DCBOOKS
Malayalam News Literature Website

അപൂര്‍വനും അദ്വിതീയനുമായ അപസര്‍പ്പക ചക്രവര്‍ത്തിയാണ് കോനന്‍ ഡോയിലിന്റെ ഷെര്‍ലക് ഹോംസ് : സുകുമാര്‍ അഴീക്കോട്

അപസര്‍പ്പകസാഹിത്യത്തിലെ നിത്യാത്ഭുതം സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ക്ക് സുകുമാര്‍ അഴീക്കോട് എഴുതിയ അവതാരിക

ഷെര്‍ലക് ഹോംസ് കഥകളുടെ സമ്പൂര്‍ണസമാഹാരം മലയാളത്തില്‍ ആദ്യമായി വരികയാണ്. നമുക്ക് സന്തോഷിക്കാം. അത്തരമൊരു സമാഹാരം വരേണ്ട സമയത്ത് വന്നുവെന്ന സന്തോഷമല്ല. അതൊക്കെയോര്‍ത്താല്‍ സന്തോഷമല്ല തോന്നുക. ഇതിലേറെ വൈകാതെ വന്നല്ലോ എന്ന സന്തോഷത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. ഷെര്‍ലക്കിന്റെ സ്രഷ്ടാവായ ആര്‍തര്‍ കോനന്‍ ഡോയില്‍ എന്ന ആംഗലകഥാകാരന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതിന്റെ പൂര്‍വാര്‍ദ്ധത്തിലും ആണ് ജീവിച്ചിരുന്നത്. ഈ കാലപരിഗണനയും ആ കഥകളുടെ പ്രശസ്തിയും വെച്ച് നോക്കുമ്പോള്‍, ഇതിനെത്രയോമുമ്പ് മലയാളത്തിന് ലഭിക്കേണ്ട കൃതികളില്‍ ഒന്നാണ് ഇപ്പോള്‍ കൈരളിമുദ്രാലയം പ്രസിദ്ധപ്പെടുത്തുന്നത് എന്ന് വ്യക്തമാണ്. പക്ഷേ, ഒരിക്കലും കിട്ടാത്തതിലും ഭേദമല്ലേ കുറേ വൈകിയാലും കിട്ടുന്നത്?

സ്രഷ്ടാവ് സൃഷ്ടിയെക്കാള്‍ മേലെയാണെന്നാണല്ലോ നമ്മുടെ വിശ്വാസം. ലോകസ്രഷ്ടാവായ ദൈവത്തിന്റെ നില അതാണ്. പക്ഷേ, ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ച കോനല്‍ ഡോയിലിനെക്കാള്‍ എത്രയോ മടങ്ങ് പേരും പെരുമയും ആ സൃഷ്ടിക്കുണ്ട്. കോനന്‍ ഡോയില്‍ ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ചപ്പോള്‍ ഹോംസ് ഡോയിലിനെ അനശ്വരനാക്കി. എഴുത്തുകാരനാണ് കഥാപാത്രത്തെ സര്‍ഗവൈഭവംകൊണ്ട് അനശ്വരമാക്കുന്നത് എന്ന് നമുക്ക് തര്‍ക്കിക്കാം. എന്നാല്‍, ഷെര്‍ലക് ആ തര്‍ക്കത്തിന് അപ്പുറത്ത് നില്‍ക്കുന്നു. തങ്ങളെ സൃഷ്ടിച്ച എഴുത്തുകാരനെക്കാളും തങ്ങള്‍ പിറന്നുവീണ ഗ്രന്ഥങ്ങളെക്കാളും മഹത്ത്വമാര്‍ന്ന അസ്തിത്വ വിശേഷം നേടിയ കഥാപാത്രങ്ങളെ ഇതുപോലെ വേറെ കണ്ടിട്ടില്ല. ഹേംലറ്റിന് ആ നാടകത്തോളം വലിപ്പമുണ്ടെന്ന് പറഞ്ഞുകൂടാ; ഷെയിക്‌സ്പിയെറെക്കാളും വലിപ്പമുണ്ടെന്ന് ഒരിക്കലും പറയാന്‍ വയ്യ, ശകുന്തളയ്ക്ക് അഭിജ്ഞാനശാകുന്തളത്തെക്കാള്‍ വലിപ്പമില്ല; കാളിദാസനെക്കാള്‍ വലിപ്പം ഒട്ടുമില്ല.

ഈ കഥാപാത്രമാകട്ടെ വലുതായി വലുതായി, ഒടുക്കം കഥാകൃത്തിന്റെ പിടിയില്‍നിന്ന് വിട്ടുപോയി. താന്‍ മുന്തിയതെന്ന് കരുതിയ തന്റെ ചരിത്രാഖ്യായികകളും തനിക്കിഷ്ടപ്പെട്ട ആത്മീയ ഗവേഷണങ്ങളും മറ്റും നിര്‍ബാധം നടത്തുന്നതിനുവേണ്ടി, തന്നെ അതിവര്‍ത്തിച്ചു വളര്‍ന്ന ഈ അസാധാരണ കഥാപാത്രത്തെ കോനന്‍ ഡോയില്‍ ഒടുവില്‍ ശരിക്കും ‘വധിച്ചു’. പക്ഷേ, സംഭവിച്ചത് വേറൊന്നായിരുന്നു. വായനക്കാര്‍ക്ക് ഷെര്‍ലക് ഹോംസ് അവധ്യനായിരുന്നു. കഥാകാരന്‍ കടുത്ത ഒരു തെറ്റ് ചെയ്തുവെന്നും അവര്‍ വിധിച്ചു. അവര്‍ അദ്ദേഹത്തിന്റെ സൈ്വരം കെടുത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഡോയിലിന് ഷെര്‍ലക് ഹോംസിനെ, കാളിദാസന്റെ ഭാഷയില്‍, ‘മൃതോര്‍ത്ഥിതന്‍’ ആക്കേണ്ടിവന്നു. കഥാകാരനെ കഥാപാത്രം പരാജിതനാക്കിയ കഥയാണ് ഇത്! തിരിച്ചുവന്ന ഹോംസ് പഴയപടി പല വിക്രമങ്ങളിലും വിജയിയായി, ഒടുവില്‍ ഒരു ഗ്രാമത്തില്‍ ഒരു കര്‍ഷകനായി ഉദ്യാനഭംഗി കലര്‍ന്ന ഒരു വീട്ടില്‍ ശാന്തമായ ജീവിതം നയിച്ചുപോരുന്നു– ഇന്നും! കോനന്‍ ഡോയില്‍ മരിച്ചു; ഷെര്‍ലക് ഹോംസ് ജീവിക്കുന്നു.

