DCBOOKS
Malayalam News Literature Website
Rush Hour 2

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു

ദില്ലി: ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ മലയാളിയും ക്രിക്കറ്റ് താരവുമായിരുന്ന എസ്. ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. ശിക്ഷാകാലയളവ് പുന:പരിശോധിക്കാന്‍ ബി.സി.സി.ഐയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മൂന്നുമാസമാണ് ഇതിനായി കാലയളവ് നല്‍കിയിരിക്കുന്നത്.

ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റു നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് മൂന്നു മാസത്തിനുള്ളില്‍ തീരുമാനിക്കണമെന്നും ബി.സി.സി.ഐയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബി.സി.സി.ഐ നടപടി അനീതിയും ക്രൂരവുമാണെന്നായിരുന്നു ശ്രീശാന്തിന്റെ വാദം. എന്നാല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ആരോപണങ്ങളുടെ പാപക്കറ മാറിയിട്ടില്ലെന്നുമാണ് ബി.സി.സി.ഐ നിലപാട്.

Comments are closed.