DCBOOKS
Malayalam News Literature Website

സ്‌പേസസ് ഫെസ്റ്റ് 2019; സംവാദവേദിയില്‍ രാകേഷ് ശര്‍മ്മ എത്തുന്നു

തിരുവനന്തപുരം: ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. ചരിത്രം, ഡിസൈന്‍, വാസ്തു, കല, രാഷ്ട്രീയം, തത്വചിന്ത, സാഹിത്യം, ആര്‍ക്കിടെക്ചര്‍, സമൂഹം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒരേ സമയം മൂന്ന് വേദികളിലായി നൂറിലേറെ സംവാദങ്ങള്‍ ഇവിടെ അരങ്ങേറുന്നു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചുനടക്കുന്ന ഈ സാംസ്‌കാരികമാമാങ്കത്തില്‍ ലോകപ്രശസ്തരായ സാമൂഹികചിന്തകര്‍, എഴുത്തുകാര്‍, പൊതുപ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാ-സാംസ്‌കാരിക- പരിസ്ഥിതി-രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഇന്ത്യയ്ക്ക് പുറമെ സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ആര്‍ക്കിടെക്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

ബഹിരാകാശ പര്യവേഷണരംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ രാകേഷ് ശര്‍മ്മയാണ് സ്‌പേസസ് 2019-ലെ മുഖ്യാതിഥികളിലൊരാള്‍. സ്‌പേസസ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംവാദത്തിലും വര്‍ക്ക് ഷോപ്പിലും അദ്ദേഹം പങ്കെടുക്കുന്നു.

ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശര്‍മ്മ. 1949 ജനുവരി 13-ന് പഞ്ചാബിലെ പട്യാലയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇന്ത്യന്‍ വ്യോമസേനയില്‍ വൈമാനികനായിരുന്ന രാകേഷ് ശര്‍മ്മ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും സോവിയറ്റ് ഇന്റര്‍ കോസ്‌മോസ് സ്‌പേസ് പ്രോഗ്രാമും സംയുക്തമായി സഹകരിച്ച ബഹിരാകാശപര്യവേഷണത്തിനായി രാകേഷ് ശര്‍മ്മയെയാണ് തെരഞ്ഞെടുത്തത്. 18 മാസം നീണ്ടുനിന്ന കടുത്ത പരിശീലനത്തിനുശേഷം 1984 ഏപ്രില്‍ മൂന്നിന് സല്യൂട്ട്-7 എന്ന ബഹികാരാകാശ കേന്ദ്രത്തിലേക്ക് സൊയൂസ്- T II എന്ന ബഹിരാകാശ പേടകത്തിലേറി രാകേഷ് ശര്‍മ്മ യാത്ര തിരിച്ചു. ഒപ്പം രണ്ട് ബഹിരാകാശ യാത്രികര്‍ കൂടിയുണ്ടായിരുന്നു. ബഹിരാകാശത്ത് ഏഴ് ദിവസവും 21 മണിക്കൂറും 40 മിനിട്ടും പിന്നിട്ട ശേഷമാണ് അവര്‍ ഭൂമിയിലെത്തിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആഹ്ലാദകരമായ ചരിത്രനിമിഷങ്ങളിലൊന്നായിരുന്നു അത്. ബഹിരാകാശത്തെത്തുന്ന 138-ാമത്തെ മനുഷ്യനായിരുന്നു അദ്ദേഹം.

വ്യോമസേനയില്‍ നിന്ന് വിങ് കമ്മാന്‍ഡറായി വിരമിച്ച രാകേഷ് ശര്‍മ്മ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ ചീഫ് ടെസ്റ്റ് പൈലറ്റായിരുന്നു. രാജ്യം നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നായ അശോകചക്രം നല്‍കി രാകേഷ് ശര്‍മ്മയെ ആദരിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയന്‍ ഹീറോ ഓഫ് ദി സോവിയറ്റ് യൂണിയന്‍ പദവിയും നല്‍കിയിട്ടുണ്ട്.

സ്‌പേസസ് ഫെസ്റ്റ് 2019-ല്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാം

Comments are closed.