ചെക്കോവിന്റെയോ മോപ്പസാങ്ങിന്റെയോ ഡിക്കന്‍സിന്റെയോ ഒരു കഥാപാത്രം, സാഹിത്യസ്മൃതികളുടെ ലോകത്തില്‍ അനശ്വരത നേടിയിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കാം. കാരണം, അവര്‍ രചിച്ചത് സാഹിത്യത്തിലെ ഒരു ശ്രേഷ്ഠവിഭാഗം എന്ന് സുസമ്മതമായ ചെറുകഥ ആണ്: കഥ എന്ന കുടുംബത്തിന്റെ (ചെറുകഥയുടെയും നോവലിന്റെയും) താണതെന്ന് കരുതപ്പെടുന്ന ഒരു താവഴി മാത്രമാണ് കുറ്റാന്വേഷണ കഥ. നാം ഇന്ന് മലയാളത്തില്‍ ‘പൈങ്കിളി’ യെന്ന് പറഞ്ഞുതള്ളുന്ന ഒരു സാഹിത്യ വിഭാഗമുണ്ടല്ലോ, അതുപോലെ വിലകുറഞ്ഞ ഒന്നാണ് കുറ്റാന്വേഷണ കഥ എന്ന് ഇന്നും ചിലര്‍ കരുതുന്നുണ്ട്. അതില്‍നിന്ന് വിശ്വോത്തരമെന്നു പറയാവുന്ന ഒരു കഥാപാത്രം കാലദേശരുചി ഭേദങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് ചിരപ്രതിഷ്ഠ നേടി എന്നതാണ് ഷെര്‍ലക് ഹോംസ് എന്ന സൃഷ്ടിയുടെ അവിശ്വസനീയത. അങ്ങനെ ആ കഥാപാത്രം ഒരു സാഹിത്യ വിഭാഗത്തിന്റെ ആജന്മപാതിത്യത്തെ ഇല്ലാതാക്കി, അതിനെ ആര്‍ക്കും മേലില്‍ വംശദോഷത്തിന്റെ പേരില്‍ പരിഹസിക്കാന്‍ ആവാത്തത്ര ഉയരത്തില്‍ എടുത്തുവെച്ചു. ഇത്ര അന്യാദൃശമായ വിധത്തില്‍ വംശോല്‍കര്‍ഷം ഉണ്ടാക്കാന്‍ കഴിഞ്ഞ വേറൊരു കഥാപാത്രം എന്റെ ഓര്‍മ്മയിലില്ല.

ഷെര്‍ലക് ഹോംസ് ഓര്‍മ്മയില്‍ ജീവിക്കുന്നു എന്നല്ല, ജീവിച്ചിരിക്കുന്നു എന്നുതന്നെ വിശ്വസിക്കുന്ന ആളുകള്‍ എത്രയോ ഉണ്ടായിരുന്നു, ഇന്നും ഉണ്ട്, ഇനി ഉണ്ടായിരിക്കുകയും ചെയ്യും. കോനന്‍ ഡോയിലിന്റെ ഷെര്‍ലക് ഹോംസ് കഥകളും മറ്റ് കുറ്റാന്വേഷണകഥകളില്‍ പലതും, ഇവയെപ്പറ്റി വായിക്കേണ്ട പുസ്തകങ്ങളില്‍ കുറേയെണ്ണവും വായിച്ച ഈ ലേഖകന്റെ മനസ്സില്‍ ഏതോ മൂലയ്ക്ക് ജീവനോടുകൂടിയ ഷെര്‍ലക് ഹോംസ് പുകവലിച്ചുകൊണ്ട് നിത്യവാസം ചെയ്യുന്നുണ്ട്.  ഇത് സമ്മതിക്കാന്‍ എനിക്ക് ഒരു സങ്കോചവുമില്ല. ലോകത്തിലെ അവ്യാഖ്യേയമായ ഒരു സാഹിത്യപ്രചോദനത്തിനു ഞാനും വിധേയനായിപ്പോയി എന്നേ ഇതിനര്‍ത്ഥമുള്ളൂ.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

