DCBOOKS
Malayalam News Literature Website

മാതാപിതാക്കളും ഗുരുക്കന്‍മാരും നമ്മുടെ വഴികാട്ടികള്‍: മനോജ് കെ. ജയന്‍

ജീവിതമത്സരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മറന്നുപോകുന്ന മാതൃപിതൃബന്ധങ്ങളും ഗുരുക്കന്മാരുടെ മുഖങ്ങളും ഒരിക്കലും തിരിച്ചുകിട്ടാതെ പോകുന്ന പുണ്യങ്ങളാണെന്ന് നടനും ഗായകനുമായ മനോജ് കെ.ജയന്‍. ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നാം മറന്നുപോകുന്ന ജീവിതത്തിലെ ആ പഴയ നന്മകള്‍ ഒരിക്കല്‍ വീണ്ടും തിരിച്ചുചെല്ലാന്‍ നമ്മെ പ്രേരിപ്പിക്കും. വേരുകള്‍ മറക്കാതിരിക്കുകയാണ് നാം ചെയ്യേണ്ടത്.” തന്റെ മാതാപിതാക്കളോടുള്ള ഗാഢബന്ധം വിവരിച്ചുകൊണ്ട് മനോജ് കെ. ജയന്‍ പറഞ്ഞു. കടന്നുവന്ന പാതകളില്‍ തനിക്കായി വെളിച്ചം നല്‍കിയ ഗുരുക്കന്മാരോട് നന്ദിയുണ്ട്. തൊഴില്‍രംഗത്ത് തന്റെ നേരെ സഹായഹസ്തം നീട്ടിയ മമ്മൂട്ടിയേയും ജയറാമിനേയും കുറിച്ചും അദ്ദേഹം സംസാരിച്ചു.

മനോജ് കെ.ജയന്‍ എഴുതിയ ‘മാതാപിതാഗുരുദൈവം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ വച്ച് നടന്നു. കവിയും ഗാനരചയിതാവുമായ കെ.ജയകുമാര്‍ പുസ്തകം ഷാബു കിളിത്തട്ടിലിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. തിരക്കഥാകൃത്ത് ലോഹിതദാസിനെ കുറിച്ച് ജയറാം ശിവറാം രചിച്ച ‘ലോഹിയുടെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം കെ.ജയകുമാറില്‍ നിന്ന് മനോജ് കെ.ജയന്‍ ഏറ്റുവാങ്ങി.

‘അനന്തഭദ്രം’ എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രം പാടിയ ‘തിര നുരയും ചുരുള്‍മുടിയില്‍ സാഗരസംഗീതം’ എന്ന ഗാനം മനോജ് കെ.ജയന്‍ ആലപിച്ചു. ബഷീര്‍ തിക്കോടി ചടങ്ങില്‍ അവതാരകനായിരുന്നു.

Comments are closed.