DCBOOKS
Malayalam News Literature Website

ര എന്നക്ഷരത്തില്‍ തുടങ്ങുന്ന പേര്; ടി. കെ. ശങ്കരനാരായണന്‍ എഴുതിയ കഥ

ടി.കെ. ശങ്കരനാരായണന്‍
വര: നാസര്‍ ബഷീര്‍

ഹേമ സ്വയം മറന്നിട്ടെന്ന പോലെ വല്ലാത്തൊരു വേഗത്തില്‍ ജനലരികിലേക്ക് ചെന്ന് ആ ബംഗ്ലാവിലേക്ക് എത്തിച്ചു നോക്കി. കരിങ്കല്‍ച്ചുവരില്‍ Bharathiraja, Film Director
എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ഇവിടെ നിന്നാല്‍ കാണാം. വിശ്വാസം വരാതെ വീണ്ടും നോക്കി.

അവള്‍ക്കു പിന്നില്‍ കൂട്ടനിലവിളിയുയര്‍ന്നു എന്നൊക്കെ എഴുതിയാല്‍ കഥയാണെങ്കില്‍പോലും അത് അതിശയോക്തി കലര്‍ന്ന പ്രസ്താവമാണ്. നിലവിളിയോളമെത്തുന്ന ഒരു കൂട്ടക്കരച്ചിലുണ്ടായി എന്നത് സത്യം. ഉദ്യോഗം എന്ന നല്ല കാര്യത്തിനു വേണ്ടിയാണെങ്കില്‍ പോലും കുടുംബത്തില്‍ ഇതാദ്യമായി ഒരു ഇളവരശി വീടുവിട്ടു പോവുകയാണ്, മുക്കും മൂലയുമറിയാത്ത ചെന്നൈ പോലൊരു മഹാനഗരത്തിലേക്ക്. എങ്ങനെ കരയാതിരിക്കും? അമ്മ തുടങ്ങിവെച്ചത് അനിയത്തിമാരും യഥാക്രമം ജ്യേഷ്ഠനും അച്ഛനും ഏറ്റെടുത്തു. അങ്ങനെ അഞ്ചുപേരുടെ ശബ്ദം ഒന്നിനൊന്ന് ഉച്ചത്തിലുയര്‍ന്നപ്പോള്‍ അതൊരു കൂട്ടകരച്ചിലിന്റെ പ്രതീതിയുളവാക്കി.

pachakuthiraഹേമ ഒരിറ്റു കണ്ണീര്‍ വാര്‍ത്തില്ല. അവള്‍ ആശിച്ചു കിട്ടിയതായിരുന്നു ആ ജോലി. പ്രായത്തിന്റെ അര്‍ഹത നേടിയ അന്നു തൊട്ട് ബാങ്ക്, ഇന്‍ഷൂറന്‍സ്, റെയില്‍വെ പരീക്ഷകള്‍ ഒന്നു വിടാതെ എഴുതിയത് കുട്ടിക്കാലം തൊട്ടേ ഉദ്യോഗസ്ഥയാവണം എന്ന ലക്ഷ്യം മുന്നില്‍നിന്ന് നയിച്ചതുകൊണ്ട്. ഒന്നിലും നെല്ലിപ്പടി കാണാതെ നിരാശയായപ്പോള്‍ അച്ഛന്‍ ബുദ്ധി പറഞ്ഞു.

”ടി.ടി.സി മുടിച്ച് ടീച്ചര്‍ വേലക്ക് ട്രൈ പണ്ണേന്‍…”

ടീച്ചറുദ്യോഗം അവളുടെ തൊഴിലായിരുന്നില്ല. തൊഴിലെന്നാല്‍ അതിലൊരു വെല്ലുവിളി വേണം. അതുകൊണ്ടാണ് ലോകോത്തര മരുന്നു കമ്പനി പുതുതായി തുടങ്ങുന്ന തങ്ങളുടെ ഡിവിഷനിലേക്ക് പെണ്‍റെപ്പുമാരെ തിരയുന്നു എന്ന് പരസ്യം കണ്ടപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെ അപേക്ഷിച്ചതും അപേക്ഷ കിട്ടിയ അടുത്ത നിമിഷം വെബ് അഭിമുഖത്തിന് തയ്യാറായതും. അഭിമുഖം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ ജോലിയില്‍ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് മെയിലില്‍ വന്നു. ജോലി കിട്ടിയതിനേക്കാള്‍ അവളെ സന്തോഷിപ്പിച്ചത് ജോലി ചെയ്യേണ്ട സ്ഥലം കത്തില്‍ വായിച്ചപ്പോഴാണ്.

ചെന്നൈ !

”മദിരാശിയാ…” അമ്മക്ക് ആധി.
”അതുക്കെന്നാ… ഓവര്‍നൈറ്റ് ജേണി താനെ…” അമ്മയുടെ ആധിയെ രാത്രിദൂരത്തിന്റെ അളവ്
പറഞ്ഞ് അവള്‍ സമാളിച്ചു.

മനസ്സില്‍ രജനീകാന്തും കമല്‍ഹാസനും വിജയും വിക്രമും അജിത്തും തള്ളിക്കയറാന്‍ തുടങ്ങി. കുഞ്ഞുന്നാള്‍ മുതലേ കേട്ടുകേട്ട് പതിഞ്ഞ സിനിമാനഗരം. വല്യച്ഛന്‍ വലിയ സിനിമാ പൈത്തിയമായിരുന്നു. എം.ജി.ആര്‍, ശിവാജി, ജെമിനി സിനിമയുടെ കഥകള്‍ വള്ളിപുള്ളി വിടാതെ വിസ്തരിക്കും. ശിവാജിയോടുള്ള ഭ്രമംമൂത്ത് അദ്ദേഹത്തെ വീട്ടില്‍ പോയി പരിചയപ്പെട്ടത്, റെയില്‍വേ സ്റ്റേഷനില്‍ നാഗേഷിനെ കണ്ടത്, എം.എന്‍. നമ്പ്യാരുടെ കാറില്‍ തൊട്ടത് തുടങ്ങി മദിരാശി സിനിമാക്കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയും. അദ്ദേഹം ഗ്രാമത്തില്‍ വരുമ്പോള്‍ പുതിയ കഥകള്‍ കേള്‍ക്കാന്‍ ആളുകള്‍ ചുറ്റും കൂടും. ആ കഥകള്‍ കേട്ടാണ് മദിരാശി നഗരത്തിന് ഹേമയുടെ മനസ്സില്‍ വലിയ മാനങ്ങളുണ്ടായത്. ആ നഗരം ഒന്നു കാണാന്‍, നഗരത്തിലെ സിനിമാശാലകളിലിരുന്ന് പടം കാണാന്‍, സിനിമാചിത്രീകരണം കാണാന്‍, ആകാശവലുപ്പമുള്ള സിനിമാ ഫ്‌ളെക്‌സുകള്‍ കാണാന്‍ അവളിലെ സിനിമാപ്രേമി വെമ്പി. ഇപ്പോള്‍ ആ വലിയ അവസരമാണ് തൊഴില്‍ സമ്പാദനത്തിലൂടെ വന്നു ചേര്‍ന്നിരിക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.