ഇന്നും ഞാന്‍ ഈ വികാരത്തിനു വിധേയനാണ്. ഈ പുസ്തകത്തിന് അവതാരിക എഴുതാന്‍ എനിക്കുള്ള യോഗ്യത ഇതുമാത്രമായിരിക്കണം. ഇതെന്റെ മനോരഹസ്യങ്ങളില്‍ ഒന്നാണ്. ഡി.സി. അതെങ്ങനെയോ മണത്തറിഞ്ഞു. അതുകൊണ്ട് ഡി.സി.യ്ക്കും വിധേയനാകേണ്ടിവന്നു. ഹോംസിനെ ഞാന്‍ വായിച്ചു പരിചയപ്പെടുന്നത് മംഗലാപുരത്ത് സെന്റ് അലൂഷ്യസ് കോളജില്‍ പഠിക്കുന്ന കാലത്താണ്. മിക്കവാറും എല്ലാ ഹോംസ് കഥകളും അന്ന് വായിച്ചു. ഭീതിയുടെ രാവുകളില്‍ ‘ഹൗണ്ട് ഒഫ് ദി ബാസ്‌കര്‍വില്‍സും’ ‘ദി സൈന്‍ ഓഫ് ഫോറും’ ‘ദി സ്‌പെക്ക്ള്‍ഡ് ബാന്‍ഡ്’ എന്ന കഥയും മറ്റും വായിച്ച് പറയാനാവാത്ത ഏതോ ആനന്ദം അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ ഓര്‍മ്മപോലും ഇന്നെന്നെ പരവശനാക്കുന്നു. പിന്നെ എന്റെ ആഗ്രഹം ഹോംസ്‌കഥകളുടെ പുസ്തകം വാങ്ങുക എന്നതായിരുന്നു. കാശ് കിട്ടാന്‍ പ്രയാസം. പുസ്തകങ്ങളും കുറവ്. എന്നിട്ടും ഞാന്‍ കോളജു പഠന കാലത്തുതന്നെ ഒരു പുത്തന്‍ ഹോംസ് കഥാപുസ്തകം വാങ്ങി. ന്യൂയോര്‍ക്കിലെ ബുക്‌സ് ഇന്‍കോര്‍പൊറേറ്റഡ് കമ്പനിയുടെ യുനിവര്‍സിറ്റി ക്ലാസിക്‌സ് പരമ്പരയില്‍ പ്രസിദ്ധീകരിക്കപ്പെട്ട മനോഹരമായ പുസ്തകം. അല്പം ചിതല്‍ പിടിച്ചിട്ടാണെങ്കിലും ഇന്നും എന്റെ ഗ്രന്ഥപ്പുരയില്‍ അത് കാണുമ്പോള്‍ പഴയകാലം മുഴുവന്‍ മുമ്പില്‍ വരും.

ഹോംസ് ഭ്രാന്ത് ഇന്നും തുടരുന്നു. കല്‍ക്കത്തയിലെ പ്രജാപതി ക്ലാസിക്‌സ് ഹോംസ് കഥകളുടെ സമ്പൂര്‍ണസമാഹാരം ഇറക്കിയെന്ന് കേട്ട് ഞാന്‍ അത്, പ്രത്യേക കിഴിവില്‍ വാങ്ങി–147 രൂപയ്ക്ക്. ഡി.സി. യുടേതിലും വില കുറവ്!

ആ കഥയിരിക്കട്ടെ, ഹോംസിന്റെ പ്രഭാവത്തിന്റെ കഥ തുടരാം. കിഴക്കും പടിഞ്ഞാറുമുള്ള പുരാണകഥകളിലെ വിക്രമപുരുഷന്മാരില്‍ അവിസ്മണീയരായ അര്‍ജ്ജുനന്‍, ഭീമസേനന്‍, ഹനുമാന്‍, ഹെര്‍ക്യുലിസ്, യുലിസസ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് സമാന്തരമായി ആധുനിക സാഹിത്യം നിര്‍മ്മിച്ചതും മനുഷ്യ മനസ്സിന്റെ ഉപബോധമേഖലകളോളം ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതുമായ ഒരു നവവീരനായകനാണ് ഷെര്‍ലക് ഹോംസ്. അവതാര പുരുഷന്മാര്‍ക്കൊപ്പം ഹോംസ് ആരാധിക്കപ്പെടുന്നു. പണ്ടായിരുന്നെങ്കില്‍, ഈ കഥാപാത്രം ദേവാംശജാതനായ ഒരു അഭൗമകഥാനായകന്‍ ആയേനേ!

ഷെര്‍ലക് ഹോംസ് സാഹിത്യലോകത്തില്‍ പ്രത്യക്ഷപ്പെട്ടത് 1887-ല്‍ ആണ്-‘A Study in Scarlet’  എന്ന കൃതിയില്‍. കുറ്റാന്വേഷണകഥയ്ക്ക് ഇത്ര മനോഹരമായ ഒരു കാല്പനിക ശീര്‍ഷകം വേറെ എവിടെ കിട്ടും? ‘ചുകപ്പില്‍ ഒരു പഠനം’. ഇതല്ലേ വാസ്തവത്തില്‍ ഡിറ്റക്ടീവ് കഥ. ഷെര്‍ലക് ഹോംസ് കഥകളുടെ അന്തിമസമാഹാരം ‘കേസ് പുസ്തകം'(1927). ഇതിനിടയില്‍ 68 കഥകളില്‍ ഹോംസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഒരു കണക്ക്. ഞാന്‍ എണ്ണിനോക്കിയിട്ടില്ല. 60-നും 70-നും ഇടയിലാണെന്ന് എനിക്ക് അറിയാം. ഇവ മുഴുവന്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പുതന്നെ ‘ഹോംസ്ഭക്തി’ എന്ന ഒരു വികാരം രൂപംകൊണ്ടു കഴിഞ്ഞിരുന്നു. കുറ്റം ചെയ്യുന്നവരെ പിടികൂടി സാധുക്കളെ രക്ഷിക്കുക എന്ന ആദിരൂപപരമായ ഒരു വിശ്വാസമാണ് ഇതിനടിസ്ഥാനം. ഈശ്വരാവതാരംപോലെ അമര്‍ത്ത്യനാണ് ഹോംസ്. അന്ധവിശ്വാസം എന്നുപോലും വിളിക്കാവുന്ന രഹസ്യാത്മകമായ ഈ വികാരത്തിന് മതഭാവത്തോട് അടുത്ത ബന്ധമുണ്ടെന്ന് കാണാം. അങ്ങനെ കഥാകാരനും കഥാപാത്രവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രഗതമായ മൗലികയുക്തി ഷെര്‍ലക് ഹോംസിന്റെ വരവോടെ തലതിരിഞ്ഞു നിന്ന കഥാപാത്രത്തെ സൃഷ്ടിവൈഭവംകൊണ്ട് കഥാകൃത്ത് അനശ്വരനാക്കുന്ന കഥാരചനയിലെ സാധാരണയുക്തിബന്ധം തലകീഴ് മറിഞ്ഞപ്പോള്‍, കോനന്‍ ഡോയിലിനെ ഹോംസ് സൃഷ്ടിക്കുകയും അനശ്വരനാക്കുകയും ചെയ്തു എന്ന ഭ്രമാത്മകമായ അതിയുക്തി (അയുക്തി എന്നും പറയാം) വായനക്കാരെ പിടികൂടുകയും ചെയ്തു! ഹോംസിന്റെ പേരില്‍ ആരാധകരായ വായനക്കാര്‍ കാട്ടിക്കൂട്ടിയതും കാട്ടിക്കൊണ്ടിരിക്കുന്നതുമായ കിറുക്കുകള്‍ക്ക് കണക്കില്ല. ഇന്നും അവ തുടരുന്നു. അങ്ങനെ വരുമ്പോള്‍ അവ കിറുക്കുകള്‍ അല്ലാതാവുന്നു എന്ന് നാം തിരിച്ചറിയണം. ചില ഉദാഹരണങ്ങള്‍ പറയാം. ഷെര്‍ലക് ഹോംസിന്റെ ആസ്ഥാനം ബേക്കര്‍ സ്ട്രീറ്റിലുള്ള 221 ബി എന്ന നമ്പറിലെ മുറികള്‍ (Smite of Rooms) ആണെന്ന് ലോകപ്രസിദ്ധമാണ്. വീട്ടുകാര്യങ്ങള്‍ നോക്കാന്‍ മിസ്സിസ് ഹഡ്‌സന്‍ എന്ന സ്ത്രീയുണ്ട്. ബേക്കര്‍ സ്ട്രീറ്റ് എന്ന തെരുവ് എവിടെ കിടക്കുന്നുവെന്നൊക്കെ ഷെര്‍ലക് വിദഗ്ധര്‍ ഗവേഷണം ചെയ്തു കണക്കാക്കിത്തന്നിട്ടുണ്ട്. ഇതും ഒരു വീടാണെന്ന് പക്ഷാന്തരമുണ്ട്. ‘ബി’ എന്നതുകൊണ്ട് കെട്ടിടത്തിന്റെ രണ്ടാം നിലയാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതത്രേ. അനേകം കഥകളില്‍ അങ്ങിങ്ങ് പാറിപ്പറ്റിക്കിടക്കുന്ന ലഘുപരാമര്‍ശങ്ങളെ ആസ്പദമാക്കിയാണ് ഗവേഷണം. ഷെര്‍ലക് പണ്ഡിതന്മാരെ ഈ പാര്‍പ്പിട പ്രശ്‌നംപോലെ കുഴക്കിയ വേറെ പ്രശ്‌നമില്ലെന്നുവരെ പറഞ്ഞുകേള്‍ക്കുന്നു. ഈ ഗവേഷണം ചെറിയൊരു കിറുക്കല്ലേ?

