DCBOOKS
Malayalam News Literature Website

വേവലാതികളില്ലാതെ വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ പ്രാപ്തരാകൂ: ഗൗര്‍ ഗോപാല്‍ ദാസ്

ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് പ്രശസ്ത ജീവനപരിശീലകനും എഴുത്തുകാരനും ആത്മീയഗുരുവുമായ ഗൗര്‍ ഗോപാല്‍ ദാസ്. മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിക്കുന്ന രീതി പരിശീലിക്കണം. നമ്മുടെ ഏറ്റവും അടുത്ത വ്യക്തിക്ക്, സ്വന്തം ഇണയ്ക്ക്, തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഒരു പുതിയ ജീവിതചര്യയ്ക്ക് തുടക്കമിടുക. കുടുംബാംഗങ്ങള്‍ക്ക് സ്വയം സമര്‍പ്പിപ്പിക്കുന്ന ശീലം വിശാലമായ സമൂഹത്തിനായി സ്വയം സമര്‍പ്പണം നടത്താന്‍ നമ്മെ പ്രാപ്തമാക്കും. നാം നല്‍കുന്ന ഒരു സംഭാവനയും ചെറുതല്ല. നമ്മളോരോരുത്തരും ഓരോ ദിവസവും ഒരു നല്ല കാര്യം വീതം ചെയ്താല്‍ സമൂഹത്തിനുണ്ടാകുന്ന മാറ്റം വളരെ വലുതായിരിക്കും.

നന്മ ചെയ്യുന്നതിന്റെ പേരില്‍ നമുക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ വലിപ്പം ഭൗതികമായല്ല അളക്കേണ്ടത്. മനസ്സുകളില്‍ അത് സൃഷ്ടിക്കുന്ന നവീകരണമാണ് പ്രധാനം. നാം നമ്മളെത്തന്നെ സ്‌നേഹിച്ചുതുടങ്ങുക. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും വേവലാതിപ്പെടാതെ, വര്‍ത്തമാനകാലത്തില്‍ ജീവിക്കുക.- അദ്ദേഹം പറഞ്ഞു.

ജീവിതം അലിഞ്ഞുതീരുന്നതിന് മുമ്പ് ആസ്വദിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അലിഞ്ഞുതീരുന്നതിന് മുമ്പ് ആസ്വദിക്കുകയെന്നത് ഐസ്‌ക്രീമിനെ സംബന്ധിച്ച് ശരിയാണ്. ഈ സമീപനത്തിന് പകരം, ഉരുകിത്തീരുന്നതിന് മുമ്പ് ചുറ്റുമുള്ളവര്‍ക്ക് പ്രകാശമേകുന്ന മെഴുകുതിരിയുടെ പ്രത്യയശാസ്ത്രമാണ് നാം പിന്തുടരേണ്ടത്. ആ സമീപനം വഴി നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ വെളിച്ചം നിറയും.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിലാണ്  ഗൗര്‍ ഗോപാല്‍ ദാസ് തന്റെ ദര്‍ശനങ്ങള്‍  സദസ്സിനായി പകര്‍ന്നത്. വായനയേയും എഴുത്തിനേയും പരിപോഷിപ്പിക്കാനായി നടത്തപ്പെടുന്ന ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. പതിനൊന്ന് ദിവസം നീളുന്ന ഈ സാംസ്‌കാരികോത്സവം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനം വിവരണാതീതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിക്കൊടുവില്‍ തന്റെ ‘ലൈഫ്‌സ് അമേസിംഗ് സീക്രട്ട്‌സ്: ഹൗ റ്റു ഫൈന്റ് ബാലന്‍സ് ആന്റ് പര്‍പ്പസ് ഇന്‍ യുവര്‍ ലൈഫ്’ എന്ന പുസ്തകം ആരാധകര്‍ക്കായി ഒപ്പിട്ടുനല്‍കുകയും ചെയ്തു.

Comments are closed.