന്നങ്ങൾക്ക് പിന്നിലും ഒരു ഫാക്ടറിയുടെ ഹൃദയമിടിപ്പുണ്ട് എന്ന് നമ്മൾ വായിക്കുമ്പോൾ ആത്മാർത്ഥതയും സത്യ സന്ധതയും ഓരോ വാക്കിലും നമ്മുക്ക് വായിച്ചെടുക്കുവാൻ കഴിയും. എപ്പോഴും ഉയർന്ന ലക്ഷ്യം വെക്കുക കഠിനാധ്വാനം ചെയ്യുക നിങ്ങൾ നേടാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ശ്രദ്ധിക്കുക. നിങ്ങൾ തളരുമ്പോൾ ധൈര്യം നിലനിർത്തുക ഈ വാക്കുകൾ വായനക്കാർക്ക് ആവേശം പകരുന്നതാണ്.

വായനയെ ഏകാഗ്രതയോടെ മുന്നോട്ട് കൊണ്ടു പോകുന്നത് പുസ്തകത്തിലെ ലളിത സുന്ദരമായ ഭാഷാ ശൈലിയിലൂടെയാണ്. അമ്പലപ്പുഴ എന്ന നാടിനെ അടയാളപ്പെടുത്തി ഈ പുസ്തകത്തിന് വേറിട്ട മധുരവും, സുഗന്ധവുമേകുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹിത്യ സാംസ്ക്കാരിക മേഖലയിൽ നിരവധി സൗഹൃദങ്ങളും ഇതിൽ കോറിയിട്ടുണ്ട്. അമ്പലപ്പുഴ കുടുംബ വേദി 2024 ൽ ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം’ സമുചിതമായി ആഘോഷിക്കും എന്ന് പറഞ്ഞ് അവസാനിക്കുന്ന പുസ്തകം വായനക്കാരുടെ മനസ്സുകളിലേക്ക് മധുരം വാരി വിതറും. സ്വന്തം ഇച്ഛാശക്തി കൊണ്ടും കഠിനാദ്ധ്യാനം കൊണ്ടും ജീവിതത്തിൽ ഉന്നത വിജയം കൈവരിച്ച ആർ ഹരികുമാറിന്റെ ജീവിതകഥ എല്ലാവർക്കും പ്രചോദനം നൽകും. ജീവിതത്തിന്റെ നിർണ്ണായക നിമിഷങ്ങളും , വേദനകളും സംഘർഷങ്ങളും, നേട്ടങ്ങളും, ആനന്ദ മുഹൂർത്തങ്ങളെ കുറിച്ച് ആകർഷകമായ ഒരു കാഴ്ച്ചയാണ് അലങ്കാരങ്ങളേതുമില്ലാതെ ഈ ഓർമ്മക്കുറിപ്പ് നമ്മുക്ക് നൽകുന്നത്. കൂടെ നിന്നവരെയും,സ്വന്തം തൊഴിലാളികളെയും സ്നേഹിച്ച ഒരു മനുഷ്യസ്നേഹിയുടെ നേരിന്റെയും നന്മയുടെയും തുറന്നുപറച്ചിലാണ് ഹരികഥ എന്ന ഓർമ്മ പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.