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

ഷെര്‍ലക് ഹോംസ് സംഘങ്ങള്‍ പല ഭൂഖണ്ഡങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഷെര്‍ലക് ഹോംസിന്റെയും ബേക്കര്‍ സ്ട്രീറ്റിന്റെയും നാമങ്ങളില്‍ ഗവേഷണപത്രങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. കുറ്റം അന്വേഷിക്കുമ്പോള്‍ പല ആവശ്യങ്ങള്‍ക്കും ബേക്കര്‍ സ്ട്രീറ്റില്‍ കഴിയുന്ന തെരുവുമക്കളെ ഹോംസ് ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് ഹോംസ് ഗവേഷണം നടത്തുന്ന ഒരു സംഘത്തിന്റെ പേര് ഈ തെരുവുവീരന്മാരില്‍നിന്ന് വരുന്നു–‘ബേക്കര്‍ സ്ട്രീറ്റ് ഇറഗുലാഴ്‌സ്’ ( “Sherlock Holmes of Baker Sreet)‑’‑ഇത് പ്രൗഢിയുള്ള ഒരു അഭിജാത സംഘടനയാണ്. അതിലെ ഒരംഗമായ വില്യം ബാരിങ് ഗൗള്‍ഡ് 1962-ല്‍ ‘ബേക്കര്‍ സ്ട്രീറ്റിലെ ഷെര്‍ലക് ഹോംസ്’  എന്നൊരു രസികന്‍ പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ പുസ്തകം ഷെര്‍ലക്കിന്റെ ഏത് കഥയെക്കാളും താത്പര്യത്തോടെ നാം വായിച്ചുപോകും. അദ്ദേഹത്തിന്റെ ഓരോ നിശ്വാസവും പുരികത്തിന്റെ ഓരോ ചലനവും ഹോംസ് കഥാപാത്രത്തില്‍ നിന്ന് സൂക്ഷിച്ചുനോക്കി, അവയുടെ അടിസ്ഥാനത്തില്‍ ഷെര്‍ലക് ഹോംസിന്റെ ജീവിതം ഈ കൃതിയില്‍ പുനരാവിഷ്‌കരിച്ചിരിക്കയാണ്. ശ്വാസമടക്കി വായിച്ചുപോകും. കഥാനായകന്‍ 103 വര്‍ഷം ജീവിച്ചുവെന്നാണ് ഇതിലെ, അയുക്തികമല്ലാത്ത ഒരു കണ്ടുപിടിത്തം. 1854-ല്‍ പിറന്ന അദ്ദേഹം 1957-ല്‍ ആണത്രേ നിര്യാതനായത്! ഹോംസ് എന്ന ഭാവനാസൃഷ്ടിയുടെ കര്‍ത്താവായ കോനന്‍ ഡോയില്‍ ജനിച്ചതും മരിച്ചതും എല്ലാവര്‍ക്കും അറിയുന്ന വസ്തുതകളാണ്–ജനനം 1859-ല്‍, മരണം 1930-ല്‍. കഥാകാരന്‍ ജനിക്കുന്നതിനുമുമ്പ് കഥാപാത്രം പിറക്കുകയും കഥാകാരന്റെ മരണത്തിനുശേഷം കാല്‍നൂറ്റാണ്ടിലേറെക്കാലം കഥാപാത്രം ജീവിച്ചിരിക്കുകയും ചെയ്‌തെന്ന് നാം വിശ്വസിക്കണം. ഷെര്‍ലക് ഹോംസ് മരിക്കുന്ന കാലത്തിനടുത്താണ് ഈ ലേഖകന്‍ ആദ്യബിരുദം എടുക്കുന്നത്! ഷെര്‍ലക് അക്കാലത്ത് ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍, കപ്പലില്‍ കള്ളയാത്ര ചെയ്‌തെങ്കിലും ഞാന്‍ അവിടെച്ചെന്ന് അങ്ങോരെ കണ്ട് വണങ്ങിയേനേ!

