DCBOOKS
Malayalam News Literature Website

സർഗാത്മകതയുടെ സ്വതന്ത്ര റിപ്പബ്ലിക്ക്

ജീവന്‍ ജോബ് തോമസിന്റെ ‘സര്‍ഗോന്മാദം’ എന്ന പുസ്തകത്തെക്കുറിച്ച്  രാഹുൽ രാധാകൃഷ്ണൻ എഴുതുന്നു 

വാക്കുകളിലൂടെ പുതിയൊരു ലോകം സൃഷ്ടിക്കുന്ന എഴുത്തുകാർ അനുഭവങ്ങളുടെ ആഴം പദാനുപദപരാവർത്തനം ചെയ്യുകയല്ല പതിവ്. സ്വാനുഭവങ്ങളുടെ തഴക്കവും പഴക്കവും ജീവിതത്തിന്റെ പരുക്കൻ വഴികളിലെ യാത്രയും സർഗാത്മകപര്യടനമാക്കി മാറ്റുകയാണ് അവരുടെ ലക്‌ഷ്യം. എഴുത്തുകാർ കൂർപ്പിച്ചെടുക്കുന്ന അനുഭവങ്ങളാണോ നിനച്ചെടുക്കുന്ന ഭാവനകളാണോ സങ്കൽപ്പവും യാഥാർഥ്യവും കൂടിക്കലർന്ന കഥകളാണോ വായനക്കാരെ ആകർഷിക്കുക എന്നതിന് നിയതമായ വ്യവസ്ഥകളില്ല. എഴുത്തുകാരുടെ ഓർമയും വിഷാദവും ആനന്ദവും നിരാശയും അവരുടെ സ്വകാര്യമായ അധ്യായങ്ങളാണ്. ഭാഷ വാക്കുകളിലൂടെ സംവേദനം ചെയ്യപ്പെടുമ്പോൾ, ഓരോ ദൃശ്യത്തിനെയും വസ്തുവിനെയും പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രസ്തുത വസ്തുവുമായുള്ള പൊരുത്തം എത്രകണ്ട് ചേർച്ചയുണ്ടാവും? ഭാഷ ചര്‍മ്മമായി മാറുന്ന സ്ഥിതിവിശേഷത്തെയാണ് ബാർത്ത് വിവരിച്ചത്. പരസ്പരം ഉരുമ്മുന്ന വിരലുകൾ പോലെ ഒരാളുടെ ഭാഷാശകലം മറ്റെയാളുടേതായി ലയമുണ്ടാകുന്ന രംഗത്തെയാണ് അദ്ദേഹം മനസ്സിൽ കണ്ടിട്ടുണ്ടാകുക. വാക്കുകളുടെ മുനമ്പിൽ വിരലുകളുടെ താളവിന്യാസമെന്ന പോലെയാണ് ആശയവിനിമയത്തെ ബാർത്ത് സമീപിച്ചത്. മനുഷ്യർ തമ്മിലുള്ള വിനിമയത്തിൽ ഒരു പൊതുഭാഷ ഇല്ലെങ്കിൽ ആംഗ്യങ്ങളും ചിഹ്നങ്ങളും രംഗം വാഴുകയും വിരലുകൾക്കും ശരീരത്തിനും അവിടെ പ്രാധാന്യമുണ്ടാകുകയും ചെയ്യുന്നു. ‘ആന’ എന്ന വാക്കിനു അനുരൂപമായ വസ്തുവിനെ അവതരിപ്പിക്കുന്ന വിധം ഓരോരുത്തരുടെ വീക്ഷണത്തിൽ മാറുന്നത് എങ്ങനെയെന്ന് നോക്കാം. വാൾട്ടർ ബെന്യാമിന്റെ ചെറുകഥയായ ‘ Why the Elephant is called ‘Elephant’ ‘ ൽ ആന എന്നത് കഥാനായകന്റെ പേരാണ്. അക്കാലത്തു ഭൂമിയിൽ ആന എന്ന ജീവി ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ, പൊടുന്നനെ പേരില്ലാത്ത ഒരു ജീവി പ്രത്യക്ഷപ്പെടുകയാണ്. തീരെ ചെറിയ മൂക്കുള്ള ആ ജീവിക്ക് കാഴ്ചയിൽ മനുഷ്യനുമായി സാമ്യമുണ്ടായിരുന്നു.

