DCBOOKS
Malayalam News Literature Website

‘ചേട്ടന്‍’ ഭഗത്

കേരള സാഹിത്യോത്സവത്തിനു മുണ്ടുടുത്തു വന്നു തന്റെ നിഷ്‌കളങ്കമായ ചിരി കൊണ്ടും നര്‍മ്മം നിറഞ്ഞ സംസാരത്തിലൂടെയും സദസ്സിന്റെ മനംകവര്‍ന്ന ചേതന്‍ ഭഗത് സോഷ്യല്‍ മീഡിയ കമന്റുകളില്‍ പെട്ടെന്നാണ് ‘ചേട്ടന്‍’ ഭഗത് ആയി മാറിയത്. ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന തന്റെ ആദ്യ പുസ്തകത്തിന്റെ എഡിറ്റിങ്ങില്‍ സഹായിച്ച മലയാളിയായ ഷൈന്‍ ആന്റണിയുമായായിരുന്നു സംവാദം. സംവാദം എന്നതിനേക്കാള്‍ ഒരു സൗഹൃദസംഭാഷണം എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

താന്‍ ഒരിക്കലും ഒരു മികച്ച എഴുത്തുകാരന്‍ അല്ല, പക്ഷെ നന്നായി വിറ്റുപോകുന്ന പുസ്തകങ്ങളുടെ കഥാകൃത്താണ്. ‘നോട്ട് ദി ബെസ്റ്റ് ഓതര്‍, ബട്ട് ഒണ്‍ലി എ ബെസ്റ്റ് സെല്ലിങ് ഓതര്‍’. അതുകൊണ്ടു തന്നെ തന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ താന്‍ വലിയ സാഹിത്യ പുരസ്‌കാരങ്ങള്‍ വാങ്ങിക്കും എന്ന് കരുതുന്നില്ല. ജനങ്ങള്‍ വായിക്കുന്ന പുസ്തകങ്ങള്‍ എഴുതുന്ന എഴുത്തുകാരനായി തുടരും. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍, തനിക്കൊരിക്കലും അത്താഴമേശയിലെ മികച്ച ഒരു കറി ആകാന്‍ പറ്റില്ല, പക്ഷെ താന്‍ തക്കാളി സോസ് പോലെ എല്ലാ അത്താഴമേശകളിലും ഉണ്ടാകും.

തന്റെ തുടക്കകാലത്തും സ്ഥിതി മറിച്ചായിരുന്നില്ല. ആദ്യത്തെ പുസ്തകം അനേകം പ്രസാധകര്‍ക്കയച്ചു. ഭൂരിഭാഗം പേരും പുസ്തകത്തെ കൊള്ളില്ല എന്ന് പറഞ്ഞു നിഷേധിക്കുകയാണ് ചെയ്തത്. അതിനു കാരണം അരുന്ധതി റോയ് ആണെന്നു തോന്നുന്നു (ചിരിയോടെ). ആ കാലത്തു എല്ലാ പ്രസാധകരും മറ്റൊരു അരുന്ധതി റോയിക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. ഇതുകൊണ്ടാണ് കേരളത്തില്‍ വന്നു സംസാരിക്കാന്‍ ഞാന്‍ മടിക്കുന്നത്, ഇവിടെ നിറയെ അരുന്ധതി റോയിയെ പോലെയും ശശി തരൂരിനെ പോലെയുമുള്ള ബുദ്ധിജീവികളാണ്.

രൂപയും (പ്രസാധകര്‍) കൊള്ളില്ല എന്നുതന്നെയാണ് പറഞ്ഞത്. പക്ഷെ അവര്‍ എന്റെ എഴുത്തില്‍ എന്തോ ഒരു പ്രത്യേകതയുണ്ട് എന്ന് വിശ്വസിച്ചു. എന്റെ പുസ്തകം നന്നാക്കാനുള്ള ഒരു അവസരവും തന്നു. ഷൈനിയെ എനിക്ക് സഹായത്തിനായി ഉത്തരവാദിത്വപെടുത്തി. ഷൈനിയും കൊള്ളില്ല എന്നുതന്നെയാണ് പറഞ്ഞത്. പക്ഷെ അവര്‍ക്കു എന്റെ പുസ്തകത്തിലെ നര്‍മ്മം ഇഷ്ടപ്പെട്ടു. അതാണെന്റെ ശക്തിയും പ്രത്യേകതയും എന്ന് പറഞ്ഞുതന്നു. കഴിയുമെങ്കില്‍ ഈ പുസ്തകം കുറച്ചുകൂടി രസകരമാക്കാന്‍ പറഞ്ഞു, നര്‍മ്മം ചാലിച്ചുതന്നെ. ഞാന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തിരുത്തുകള്‍ വരുത്തിയ പുസ്തകം ഷൈനിയെ ഏല്പിക്കുകയും അവര്‍ക്കു അത് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.

പക്ഷെ അതിനുശേഷവും ജീവിതം അത്രയ്ക്ക് സുഖകരമായിരുന്നില്ല. പല വേദികളിലും പുസ്തകത്തെ കുറിച്ച് സംസാരിക്കാനുള്ള മൂന്നു മിനുറ്റ് നേരത്തിനായി കാത്തുനിന്നു. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുസ്തകത്തിന് ആവശ്യത്തിന് വായനക്കാരും പ്രസിദ്ധിയും കിട്ടിയത്.

