DCBOOKS
Malayalam News Literature Website

ഓര്‍മ്മകളുടെ അച്ചുതണ്ടില്‍ കറങ്ങുന്ന കഥകള്‍!

ബൈജു നടരാജന്‍

ശബ്ദം വാക്കുകളാവുകയും അതിൽ അർഥം വന്നു മൊട്ടിട്ടു പൂത്തുലഞ്ഞു ഫലം നിറയുകയും ചെയ്യന്ന നൈസർഗികതയാണ് ശബ്ദതാരാപഥത്തിന്റെ അനുഭൂതി മണ്ഡലം. മനുഷ്യ സഹജമായ എല്ലാ വികാര വിചാരങ്ങളും സ്മരണകളിൽ ആവാഹിച്ചു കഥപറച്ചിലിന്റെ സകല ഊർജവും പ്രസരിപ്പിക്കുന്ന പുസ്തകം. Textബഷീറിനെക്കുറിച്ചു എം ടി വാസുദേവൻ നായർ ഇങ്ങനെ പറയുന്നുണ്ട് “ പ്രാചീനകാലത്തെ അറേബിയൻ ലോകങ്ങളിലെ നഗരങ്ങളിൽ, ചന്തകളിൽ, കൂടാരങ്ങൾ കെട്ടി കഥ പറഞ്ഞിരുന്നവരെപ്പറ്റി പുസ്തകങ്ങളിൽ നാം വായിച്ചിട്ടുണ്ട്. സംഗീതവും തത്വശാസ്ത്രവും ഹാസ്യവും ശോകവും ജീവിതാവബോധവും എല്ലാമുള്ള അവർ കഥ കേൾക്കാൻ വരുന്നവരെ വാമൊഴിയിലെ സൃഷ്ടികൾകൊണ്ട് വിരുന്നൂട്ടി ചിരിപ്പിച്ചു. കരയിപ്പിച്ചു. കരളിൽ പ്രേമത്തിന്റെ കിനാവുകൾ വിരിയിച്ചു. വീണ്ടും പട്ടുനൂൽക്കെട്ടിന്റെ തുമ്പഴിക്കാൻ തുടങ്ങുന്ന അടുത്ത സന്ധ്യയെ ഓർത്തുകൊണ്ട്, കേൾവിക്കാർ നെടുവീർപ്പോടെ കൂടാരങ്ങൾ വിട്ടിറങ്ങും. കഥക്ക് വേണ്ടിയുള്ള കാത്തിരുപ്പായി അവർക്കു മുഷിഞ്ഞ പകലുകൾ. ആ കാഥികൻമാരുടെ പാരമ്പര്യത്തിന്റെ ചൈതന്യധാര ബഷീർ എന്ന കാഥികനിലുണ്ട്.” അതേ ചൈതന്യധാര റസൂൽ പൂക്കുട്ടിയുടെ ആത്മകഥാഖ്യാനത്തിലുമുണ്ട്.

ഓർമകളാണ് റസൂലിൻ്റെ കഥകളുടെ അച്ചുതണ്ട്. ഉമ്മ, ബാപ്പ, ഭാര്യ, മക്കൾ സുഹൃത്തുക്കൾ, ലോകത്തിലെ സൂപ്പർ സ്റ്റാറുകൾ, അപ്രശസ്തരായ -അധ്വാന ശീലരായ – സാധാരണ മനുഷ്യന്റെ ഉജ്ജ്വല രൂപങ്ങൾ തുടങ്ങി സിനിമയിലെ കലയും ശബ്ദത്തിലെ കാര്യങ്ങളും എല്ലാം നർമ്മം കലർന്ന വിളക്കുപാറ ശൈലിയിൽ കാര്യംപറഞ്ഞു നിറയുമ്പോൾ ആ ഓർമകളുടെ കാരണ സ്ഥാനത്തു നില്കുന്ന പ്രപഞ്ച സ്നേഹമാണ് ഈ കഥകളെ മഹത്തരമാക്കുന്നത്. ഓസ്‌ക്കാർ വേദിപോലെ പ്രഭ ചൊരിയുന്നതും ഓംങ്കാര നാദംപോലെ പ്രാചീനതയുൾക്കൊള്ളുന്നതുമായ ഒരുറ്റ സാമീപ്യമായി പുസ്തകപ്രിയർക്ക് എക്കാലവും കൊണ്ടുനടന്നു പലവട്ടം വായിക്കുകയും ഒപ്പം ജീവിക്കുകയും ചെയ്യാവുന്ന കൃതിയാണ് ഇത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.