അങ്ങനെ ആ ജീവി ആന എന്ന കഥാനായകന്റെ കൂടെ കൂടി. അയാൾ തടിക്കഷ്ണങ്ങൾ Textപെറുക്കിക്കൊണ്ടുവരുന്ന ജോലിയൊക്കെ ജീവിയെ ഏൽപ്പിച്ചു. പക്ഷെ കൈയില്ലാത്തത് കൊണ്ട് മൂക്കുകൊണ്ടാണ് അത് മാറാകത്തനാണ് പെറുക്കിക്കൂട്ടുന്നത്. ക്രമേണ അതിന്റെ മൂക്ക് വളർന്നുവലുതായി. അങ്ങനെ അതിനു ഇന്നത്തെ ആനയുടെ രൂപഭാവം ഉണ്ടായി. ആന എന്ന മനുഷ്യന്റെ സന്തതസഹചാരിയായ ജീവിയെ പിന്നീട് എല്ലാവരും ‘ആന’ എന്ന് വിളിക്കാൻ തുടങ്ങി. ‘ആന’ എന്ന വാക്ക് സൂചിപ്പിക്കുന്ന വസ്തു/ജീവിക്ക് വരുന്ന മാറ്റം ഇവിടെ കൃത്യമാണ്. മനുഷ്യനായ ആന മൃഗമായി തീരുകയാണ്. മനുഷ്യരുടെ സർഗ്ഗശേഷിയുടെ വിശകലനം അത്യന്തം ഗൗരവകരവും കൗതുകകരവുമാണ് എന്ന് ഈ കഥ സ്ഥാപിക്കുന്നു. ജീവിവർഗ്ഗത്തിന്റെ പരിണാമത്തെ കഥയുടെ/ ഭാവനയുടെ ജൈവികപരിണാമവുമായി ചേർത്തുവെക്കുകയാണ് ജീവൻ ജോബ് തോമസ് ‘സർഗോന്മാദം’ എന്ന കൃതിയിൽ. ‘സ്വന്തം ആശയലോകം നിരന്തരം പരിവർത്തനപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് മാത്രമേ പരിണാമം എന്താണെന്ന് മനസിലാക്കാനാകൂ’ എന്ന എഴുത്തുകാരന്റെ കാഴ്ചപ്പാട്, ജൈവസൃഷ്ടിയും സര്‍ഗ്ഗശക്തിയുമായുള്ള സംവേദനത്തിന്റെ പൊരുളാണ്. ഗെയ്‌ഥേയുടെ ‘Metamorphosis of Plants’ എന്ന ശാസ്ത്രകൃതിയെ ആധാരമാക്കിയാണ് ലേഖകൻ ഈ നിഗമനത്തിൽ എത്തുന്നത്. ‘കഥയും ജൈവപരിണാമവും’ എന്ന ലേഖനത്തിൽ മനുഷ്യകഥയുടെ ഏറ്റവും വലിയ പിൻബലമായി ശാരീരികപരിണാമത്തോടൊപ്പമുള്ള മാനസിക മാറ്റങ്ങളെ ഗെയ്‌ഥേ സൂക്ഷ്മമായി പരിശോധിച്ചിരുന്നു. പ്രസ്തുതാശയത്തെ അധികരിച്ചുകൊണ്ട് ജീവൻ ജോബ് തോമസ് എടുക്കുന്ന സമീപനം, ശാസ്ത്രവും ഭാവനയും (സാഹിത്യവും) ഇടചേരുന്നതിന്റെ ചിത്രമാണ് മുന്നോട്ടുവെയ്ക്കുന്നത്. പരിണാമത്തിന്റെ ശാസ്ത്രീയവും സാഹിതീയവുമായ സിദ്ധാന്തങ്ങളെ ഗ്രഹിക്കാൻ യത്നിച്ച ഗെയ്‌ഥേ ജീവിതത്തിന്റെ സമഗ്രത എന്ന ആശയത്തിലാണ് എത്തിച്ചേർന്നത്. ഒരു മുത്തശ്ശിക്കഥ പോലെ പുനരവതരിപ്പിക്കാൻ സാധ്യതയുള്ള പരിണാമപ്രമാണത്തെ കുറിച്ചു സർഗാത്മകമായി പലരും എഴുതി.

