DCBOOKS
Malayalam News Literature Website

വിവര്‍ത്തനങ്ങളില്‍ നഷ്ടപ്പെടാതെ

സിവിക് ജോണ്‍ എഴുതിയ ‘ സീസണ്‍ ഫിനാലെ’ എന്ന പുസ്തകത്തിന് വിവേക് ചന്ദ്രന്‍ എഴുതിയ അവതാരിക

സിവിക് ജോണ്‍ എഴുതി തുടങ്ങിയിട്ടേയുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ കഥകളെ വലിയ പ്രതീക്ഷയോടെ വായിക്കുന്ന ഒരു വായനാ സമൂഹം രൂപപ്പെട്ടുകഴിഞ്ഞു. അവര്‍ സിവിക്കിന്റെ കഥകളില്‍ നിന്നും കണ്ടെടുക്കുന്ന സവിശേഷമായ സംഗതി മനുഷ്യന്റെ ഒറ്റപ്പെടലിനെ കുറിച്ച് ആ കഥകള്‍ പങ്കുവെക്കുന്ന വേവലാതിയാണ്. പുതിയ ലോകക്രമത്തില്‍ ഒറ്റയായിപ്പോകുന്ന ഒരുപറ്റം മനുഷ്യരില്‍ അല്പം പ്രതീക്ഷ നിറയ്ക്കാന്‍ സിവിക്കിന്റെ കഥകള്‍ക്ക് ആവുന്നുണ്ട്.

മനുഷ്യന്‍ അവന്റെ ഏകാന്തമായ ജീവിതസാഹചര്യങ്ങളെ അസാധാരണമായ തരത്തില്‍ മറികടക്കുന്ന മൂന്നു സന്ദര്‍ഭങ്ങളാണ് സിവിക്ക് ഈ സമാഹാരത്തിലെ മൂന്നു കഥകളിലൂടെ Textവിവരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കൂട്ടില്ലാതായിപ്പോകുന്ന മനുഷ്യന്‍ അവന്റെ ഏകാന്തതയെ മറ്റൊരു ജീവനുമായി വിനിമയം ചെയ്യാനുള്ള ഉപാധിയായി വിവര്‍ത്തനം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ കഥകളുടെ കാതല്‍.

‘സീസണ്‍ ഫിനാലെ’ എന്ന കഥ വിവരിക്കുന്നത് തന്റെ വളര്‍ത്തുമൃഗങ്ങളുമായി മനുഷ്യന് സംവദിക്കാനുതകുന്ന ഒരു ശാസ്ത്രഗവേഷണത്തിന്റെ നാള്‍വഴികളാണ്. അങ്ങനെയൊരു കണ്ടുപിടിത്തത്തിന്റെ മറ്റ് അനന്തരഫലങ്ങളെയൊക്കെ മാറ്റിനിര്‍ത്തി അതില്‍ സിവിക്ക് കാണുന്ന ഏറ്റവും വലിയ സാധ്യത അത് ജോലിക്ക് പോകുന്ന അവിവാഹിതരായ മദ്ധ്യവയസ്‌കര്‍, മക്കളെ പിരിഞ്ഞിരിക്കുന്ന വൃദ്ധരായ മാതാപിതാക്കള്‍, ഇണയുടെ മരണത്തിനു ശേഷം ഏകാന്തവാസം നയിക്കുന്നവര്‍ എന്നിങ്ങനെ തനിച്ചായിപ്പോകുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോട് ഒരു മനുഷ്യനോടെന്ന പോലെ സംവദിക്കാം എന്ന പ്രതീക്ഷയാണ്.

‘ചില നേരങ്ങളില്‍ ചിലര്‍’ എന്ന ഈ സമാഹാരത്തിലെ ഏറ്റവും നീണ്ട കഥ പറയുന്നത് വിഭാര്യനായ ഫ്രാന്‍സിസ് എന്ന കാര്‍ട്ടൂണിസ്റ്റിന്റെയും അഴഗ് എന്ന വിധവയുടെയും സായാഹ്നനടത്തങ്ങളെ കുറിച്ചാണ്. സിവിക്ക് മറ്റ് രണ്ടു കഥകളിലും ആശ്രയിച്ച വിവരണരീതി വിട്ട് തമിഴും മലയാളവും കലര്‍ന്ന സംഭാഷണങ്ങളിലൂടെയാണ് ഈ കഥ വികസിക്കുന്നത്. ‘വാര്‍ധക്യത്തിലെ ഏകാന്തത’ എന്ന കേട്ടുപരിചയിച്ച കഥാതന്തുവിനെ വായനയ്ക്ക് ശേഷവും മനസ്സില്‍ സജീവമായി കിടക്കുന്ന മിഴിവുള്ള ചിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കുന്നുണ്ട് സിവിക്കിന്.

‘സോള്‍ കിച്ചന്‍’ എന്ന കഥ വിഷാദത്തിനു ചികിത്സയില്‍ കഴിയുന്ന ആരതി അവളുടെ പൂര്‍വ്വ ജീവിതത്തില്‍ കണ്ടുമുട്ടിയ സ്‌നേഹമുള്ള മനുഷ്യരെക്കുറിച്ച് എഴുതിയ ഓര്‍മ്മപുസ്തകത്തിന്റെ ഏതാനും താളുകളാണ്. എന്നാല്‍ ഒരു പതിവ് ദിനക്കുറിപ്പിന്റെ രൂപത്തില്‍ നിന്നുമൊക്കെ വളര്‍ന്ന് അത് ഒരു പാചകപുസ്തകത്തിന്റെ ഘടനയിലാണ് ആരതി അവതരിപ്പിക്കുന്നത്. ഓരോ മനുഷ്യനെയും താന്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നപ്പോള്‍ ആസ്വദിച്ച ഭക്ഷണത്തിന്റെ രുചി കൊണ്ട് അടയാളപ്പെടുത്താനുള്ള ആരതിയുടെ ശ്രമം കൗതുകകരമാണ്.

സാര്‍ഥകമായ വായനയെന്നാല്‍ എനിക്ക് അതുവരെയും അകത്തു നിന്നും പുറത്തുനിന്നും കേട്ടുകൊണ്ടിരിക്കുന്ന ശബ്ദങ്ങളില്‍ നിന്നും എന്റെ ഏകാഗ്രതയെ പടിപടിയായി അടര്‍ത്തിമാറ്റി ശാന്തമായി കിടക്കുന്ന ഒരു കുഞ്ഞു ദ്വീപില്‍ കൊണ്ടുചെന്നിറക്കലാണ്. അങ്ങനെയൊരു യാത്ര ഈ പുസ്തകത്തിലെ കഥകള്‍ തീര്‍ച്ചയായും ഉറപ്പുതരുന്നുണ്ട്. പരിണാമ ഗുപ്തിയെ മാത്രം ആശ്രയിക്കാതെ മിഴിവുള്ള കഥാപാത്രങ്ങളിലൂടെയും പുതുമയുള്ള കഥാസന്ദര്‍ഭങ്ങളിലൂടെയും കഥകളെ രൂപപ്പെടുത്തുന്ന സിവിക്കിന്റെ ആവിഷ്‌കാരശൈലിക്ക് വരുംകാലങ്ങളില്‍ വലിയ വായനാസമൂഹത്തിന്റെ പിന്‍ബലം ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട് ‘സീസണ്‍ ഫിനാലെ’ എന്ന ഈ കഥാസമാഹാരം പ്രിയ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

പുസ്തകം  വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.