DCBOOKS
Malayalam News Literature Website

സതീഷ് ധവാന്റെ ജന്മവാര്‍ഷികദിനം

ഇന്ത്യയിലെ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു സതീഷ് ധവാന്‍. 1920 സെപ്റ്റംബര്‍ 25-ന് ശ്രീനഗറില്‍ ജനിച്ചു. പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിലും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് അമേരിക്കയിലെ മിനസോട്ട സര്‍വ്വകലാശാലയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ എം.എസ്സും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.

1951-ലാണ് സതീഷ് ധവാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ സീനിയര്‍ സയന്റിഫിക് ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്. പ്രൊഫസര്‍, വകുപ്പ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ചുമതലയേറ്റു. ഭാരതത്തില്‍ ആദ്യമായി ശബ്ദാതീത വിന്‍ഡ് ടണലുകള്‍ നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. ദ്രവഗതികത്തില്‍ നൂതന ഗവേഷണങ്ങള്‍ ഇദ്ദേഹവും വിദ്യാര്‍ത്ഥികളും നടത്തി. വിക്രം സാരാഭായിയുടെ മരണശേഷം 1972-ല്‍ ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായി ധവാന്‍ നിയമിതനായി. സ്‌റ്റേറ്റ് കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ഇദ്ദേഹത്തിനു നല്‍കപ്പെട്ടു.

ഗ്രാമീണ വിദ്യാഭ്യാസം, റിമോട്ട് സെന്‍സിങ്, ഉപഗ്രഹ വാര്‍ത്താ വിനിമയം എന്നീ മേഖലകളിലും ധവാന്‍ പരീക്ഷണപഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്‍സാറ്റ്, ഐ.ആര്‍.എസ്, പി.എസ്.എല്‍.വി എന്നിവയുടെ വികസനത്തിന് ആവശ്യമായ ഗവേഷണപഠനവും പരീക്ഷണങ്ങളും ധവാന്‍ നടത്തിയിരുന്നു.

2002 ജനുവരി മൂന്നിന് സതീഷ് ധവാന്‍ അന്തരിച്ചു. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ പാഡ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ‘സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Comments are closed.