നിത്യബ്രഹ്മചാരിയായിരുന്ന ഹോംസിന് ഏറ്റവും നിറഞ്ഞ സ്‌നേഹാദരങ്ങള്‍ തോന്നിയ ഐറീന്‍ ആഡ്‌ലര്‍ എന്ന സ്ത്രീയില്‍ ഒരു കുഞ്ഞുണ്ടായിരുന്നുവെന്നും ഹോംസ് അഭിനയിച്ചിരുന്നുവെന്നും കേംബ്രിഡ്ജില്‍ പഠിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ മരണത്തിന്റെ വക്ത്രംവരെ എത്തിച്ച വന്‍ ക്രിമിനല്‍പുള്ളിയായ പ്രൊഫസര്‍ മൊറിയാര്‍ട്ടി അദ്ദേഹത്തെ പഠിപ്പിച്ചിരുന്നുവെന്നും മറ്റുമുള്ള ഞെട്ടിക്കുന്ന നിഗമനങ്ങള്‍ കണക്കില്ലാതെ ഈ പുസ്തകത്തിലും, ഇതുപോലുള്ള മറ്റ് പുസ്തകങ്ങളിലും നമുക്ക് വായിക്കാന്‍ കിട്ടും. ഇത്തരം ‘പിരാന്തു’ കള്‍ക്കായി ആളുകള്‍ ആയുസ്സും സമ്പത്തും ചെലവാക്കുന്നല്ലോ എന്ന് നമ്മില്‍ മിക്കവരും ആശ്ചര്യപ്പെടുന്നുണ്ടാകാം. ഇങ്ങനെ രണ്ടോ മൂന്നോ കിറുക്കന്മാരെങ്കിലും ഈ മഹാരാജ്യത്തില്‍ ഇല്ലാതെപോയല്ലോ എന്ന് ഞാന്‍ വിഷാദിക്കുന്നു.
ഇങ്ങനെ ലോകത്തിന്റെ ഹൃദയത്തെ, സര്‍വോപാധികള്‍ക്കും അപ്പുറത്തുനിന്ന്, സദാ ആകര്‍ഷിച്ചു കഴിയുന്ന ഒരു കഥാപാത്രത്തെ നിര്‍മ്മിച്ച ഒരു ഗ്രന്ഥകാരന്റെ മനോഭാവം മനസ്സിലാക്കുക എളുപ്പമല്ല. മകന്‍ പഠിപ്പിലും പ്രശസ്തിയിലും ജനപ്രീതിയിലും എല്ലാം തന്നെ തോല്പിച്ചുവെന്നറിയുന്ന പിതാവ്, പെരുന്തച്ചനെപ്പോലെ, മകന്റെ ജീവനൊടുക്കാന്‍, അറിയാതെയെങ്കിലും, തുനിഞ്ഞുവെന്ന് വരാം. ആ ഒരു ഗത്യന്തരമില്ലായ്മയില്‍നിന്നാണ്, ഹോംസിന്റെ വിക്രമങ്ങള്‍ എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന് കോനന്‍ ഡോയിലിനു തോന്നിയത്. കോനന്‍ ഡോയിലിന്റെ ജീവിതം സമ്പന്നമാക്കാന്‍ ഉപകരിച്ച ആ കഥാപാത്രത്തെ അദ്ദേഹം അങ്ങനെ വധിച്ചു. പക്ഷേ, ആ മരണത്താഴ്‌വരയില്‍നിന്നും ഹോംസ് കയറി തിരിച്ചു വന്ന് ശത്രുക്കളെ മുഴുവന്‍ സംഹരിച്ച് ഒടുവില്‍, താന്‍ എന്നും ആഗ്രഹിച്ചതുപോലെ, പൂക്കളും മറ്റും വളര്‍ത്തുന്ന ഒരു ഗ്രാമീണനായി കാലയാപനം ചെയ്ത് കഴിയുന്നുവെന്നാണ് ഒടുവിലത്തെ ഹോംസ് കഥയില്‍നിന്ന് നാം മനസ്സിലാക്കുന്നത്.

