DCBOOKS
Malayalam News Literature Website

നഷ്ടങ്ങളുടെ കണക്കു മാത്രമല്ല കാൻസറിന് പറയാനുള്ളത്…!

ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം എഴുതിയ ‘കാന്‍സറും ചിത്രശലഭങ്ങളും’ എന്ന ബുക്കിന് അര്‍ച്ചന മെര്‍ലിന്‍ എഴുതിയ വായനാനുഭവം

നമ്മുടെയെല്ലാം മനസ്സിൽ ഉരുണ്ടു കൂടുന്ന ചില മഴക്കാറുകൾ ഉണ്ട്. അതിൽ ചിലത് നല്ല ഓർമകളും ചിലത് നൊമ്പരപ്പെടുത്തുന്ന ഓർമകളുമാണ്. വിതുമ്പി നിൽക്കുന്ന ചിലത്… ഒരു തണുത്ത നിശ്വാസം ഏറ്റാൽ മതി അത് ആർത്തലച്ചു പെയ്യും.

അങ്ങനെ തന്റെ ചില അനുഭവങ്ങൾ കോറിയിടുകയാണ് “കാൻസറും ചിത്രശലഭങ്ങളും” എന്ന ബുക്കിലൂടെ ഡോക്ടർ സഞ്ജു സിറിയക്. കാൻസർ എന്ന് കേൾക്കുമ്പോൾ മരണം അല്ലെങ്കിൽ നഷ്ടമെന്നേ ആരുടെയും മനസ്സിൽ Textവരൂ. എന്നാൽ കാൻസറിന് പറയാനുള്ളത് നഷ്ടങ്ങളുടെ മാത്രമല്ല പ്രചോദനങ്ങളുടെ കണക്കു കൂടി ആണെന്ന് ഈ ഓർമ്മകളിലൂടെ ഡോക്ടർ വരച്ചുകാട്ടുന്നു. ലാളിത്യമേറിയ ഭാഷയിലൂടെ ഏതൊരു വായനക്കാരനെയും മനസ്സിൽ ഇടം പിടിക്കാൻ ഈ ബുക്കിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ അധ്യായങ്ങളിലും ഓരോ മനുഷ്യരുടെയും ജീവിതം കാണാം. ചിലത് വായിച്ചപ്പോൾ കരഞ്ഞു… മറ്റു ചിലത് എന്നെ പുഞ്ചിരിപ്പിച്ചു… മറ്റു ചിലത് ചിന്തിപ്പിച്ചു…

അതോടൊപ്പം നമ്മുടെ സമൂഹത്തിന് കാൻസറിനെക്കുറിച്ച് അല്ലെങ്കിൽ രോഗികളെ കുറിച്ച് കുറിച്ചുള്ള അവബോധം ഡോക്ടർ എടുത്തു കാണിക്കുന്നു. തീർച്ചയായും ഓരോ കാൻസർ രോഗിയെയും ചിത്രശലഭത്തോട് ഉപമിക്കാം. പുഴുക്കൾ ആയിരുന്ന അവർ പൂമ്പാറ്റകളായി മാറുന്നു. “അമ്മ” എന്ന കഥയിലൂടെ ആരംഭിക്കുന്ന ഡോക്ടർ “മീനു” എന്ന കഥയിൽ ബുക്ക് അവസാനിപ്പിക്കുന്നു. ഓരോ അധ്യായങ്ങളും ഓരോ ജീവിതങ്ങളാണ്. അതിലുപരി ഡോക്ടറുടെ അനുഭവങ്ങളാണ്. ഇതിൽ പറഞ്ഞിരിക്കുന്ന ഓരോരുത്തരുടെയും വികാരവിചാരങ്ങൾ ഡോക്ടറുടെ വരികളിലൂടെ ഒപ്പിയെടുക്കാം.

നമ്മുടെ സമൂഹം എപ്പോഴും കാൻസർ രോഗികളുടെ മാനസിക ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളെക്കുറിച്ചും മാത്രമേ സംസാരിക്കാറുള്ളൂ. എന്നാൽ രോഗി കടന്നുപോകുന്ന ഓരോ മാനസികാവസ്ഥയിൽ ഡോക്ടറും കൂടി കടന്നുപോകുന്നു എന്നൊരു ഓർമ്മപ്പെടുത്തൽ ഈ പുസ്തകത്തിലുണ്ട്.

ഡോക്ടറുടെ ചികിത്സ അനുഭവങ്ങളുടെ ഒരുഭാഗം മാത്രമേ ഈ ബുക്കിലുള്ളൂ. ഈ ബുക്കിന്റെ അടുത്ത പാർട്ടായി ഇനിയും അനുഭവങ്ങളും ഓർമ്മകളും എഴുതാൻ, മറ്റുള്ളവർക്ക് പ്രചോദനമാകാൻ, ഡോക്ടർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

“കാണാത്ത ലോകം കാണിക്കുകയും
കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും
ചെയ്യുന്ന മാന്ത്രികരാണ്
പല പുസ്തകങ്ങളും.”

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.