പലരുമെന്നെ ഭാഗ്യവാന്‍ എന്നും, പെട്ടെന്ന് പ്രസിദ്ധി നേടിയവന്‍ എന്നുമൊക്കെ വിളിക്കും. പക്ഷെ ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നത് 17 വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നങ്ങളുടെ ഭാഗമായാണ്. ഇനി വരാനുള്ള എഴുത്തുകാരോടും പറയാനുള്ളത് അതാണ്. പുറമെ നിന്നു കാണുന്ന വിജയങ്ങള്‍ക്കു പിന്നില്‍ ഒരുപാടു കഷ്ടപ്പാടും പ്രയത്‌നവുമുണ്ട്. ഒന്നും എളുപ്പമല്ല. ഈ കാലയളവില്‍ ഭാര്യക്ക് ജോലി ഉണ്ടെന്നുള്ളതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകമായി.

ഒരു മുഴുനീള എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഞാന്‍ മറ്റു സംരംഭങ്ങളിലേക്കും കടന്നു. പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി, ഇത്തരം ചര്‍ച്ചകള്‍ക്ക് പോയി, സിനിമയ്ക് സ്‌ക്രിപ്റ്റ് എഴുതി, നോണ്‍ ഫിക്ഷന്‍ പുസ്തകം രചിച്ചു; അങ്ങനെ പലതും. ഇപ്പോഴും എനിക്ക് പറ്റാത്ത വെല്ലുവിളിയേറിയ വിഷയങ്ങളാണ് കഥകള്‍ക്കായി തിരഞ്ഞെടുക്കാറുള്ളത്. പ്രണയ പുസ്തകങ്ങളില്‍ നിന്നു മാറിസഞ്ചരിച്ചു ഇത്തവണ ഒരു ത്രില്ലറുമായി വായനക്കാരുടെ മുമ്പിലേക്കു വരുന്നതും വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നതു കൊണ്ടാണ്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ താന്‍ മനസ്സില്‍ കണ്ടതിലും നന്നായി ആദ്യ പുസ്തകത്തെ രൂപാന്തരപ്പെടുത്തി തിരിച്ചുവന്ന ചേതനെ ഷൈനി ഇപ്പോഴും ആശ്ചര്യത്തോടെ ഓര്‍ക്കുന്നു. ഇങ്ങനെ ഉപദേശിച്ചു വിട്ട പലരും പിന്നീട് തിരിച്ചു വന്നിട്ടില്ല, വന്നാല്‍ തന്നെ പലരും മാറ്റങ്ങള്‍ ഇത്ര മനോഹരമായി നിര്‍വഹിച്ചിട്ടില്ല. ചേതന്റെ ഏറ്റവും മികച്ച പുസ്തകമായി ഷൈനി കാണുന്നതും ആ പുസ്തകം തന്നെ. പിന്നീടുള്ള അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളുടെയും ആദ്യ വായനക്കാരില്‍ ഒരാളായി വിമര്‍ശകയായി ഷൈനി അപ്പോഴും ഒപ്പം ഉണ്ടായിരുന്നു.

വിമര്‍ശകര്‍ പറയുന്നതുപോലെ താനൊരിക്കലും ഹിന്ദി സിനിമകള്‍ മുന്നില്‍ കണ്ടുകൊണ്ട് പുസ്തകങ്ങള്‍ എഴുതാറില്ലെന്നും ചേതന്‍ സംവാദത്തിന്റെ ഇടയ്ക്ക് വിശദീകരിച്ചു. 2 സ്‌റ്റേറ്റ്‌സ് എന്ന പുസ്തകത്തിന് ഒരു രണ്ടാം ഭാഗം എഴുതിയിരുന്നെങ്കില്‍ തീര്‍ച്ചയായും അതൊരു സൂപ്പര്‍ ഹിറ്റ് പുസ്തകവും സിനിമയും ആയേനെ. പക്ഷെ അത്തരം പരിചിതമായ വഴികള്‍ തന്നെ ഉത്സാഹപ്പെടുത്തുന്നില്ല. തനിക്കു പരിചയമില്ലാത്ത ത്രില്ലര്‍ പോലെയുള്ള ആഖ്യാനശൈലികള്‍ തന്നെ ത്രസിപ്പികുന്നു. രണ്ടു വര്‍ഷം പണയപ്പെടുത്തി നമ്മള്‍ എഴുതുന്ന പുസ്തകങ്ങള്‍ ആദ്യം ആസ്വദിക്കേണ്ടത് നമ്മള്‍ തന്നെയാണ്. എനിക്ക് ആസ്വദിക്കാന്‍ പറ്റുന്ന കഥകളെ എന്നും എഴുതിയിട്ടുള്ളു, ഇനിയും അങ്ങനെയേ എഴുതൂവെന്നും അദ്ദേഹം പറഞ്ഞു.

തയ്യാറാക്കിയത്: ജോയ്‌സ് ജോബ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)

Comments are closed.