ഷെര്‍ലക് ഹോംസിന് പൂര്‍വികരോ അനുയായികളോ ഇല്ല. കോനന്‍ ഡോയില്‍ എഴുതുന്നതിനുമുമ്പ് അപസര്‍പ്പക കഥകള്‍ എഴുതിയ രണ്ടു പേരുണ്ടായിരുന്നു–എഡ്ഗാര്‍ അല്ലന്‍പോ എന്ന അമേരിക്കന്‍ സാഹിത്യകാരനും ഗബോറിയോ എന്ന ഫ്രഞ്ച് എഴുത്തുകാരനും. അല്ലന്‍പോവിന്റെ കഥകളും കവിതകളും വിശ്വവിശ്രുതങ്ങളാണ്. അദ്ദേഹം ചില കൊലപാതക കഥകളും ചില രഹസ്യാത്മകകഥകളും എഴുതിയിരുന്നു. കുറ്റം തെളിയിക്കുന്നതില്‍ അസാധാരണമായ വൈഭവം പ്രകടിപ്പിക്കുന്നവരായിരുന്നു പോവിന്റെ ഡ്യൂപിനും ഗബോറിയോവിന്റെ ലെകോക്കും. ഹോംസിന്റെ കൂട്ടുകാരനായിരുന്ന ഡോ. വാട്‌സന്‍ പോവിന്റെയും ഗബോറിയോവിന്റെയും കൃതികള്‍ വായിച്ച് ഈ കഥാപാത്രങ്ങളില്‍ ആകൃഷ്ടനായിരുന്നു. തന്നെ ഇവരോട് സാദൃശ്യപ്പെടുത്തുന്നത് തനിക്ക് ഒരിക്കലും പ്രശംസയാവുകയില്ലെന്ന്, വാട്‌സനെ അമ്പരപ്പിച്ചുകൊണ്ട്, ഹോംസ് തുറന്നടിച്ചു പറഞ്ഞു. ആദ്യത്തെയാള്‍ ‘ഒരു താണപുള്ളി’യും രണ്ടാംകക്ഷി ‘ദയനീയനായ അബദ്ധക്കാര’നും ആണെന്നാണ് ഹോംസിന്റെ കലവറയില്ലാത്ത അഭിപ്രായം. ഈ കാലത്തുതന്നെ ഇംഗ്ലീഷ് എഴുത്തുകാരനായ വില്‍കി കോളിന്‍സ് ‘ചന്ത്രകാന്തം’ (The Moon Stone) എന്ന ഒരു നീണ്ട നോവല്‍ എഴുതി പേരെടുക്കുകയുണ്ടായി. ഒരു രത്‌നം കളവുപോകുന്ന കഥാബീജമാണ് അതിലുള്ളത്. സര്‍ജന്റ് കഫ് എന്ന പോലീസുകാരനാണ് കളവ് അന്വേഷിക്കുന്നത്. പക്ഷേ, ഹോംസിന് അതും മാതൃകയായിരുന്നില്ല. ‘കേംബ്രിഡ്ജ് ആംഗല സാഹിത്യ ലഘുചരിത്രം’ എഴുതിയ ജോര്‍ജ്ജ് സാംപ്‌സന്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഷെര്‍ലക് ഹോംസിനെപ്പോലെ അത്യുന്നത പ്രതിഭയുടെ സൃഷ്ടിയായ ഒരു കഥാപാത്രത്തിന്റെ പൂര്‍വ്വികരെ അന്വേഷിക്കാതിരിക്കുന്നതാണ് ഉചിതം.

പൂര്‍വ്വികരില്ലെങ്കില്‍, പിന്തുടര്‍ച്ചക്കാരില്ല. കോനന്‍ ഡോയിലിന്റെ കാലത്തിനുശേഷം വളരെ വികാസം പ്രാപിച്ച ഒരു സാഹിത്യശാഖയാണ് അപസര്‍പ്പക കഥ. അന്തമില്ലാത്ത വ്യതിയാനങ്ങള്‍ അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെ മാറ്റക്കൊടുക്കലുകള്‍ വരട്ടെ, പാത്രസൃഷ്ടിയുടെ ഉജ്ജ്വലതയിലും അചുംബിതത്വത്തിലും ആകര്‍ഷകതയിലും ഇത്ര അന്യാദൃശമായ ഒരു കഥാപാത്രം ഈ സാഹിത്യവിഭാഗത്തില്‍ ഉണ്ടായിട്ടില്ല. കോനന്‍ ഡോയിലിനു ശേഷം വന്ന എഡ്ഗാര്‍ വാലസ് കുറ്റത്തിന്റെയും അക്രമത്തിന്റെയും അസ്പൃഷ്ടപൂര്‍വങ്ങളായ പല ഇരുള്‍മൂലകളും തുറന്നുതന്നെങ്കിലും ഈ കലാപരമായ പരിപൂര്‍ണ്ണതയില്‍ എത്തിയ ഒരു കഥാപാത്രവും ആ തമോഗര്‍ത്തത്തില്‍നിന്നു കാണാന്‍ കിട്ടുകയില്ല. അഗതാ ക്രിസ്റ്റിയുടെ ഹെര്‍ക്യുലെപോയ്‌റോവും മിസ് മാര്‍പിളും കുറ്റാന്വേഷണത്തില്‍ നമ്മെ പുത്തന്‍ വെളിച്ചങ്ങളുടെ പാതകളില്‍ എത്തിക്കുന്നുണ്ട്. പക്ഷേ, ഹോംസിന്റെ സര്‍വംവിധമായ പ്രഗല്ഭതയുടെ മുമ്പില്‍ ഇവര്‍ മങ്ങിപ്പോകുന്നു. ഇതുതന്നെ ഡൊറ്റോസി ഡെയേഴ്‌സിന്റെ പീറ്റര്‍ പിംസിയും ജോര്‍ജ് സിമനോന്‍ എന്ന ഫ്രഞ്ച്കഥാകാരന്റെ ഇന്‍സ്‌പെക്ടര്‍ മെയ്‌ഗ്രേയും. വലിയ കൊടുമുടിയെന്ന് ഘോഷിക്കുന്നത് Textഎവറസ്റ്റ് കാണുന്നതുവരെയല്ലേ നിലനില്‍ക്കുകയുള്ളൂ? ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡിനറുടെ പെരിമേസണ്‍ എന്ന ക്രിമിനല്‍ വക്കീലും ഹാഡ്‌ലി ചെയ്‌സിന്റെ പലതരം കുറ്റാന്വേഷകരും ഒരു വായനയ്ക്ക് കൊള്ളാം. തലമുറകളെ ഭ്രാന്തുപിടിപ്പിക്കുകയും മനുഷ്യ മനസ്സുകളെ രസാവേശത്തില്‍ മുക്കി സ്തംഭിപ്പിക്കുകയും ചെയ്യാന്‍ ഇവര്‍ക്കാര്‍ക്കും സാധ്യമല്ല.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

അപൂര്‍വനും അദ്വിതീയനുമായ അപസര്‍പ്പക ചക്രവര്‍ത്തിയാണ് കോനന്‍ ഡോയിലിന്റെ ഷെര്‍ലക് ഹോംസ്.

