DCBOOKS
Malayalam News Literature Website

ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ ‘സ്പ്രെഡിംഗ് ജോയ് -ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവറിറ്റ് ജ്യൂവലർ’ ആത്മകഥ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ജോളി ജോയ് Textആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ ആമിരിയും പ്രമുഖ ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാന്റ് ഗ്ലോബൽ അംബാസഡറുമായ കജോൾ ദേവ്ഗനും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു. ഇന്ത്യ, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബുക് സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ആമസോൺ യുഎഇ, ഇന്ത്യ, സിംഗപ്പൂർ, യുഎസ്എ, യുകെ എന്നിവയിലും പ്രമുഖ ഇകൊമേഴ്സ് പോർട്ടലുകളിലും നിന്ന് ഈ ആത്മകഥ സ്വന്തമാക്കാം. ഷാർജ പുസ്തക മേളയിലെ ജഷൻമാൽ പവലിയനിൽ ഇംഗ്ലീഷ് പതിപ്പും, ഡി സി ബുക്സ് പവലിയനിൽ മലയാള വിവർത്തനവും ലഭ്യമാണ്.

കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ ആർക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാർത്താ സമ്മേളനത്തിലും പറഞ്ഞു. ഇത്രയും വർഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് തനിക്ക് നൽകിയത്. ബിസിനസ് ആഗ്രഹിക്കുന്നവർക്ക് ഇത് മാതൃകയാകുമെങ്കിൽ താൻ സന്തോഷിക്കും. “ഇത് എന്റെ നേട്ടമാണ്. ഇത് മറ്റുള്ളവരുടെ വളർച്ചയ്ക്ക് ഗുണകരമാവണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” -അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് ഏറെ എളുപ്പമാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. എന്നാൽ, അതത്ര എളുപ്പമല്ല. വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ടാവാം. അവ തരണം ചെയ്ത് മുന്നേറാൻ കഴിയുന്ന മാർഗങ്ങളും രീതികളും ഈ പുസ്തകത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം ഐപിഒ പ്രഖ്യാപിക്കാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തന്റെ ജീവിത യാത്രയിലെ പ്രതിബദ്ധത, കഠിനാധ്വാനം, അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയുടെ അനുഭവ സാക്ഷ്യമാണ് ഈ ആത്മകഥയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ മുന്നേറാനുള്ള സന്ദേശവുമാണ് ആത്മകഥയിലൂടെ പങ്കു വെക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ ബിസിനസ് യാത്ര തനിക്ക് പ്രചോദനവും മാർഗദർശകവുമാണെന്ന് ജോൺ പോൾ ജോയ് ആലുക്കാസ് പറഞ്ഞു.

ജോയ് ആലുക്കാസുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങൾ മാതൃകയാണെന്നും കജോൾ ദേവ്ഗൻ അഭിപ്രായപ്പെട്ടു. ഈ യാത്ര അത്ഭുതകരമാണ്. തിരക്കുകൾക്കിടയിലും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത്  അഭിനന്ദിക്കേണ്ട കാര്യമാണെന്നും കജോൾ പറഞ്ഞു. ഇതിന്റെ ശീർഷകം അർത്ഥവത്താണ് -സ്പ്രെഡിംഗ് ജോയ്. ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

Comments are closed.