DCBOOKS
Malayalam News Literature Website

കലകളുടെ സംഗമവേദിയില്‍ പ്രഗത്ഭരുടെ സാന്നിദ്ധ്യം

തിരുവനന്തപുരം: സകലകലകളുടെയും സംവാദ-സംഗമഭൂമിയാകാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം നഗരം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ലോകപ്രശസ്ത ചിന്തകന്മാര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ-സാംസ്‌കാരിക-രാഷ്ട്രീയ- പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഇന്ത്യയ്ക്ക് പുറമെ സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ആര്‍ക്കിടെക്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യദിനത്തിലെ പ്രധാന സംവാദങ്ങള്‍

വൈവിധ്യമാര്‍ന്ന സംവാദങ്ങള്‍ കൊണ്ടു സമ്പന്നമാണ് മേളയുടെ ആദ്യദിനം. സമകാലിക സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക- പാരിസ്ഥിതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ആദ്യ ദിനത്തിലെ വിവിധ സംവാദങ്ങളില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു. പുണ്യസ്ഥലികളുടെ ജ്ഞാനഭാവം( The Wisdom Of sacred Palaces) എന്ന വിഷയത്തില്‍ ഒന്നാം ദിനത്തിലെ ആദ്യ സംവാദത്തില്‍ എം.ജി.ശശിഭൂഷണ്‍, ലക്ഷ്മി രാജീവ്, ഡോ.സുനില്‍ എഡ്വേര്‍ഡ്, ടി.എസ്.ശ്യാംകുമാര്‍ എന്നിവര്‍ അതിഥികളായെത്തുന്നു. എന്‍.എസ് സജിത്ത് ആയിരിക്കും മോഡറേറ്റര്‍. Architecture As A Culture എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ പ്രശസ്ത ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കരയുമായി ഡോ.മീന ടി.പിള്ള അഭിമുഖസംഭാഷണം നടത്തും. Abhilash Talkies-Sociology Of Entertainment Spaces in yesteryears എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ഡോ.പി.കെ.രാജശേഖരന്‍, ബീന പോള്‍, മധുപാല്‍ എന്നിവര്‍ പങ്കെടുക്കുന്നു. പ്രദീപ് പനങ്ങാടായിരിക്കും മോഡറേറ്റര്‍. Conservation Practice: A Bombay Case study എന്ന വിഷയത്തില്‍ ആര്‍ക്കിടെക്ട് വികാസ് ദിലവരിയുമായി ഡോ.മീന ടി. പിള്ള അഭിമുഖസംഭാഷണം നടത്തും. Lost City : Muziris and Other Coastal Towns എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ബഹു.ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്, ഡോ.ബെന്നി കുര്യാക്കോസ്, നൗഷാദ് പി.എം എന്നിവര്‍ പങ്കെടുക്കുന്നു. റോബിന്‍ ഡിക്രൂസായിരിക്കും മോഡറേറ്റര്‍. Why Kerala is Facing the wrath of Nature എന്ന വിഷയത്തില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ.മാധവ് ഗാഡ്ഗിലുമായുള്ള വീഡിയോ സംവാദമായിരിക്കും നടക്കുക. ഡോ.വി.എസ് വിജയനായിരിക്കും ചര്‍ച്ച നയിക്കുന്നത്. A Space In The Sun: When sky is no longer the limit- reaching out to planetary habitats എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയാണ് പങ്കെടുക്കാനെത്തുന്നത്. ഡോ.വി.പി ബാലഗംഗാധരനായിരിക്കും ഈ അഭിമുഖസംഭാഷണം നടത്തുക.

ഓഗസ്റ്റ് 29-ാം തീയതിയാണ് സ്‌പേസസ് 2019-ന്റെ ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങും നടക്കുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ ബഹു.മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. വിജയ് ഗാര്‍ഗ്( The Council Of Architecture-COA), രാകേഷ് ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, എ.സി മൊയ്തീന്‍, മേയര്‍ വി.കെ.പ്രശാന്ത്, ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.

രാത്രി 8 മുതല്‍ 9 വരെ കളം തീയറ്റര്‍ ആന്റ് റപ്രട്ടറി കേരളയുടെ ആഭിമുഖ്യത്തില്‍ പ്രശാന്ത് നാരായണന്‍ അണിയിച്ചൊരുക്കുന്ന ‘മഹാസാഗരം’ അരങ്ങേറും. എം.ടി വാസുദേവന്‍ നായരുടെ ജീവിതവും കൃതികളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന നാടകരൂപമാണിത്.

സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

Comments are closed.