എന്തുകൊണ്ട്? വര്‍ണനത്തിന്റെ ചടുലത, സംഭവങ്ങളുടെ നാടകീയത, കുറ്റാന്വേഷണത്തിലെ ശാസ്ത്രീയതും യുക്തിപൂര്‍ണതയും, ഹോംസ്- വാട്‌സണ്‍ കൂട്ടുകെട്ടിന്റെ മനോഹരമായ പരഭാഗശോഭ, അന്തരീക്ഷ സൃഷ്ടിയുടെ ഭാവസാന്ദ്രത, കഥകളുടെ പ്രാദേശിക പശ്ചാത്തലങ്ങളുടെ നിസ്സീമമായ വൈവിധ്യം, കുറ്റം ചെയ്യുന്നവന്റെയും കുറ്റത്തിന് ഇരയാകുന്നവന്റെയും മനസ്സിന്റെ അഗാധ തലങ്ങളില്‍ എത്തിച്ചേരുന്ന അന്വേഷണത്തിന്റെ സൂക്ഷ്മതയും ആര്‍ദ്രതയും, മനുഷ്യവികാരങ്ങളുടെ വിലാസവൈചിത്ര്യം, ഭാഷ പ്രയോഗിക്കുന്നതില്‍ കാണിക്കുന്ന മിതത്വത്തിന്റെ ബലവും സൗന്ദര്യവും–ഇങ്ങനെ എണ്ണിപ്പറഞ്ഞാല്‍ തീരാത്ത രചനാവിശേഷങ്ങളുടെ നൃത്തവേദിയാണ് കോനന്‍ ഡോയിലിന്റെ കഥാലോകം.

ആദ്യമായി ഹോംസ്‌കഥകള്‍ വായിച്ചുതുടങ്ങുന്ന ആസ്വാദകന്‍, നാം അധികം പേരില്‍ കണ്ടിട്ടില്ലാത്ത സൂക്ഷ്മാവലോകന ശക്തിയുടെ പ്രയോഗവും അതുകൊണ്ട് ഹോംസ് ഉളവാക്കുന്ന വിസ്മയവുംകൊണ്ടുതന്നെ സ്തബ്ധനായിപ്പോകും. ഹോംസിന്റെ കൂടെ താമസിച്ചുപോന്ന ഡോ. വാട്‌സണ്‍ ഈ സാധാരണ വായനക്കാരന്റെ പ്രതീകമാണ്. ഹോംസും വാട്‌സനും ആദ്യമായി തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഹോംസ് വാട്‌സന്റെ പൂര്‍വകഥയിലെ പ്രധാന സംഭവങ്ങള്‍ പലതും വിളിച്ചുപറയുന്നു. ചന്തിരൂര്‍ ജ്യോത്സ്യന്റെ മുമ്പില്‍ എത്തിപ്പെടുന്ന അഭ്യസ്തവിദ്യനെപ്പോലെ പ്രവചനം കേട്ട് അന്തംവിട്ടുപോകുന്നു വാട്‌സന്‍. ഈ വസ്തു പ്രവചനത്തിന്റെ വിശദീകരണം ലഭിക്കുമ്പോള്‍, സംഗതി വളരെ എളുപ്പമെന്ന് വാട്‌സന്‍ സമ്മതിക്കുന്നു. അതിസൂക്ഷ്മമായ നിരീക്ഷണശക്തിയാണ് ഹോംസിന്റെ അടിയിലത്തെ കഴിവ്. ദിവസേന നാം നടന്നുകയറുന്ന ഗേറ്റ് പടവുകള്‍ എത്രയുണ്ടെന്ന് നമുക്കറിയില്ല. ഹോംസിന് അതും തിട്ടമായി അറിയും. ഇതാണ് ഹോംസിനും നമ്മെപ്പോലുള്ളവര്‍ക്കും തമ്മിലുള്ള അകലം.

പക്ഷേ, കഥ മഹനീയമായ കലാസൃഷ്ടിയാകാന്‍ കഥാനായകന് ഈ വൈഭവം ഉള്ളതുകൊണ്ട് ആയില്ല. കഥാപാത്രങ്ങളുടെ നിപുണമായ സ്വഭാവോന്മീലനം, ശൈലീചാരുത, ഭാവങ്ങളുടെ അവഗാഹത തുടങ്ങി പലതും ചേരാനുണ്ട് കഥയില്‍. എല്ലാറ്റിലും സമ്പന്നനാണ് കഥാകാരനായ ഡോയില്‍. അദ്ദേഹം ‘ഠവല ഴമാല ശ െമളീീ േമഴമശി’ എന്നെഴുതിയാല്‍, പ്രതീക്ഷാ നിര്‍ഭരമായ ഉത്സാഹപ്രകര്‍ഷവും ഭയാശങ്കകളുടെ വളരെ നേര്‍ത്ത ഒരു നിഴല്‍വീശലും പൂര്‍വ്വാനുഭവങ്ങളുടെ ഓര്‍മ്മയുണര്‍ത്തലും എല്ലാം ചേര്‍ന്ന് ആ വാക്യം ഒരു കാവ്യശകലംപോലെ ഭാസുരമായിത്തീരുന്നു. കവിതപോലെ ഇത് വിവര്‍ത്തനാസഹമായിത്തീരുകയും ചെയ്യുന്നു. ഈ വാക്യം ‘കളി വീണ്ടും തുടങ്ങുകയായി’ എന്ന് തര്‍ജ്ജമ ചെയ്താല്‍, മൂലപദത്തില്‍ അടങ്ങിയ നായാട്ടിന്റെ സൂചന നഷ്ടമാകുന്നു. അതു മാത്രമല്ല, പലതും നഷ്ടമാകുന്നു.

