DCBOOKS
Malayalam News Literature Website

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുന്നു; പരാതിക്കാരനെതിരെ കേസെടുക്കുമെന്ന് ബിഹാര്‍ പൊലീസ്

പാറ്റ്‌ന: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയതിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത വ്യക്തികള്‍ക്കെതിരെ എടുത്ത രാജ്യദ്രോഹകേസ് അവസാനിപ്പിക്കാന്‍ ബിഹാര്‍ പൊലീസ് തീരുമാനിച്ചു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതില്‍ പരാതിക്കാരനെതിരെ കേസെടുക്കുമെന്നും ബിഹാര്‍ പൊലീസ് അറിയിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ, ശ്യാം ബെനഗല്‍, അപര്‍ണ സെന്‍, മണിരത്‌നം, അനുരാഗ് കശ്യപ് തുടങ്ങി 49 പ്രമുഖ വ്യക്തികള്‍ക്കെതിരെയാണ് ബിഹാര്‍ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സുധീര്‍ ഓജ എന്ന അഭിഭാഷകനാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. കത്തയച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും പ്രധാനമന്ത്രിയുടെ സദ്ഭരണത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായിരുന്നു ഇയാളുടെ പരാതി.

പൊതുജനശ്രദ്ധ നേടാന്‍ വേണ്ടി മാത്രമായിരുന്നു ഇയാള്‍ പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കേസ് അവസാനിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് വക്താവ് അറിയിച്ചു.

Comments are closed.