DCBOOKS
Malayalam News Literature Website

സി വി രാമന്‍പിള്ളയുടെ ചരമശതാബ്ദിയും പ്രതിമ അനാച്ഛാദനവും മാര്‍ച്ച് 21,22,23

തിരുവനന്തപുരം : മലയാള നോവലിന്റെ കുലപതി സി.വി.രാമൻപിള്ളയുടെ ചരമശതാബ്ദിയും   പ്രതിമ അനാച്ഛാദനവും മാര്‍ച്ച് 21,22,23 തീയ്യതികളിലായി നടക്കും. പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ പാർക്കിനു മുന്നിൽ സ്ഥാപിച്ച അഞ്ചടി ഉയരമുള്ള അർധകായ വെങ്കലപ്രതിമ 23-ന് വൈകീട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.

സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ 30 ലക്ഷം ചെലവിലാണ് പ്രതിമ നിർമിച്ചത്. ഉണ്ണി കാനായിയാണ് പ്രതിമ നിർമിച്ചത്.

ചരമദിനാചരണം 21-ന് രാവിലെ 11-ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി സി.വി.യുടെ മാതൃദേശമായ ആറയൂരിൽനിന്നും സ്വന്തം ഭവനമായ വഴുതയ്ക്കാട് റോസ്‌കോട്ടിൽനിന്നും ദീപശിഖകൾ എത്തിക്കും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയാകുന്ന സമ്മേളനത്തിൽ സാഹിത്യനിരൂപകൻ ഡോ. പി.കെ.രാജശേഖരൻ സി.വി. ചരമശതാബ്ദി പ്രഭാഷണം നടത്തും. 22-ന് രാവിലെ 10-ന് സി.വി. ആഖ്യായികാപാരായണം ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. വി.മധുസൂദനൻനായർ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ പങ്കെടുക്കും. ഡോ. എം.എൻ. കാരശ്ശേരി, പ്രൊഫ. വി.കാർത്തികേയൻനായർ, ഡോ. കെ.എസ്.രവികുമാർ എന്നിവർ ചരമശതാബ്ദി പ്രഭാഷണം നടത്തും.

23-ന് വൈകീട്ട് നടക്കുന്ന പ്രതിമാ അനാച്ഛാദന ചടങ്ങിൽ മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിക്കും. സി.വി.യെക്കുറിച്ച് കുമാരനാശാൻ രചിച്ച ‘നിന്നുപോയ സിംഹനാദം’ എന്ന കവിത വി.മധുസൂദനൻനായർ ആലപിക്കും. പ്രൊഫ. എം.കെ.സാനു സി.വി.അനുസ്മരണ പ്രഭാഷണം നടത്തും. അടൂർ ഗോപാലകൃഷ്ണൻ, മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു എന്നിവർ പങ്കെടുക്കും.

കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.