ഷെര്‍ലക് ഹോംസ് കഥകള്‍ മലയാളത്തില്‍ ഏറെയെല്ലാം തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ചിലതെല്ലാം ഉപജീവിച്ച് എഴുതപ്പെട്ടിട്ടും ഉണ്ട്. രണ്ടു രീതിയിലും അവ ഇവിടത്തെ വായനക്കാരെ തൃപ്തിപ്പെടുത്തിയെന്ന് തോന്നുന്നില്ല. മികച്ച എഴുത്തുകാര്‍ക്ക് ഹോംസ് കഥകളോട് വേണ്ടത്ര സംസര്‍ഗമുണ്ടായില്ല എന്നതും ഈ നിലവാരക്കുറവിനു കാരണമായിട്ടുണ്ട്. എന്റെ അറിവില്‍ മലയാറ്റൂര്‍ രാമകൃഷ്ണനാണ് കോനന്‍ ഡോയിലിന്റെ കുറ്റാന്വേഷണകഥകളുടെ മൂല്യം മനസ്സിലാക്കിയ എഴുത്തുകാരില്‍ പ്രമുഖന്‍. ‘മഞ്ഞമുഖം’ തുടങ്ങിയ അതിവിഖ്യാതങ്ങളായ കഥകള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നമ്മുടെ വിമര്‍ശകന്മാരും കുറ്റാന്വേഷണ കഥാലോകം അഭിജാത സാഹിത്യമായി കണ്ടിട്ടില്ലെന്ന് തോന്നുന്നു. പാശ്ചാത്യ കഥാസമാഹാരങ്ങളില്‍ ഹോംസ് കഥകള്‍ക്ക് പ്രവേശം ഒരിക്കലും നിഷേധിക്കപ്പെട്ടിട്ടില്ല. നമ്മുടെ ആദ്യകാല കഥാകാരന്മാരില്‍ പലരും കുറ്റാന്വേഷണസ്വഭാവമുള്ള കഥകള്‍ എഴുതുന്നതില്‍ തത്പരരായിരുന്നു. അമ്പാടി നാരായണപ്പൊതുവാളുടെ ‘ഉളിപിടിച്ച കൈയ്’ എന്ന കഥയുടെ ഉള്ളടക്കം മുഴുവന്‍ വിസ്തരിച്ചു പറഞ്ഞിട്ടും നമ്മുടെ ഒരു ചെറുകഥാചരിത്രകാരന് ആ കഥയുടെ പിന്നിലുള്ള ഹോംസ്മണം പിടികിട്ടിയില്ല. അന്നെന്നപോലെ ഇന്നും ഈ അജ്ഞതയിലാണ് നമ്മുടെ നില്പ്. ഇതുകണ്ട് മടുത്തിട്ടാണ് മുമ്പ് ഞാന്‍ എഴുതിയത്, നല്ല എഴുത്തുകാര്‍ നല്ല അപസര്‍പ്പകകഥകള്‍ എഴുതാന്‍ മുന്നോട്ടു വരുന്നില്ലെങ്കില്‍ ഞാന്‍ തന്നെ അത്തരമൊരു കഥ എഴുതിക്കളയുമെന്ന്! എന്റെ ഭീഷണി ഫലിച്ച ലക്ഷണമില്ല. എല്ലാറ്റിലും പുതിയ പ്രവേശനകവാടങ്ങള്‍ കണ്ടെത്താന്‍ ഉത്സാഹിച്ച അപ്പന്‍ തമ്പുരാന്‍ ഡിറ്റക്ടീവ് കഥയിലും പുതിയ പാത വെട്ടാന്‍ മുതിരുകയുണ്ടായി. നല്ല ഉദ്ദേശ്യമായിരുന്നു. ലഭിച്ചത് ‘ഭാസ്‌കരമേനോന്‍’ ആയെന്നുമാത്രം! കുറ്റാന്വേഷണം ഇതിവൃത്തമാക്കിയതുകൊണ്ട് ഒരു കഥയും ചീത്തയാവില്ല. അതിന്റെ ആഴങ്ങളില്‍ എത്തിച്ചേരാനുള്ള പ്രതിഭയുടെ വെളിച്ചം മനസ്സില്‍ വേണം. മലയാള സാഹിത്യം എല്ലാ വിഭാഗങ്ങളിലും പിന്നിലാണെന്നു പറയുന്നവര്‍ക്ക്, ഹാജരാക്കാന്‍ പറ്റിയ ഒരു തെളിവുകൂടി ഇതാ ഇവിടെ കിടക്കുന്നു.

ഏത് ഇതിവൃത്തത്തിലും ഒരു അന്വേഷണസത്യം കണ്ടെത്താന്‍ ഉണ്ടായിരിക്കും. രാമായണത്തില്‍ ആദികവി നരോത്തമനെ അന്വേഷിച്ചുപോയി. ശാകുന്തളത്തില്‍ പ്രേമപൂര്‍ണമായ ദാമ്പത്യം അന്വേഷിക്കപ്പെടുന്നു. കൊന്നവനും മോഷ്ടിച്ചവനും ആരെന്ന് അന്വേഷിക്കുമ്പോള്‍ എഴുത്തുകാരന്റെ കണ്ണ് പല നിഗൂഢതകളും അനാവരണം ചെയ്യാന്‍ പറ്റിയാല്‍ നല്ല ഡിറ്റക്ടീവ് കഥകളായി. കോനന്‍ ഡോയില്‍ ഷെര്‍ലക് ഹോംസ് കഥകളിലൂടെ കാട്ടിത്തന്നത് ഈ ദര്‍ശന മഹത്ത്വത്തിന്റെ വിശിഷ്ടതയാണ്. ആ ഇംഗ്ലീഷുകഥാകാരന്റെ ഭാഷയില്‍ അനശ്വരപ്രഭയോടെ ഉയര്‍ന്നുവന്ന ഷെര്‍ലക് ഹോംസ് എന്ന ദുഷ്ട സംഹര്‍ത്താവും സാധുസംരക്ഷകനും ധര്‍മ്മസംസ്ഥാപകനുമായ ഐതിഹാസിക കഥാപാത്രത്തിന് മലയാള സാഹിത്യത്തില്‍ ഇതിനുമുമ്പുണ്ടായിട്ടില്ലാത്ത പുതുജീവന്‍ നല്‍കുവാന്‍ ഈ പുതിയ സമ്പൂര്‍ണ വിവര്‍ത്തനത്തിന് സാധിക്കുമാറാകട്ടെ!

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

തൂശൂര്‍ 10
ആഗസ്റ്റ് 7, 1995

Comments are closed.