DCBOOKS
Malayalam News Literature Website

വായനയുടെ മഹോത്സവത്തിന് ഷാർജയിൽ തിരിതെളിഞ്ഞു

ചിത്രത്തിന് കടപ്പാട്-ഗള്‍ഫ് ന്യൂസ
ചിത്രത്തിന് കടപ്പാട്-ഗള്‍ഫ് ന്യൂസ്

 

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 42-ാമത് പതിപ്പിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തിരിതെളിഞ്ഞു. ഷാര്‍ജ അല്‍ തവൂനിലെ എക്‌സ്‌പോ സെന്ററില്‍ ഇന്നലെയാണ് വായനയുടെ മഹോത്സവം ആരംഭിച്ചത്. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പുസ്തകമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘ഞങ്ങള്‍ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ മേള ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) സംഘടിപ്പിക്കുന്നത്. കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി സി ബുക്‌സ് (Hall Number 7 | Stand No 28-ZB ) ഇത്തവണയും മേളയിൽ സജീവമാണ്.  അറബിഭാഷയിലുള്ള പ്രസാധകര്‍ക്കുമാത്രം നല്‍കിയിരുന്ന പുരസ്‌കാരം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കാന്‍ ഷാര്‍ജ ബുക്ക് അതോറിറ്റി തീരുമാനിച്ചപ്പോള്‍ ആദ്യഅംഗീകാരം തന്നെ ഡി സി ബുക്‌സിന് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രസാധകസ്ഥാപനവും ഡി സി ബുക്‌സാണ്.

ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും നിരവധി പ്രമുഖരെത്തും. സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചുളള കാര്യങ്ങളും ജീവിതാനുഭവങ്ങളും സദസ്സുമായി പങ്കുവയ്ക്കും.

‘വീട്ടുരുചിക’ ളുമായി ഷെഫ് സുരേഷ് പിള്ള, ചന്ദ്രയാന്‍-മൂന്നിന്റെയും ആദിത്യ എല്‍-വണ്ണിന്റെയും വിജയ കഥകളുമായി ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ് സോമനാഥ്‌, . ‘മൂന്ന് കല്ലുകള്‍’ എന്ന പുസ്തകത്തിന്റെ വിശേഷങ്ങളുമായി അജയ് പി മങ്ങാട്ട്, ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ മുരളി തുമ്മാരുകുടി തുടങ്ങി പ്രമുഖർ പുസ്തകമേളയുടെ ഭാഗമാകും. നവംബര്‍ 12ന് പുസ്തകമേള അവസാനിക്കും.

 

Comments are closed.