DCBOOKS
Malayalam News Literature Website

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് വിടവാങ്ങി

ഏറ്റുമാനൂർ ∙ മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് (64) അന്തരിച്ചു. ദേശീയ അവാർഡ് നേടിയ സംവിധായകനുമായിരുന്നു. ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ പേരൂർ ജവാഹർ നഗർ റോസ് വില്ല വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ ഉടൻ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, ശ്യാമ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത്, നായർ സാബ്, സംഘം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി കരുത്തേറിയ തിരക്കഥകളിലൂടെ 1980 കളിലും 90 കളിലും മെഗാഹിറ്റുകളുടെ നീണ്ട നിര തന്നെയൊരുക്കിയ ഡെന്നിസ് സംവിധായകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

ഉജ്വലമായ കഥാപാത്ര സൃഷ്ടിയിലൂടെയും തീപാറുന്ന ഡയലോഗുകളിലൂടെയും മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാര പദവിയിലെക്കുയർത്തുന്നതിൽ ഡെന്നിസിന്റെ തൂലിക വഹിച്ച പങ്ക് വളരെ വലുതാണ്. മികച്ച ബാലചിത്രത്തിനുളള ദേശീയപുരസ്കാരം നേടിയ മനു അങ്കിൾ, അഥർവം, തുടർക്കഥ, അപ്പു, അഗ്രജൻ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

സിനിമാ നിർമാതാവും നടനുമായ പ്രേം പ്രകാശിന്റെയും പ്രമുഖ നടൻ ജോസ് പ്രകാശിന്റെയും സഹോദരി ഏലിയാമ്മ ജോസഫിന്റെ മകനാണ്.

ഭാര്യ: ലീന ഡെന്നീസ്, മക്കൾ: എലിസബത്ത് (ഓസ്ട്രേലിയ), റോസി, ജോസ്.

Comments are closed.