കേട്ടുകേൾവിയിലൂടെ അനുഭവങ്ങളെ കല്പിതകഥകളാക്കാനുള്ള സിദ്ധി കഥപറച്ചിലുകാരുടെ അടിസ്ഥാനവൈഭവമാണ്. ഓർമകളും അനുഭവങ്ങളും പ്രാദേശികകഥകളും മറ്റും അറിയുന്നയാളുടെ വിവരണങ്ങളും ശ്രദ്ധേയമാണ്. ഇപ്രകാരമുള്ള കഥകൾ പറയാനുള്ള അപാരമായ ധാരാളം ശ്രോതാക്കളെ ആകർഷിക്കുക പതിവാണ്. ഇത്തരം കഥപറച്ചിലിന്റെ ഏറ്റവും ഉദാത്തമായ തലമാണ് മാർക്കേസിൽ കാണുന്നത്. അദ്ദേഹത്തിന്റെ ‘Chronicle of a Death Foretold’ എന്ന നോവൽ മുന്നോട്ടു നീങ്ങുന്നത് അഭ്യൂങ്ങളിലൂടെയും കേട്ടുകേൾവി കളിലൂടെയുമാണ്. ഒരു ചെറുപട്ടണത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു പ്രത്യേക സംഭവത്തെ പല തരം മനോവിചാരങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ അതിൽ നടത്തുന്നു. മാർക്കസിന്റെ ഈ രചനാശൈലിയുടെ മറ്റൊരു പ്രാദേശികവും കാലികവുമായ ദൃഷ്ടാന്തമാണ് ‘കഥയും വിനോദവും’ എന്ന ലേഖനത്തിൽ ജീവൻ ജോബ് തോമസ് അവതരിപ്പിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെക്കാൾ ഭാവനയിൽ വികസിക്കുന്ന കഥകൾ തേടി മനുഷ്യർ യാത്ര ചെയ്യുന്നതിന്റെ പിന്നിലെ യുക്തിയെ എഴുത്തുകാരൻ ഈ ലേഖനത്തിൽ അന്വേഷിക്കുന്നു.
സങ്കൽപ്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അതിരുകളുടെയും വിവേചനങ്ങളുടെയും അളവുകോലിൽ അധിഷ്ഠിതമാണ്‌ സാഹിത്യസൃഷ്ടിയുടെ സംവേദനക്ഷമത. അവതരണത്തിലും ശില്പഘടനയിലും വ്യത്യസ്ത മാത്രുകളുണ്ടാവാം. എങ്കിലും മേല്പ്പറഞ്ഞ ഭാവനായാത്രയുടെ സ്വാഭാവികമായ പരിണതഫലമാണ് ഫിക്ഷൻ എന്ന സാഹിത്യരൂപത്തിന്റെ കാതൽ. ആയിരത്തൊന്നുരാവുകളിലും കഥാസരിത്സാഗരത്തിലും തുടങ്ങി സമകാലികകഥകളിലെ വരെ ആഖ്യാനനിർമിതിക്ക് പൊതുവെ ഈ സ്വഭാവഗുണമാണ് കല്പ്പിച്ചു നല്കിയിട്ടുള്ളത്. കഥകൾ കേൾക്കാനുള്ള താത്പര്യം കാലാകാലങ്ങളായി മനുഷ്യരിൽ ഉരുവപ്പെട്ട അഭിനിവേശമാണ്. കേൾക്കാനുള്ള താത്പര്യം കഥകളെ സൃഷ്ടിക്കാനുള്ള ചേതോവികാരം വികസിപ്പിക്കുകയും കഥകളുടെ കപ്പലിലേറി യാനം ചെയ്യാനുള്ള ശീലം ക്രമേണ ഉടലെടുക്കുകയും ചെയ്തു. വിലക്കപ്പെട്ട മേഖലയിലേക്ക് അതിക്രമിച്ചു കടക്കുന്നവനെപ്പോലെ കഥയെഴുത്തുകാർ ആവനാഴിയിൽ ആയുധങ്ങളധികം ശേഖരിക്കാതെ കഥയുടെ സാങ്കൽപ്പികലോകത്തിലേക്ക് കടന്നു ചെല്ലുകയാണ് പതിവ്.എന്നാൽ ആ സമരഭൂമിയിലെ അനുഭവങ്ങളും യുക്തിയും അവരെ മനോവീര്യമുള്ള പോരാളികളാക്കുന്നു. സ്വായത്തമാക്കിയ അനുഭവങ്ങളുടെ തഴക്കവുമായി അവർ തങ്ങളുടെ ഭാവനാലോകം വിസ്തൃതമാക്കുന്നു. യാഥാസ്ഥിതികമെന്നോ ഒട്ടൊക്കെ പരമ്പരാഗതമെന്നോ വിശേഷിപ്പിക്കാവുന്ന മേൽപ്പറഞ്ഞ ‘തത്വവാദ’ത്തിനു സാമൂഹികമാധ്യമങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും അതിപ്രസരത്തിൽ ചില തിരുത്തലുകളോ കൂട്ടിച്ചേർക്കലോ സംഭവിച്ചിട്ടുണ്ട്. ഒരു സംഭവത്തിന്റെ നാടകീയത മുറ്റിയ അംശത്തെ മറ്റുള്ളവർക്ക് കൂടെ ആസ്വാദ്യകരമാം വിധം ‘exclusive’ ആയി അവതരിപ്പിക്കുന്ന രീതിയെകുറിച്ചാണ് ‘കഥ കൊണ്ട് വഴിതെളിക്കപ്പെട്ടവർ’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ശോചനീയമോ ദയനീയമോ ആയ ഭാഗത്തെ അടർത്തിയെടുത്ത് വിനോദാപാധിയാക്കാനുള്ള സാധ്യതയെ ആരായാനാണ് പുതിയ മാധ്യമങ്ങളുടെ ശ്രമം. ജനകീയമായ പ്രതിരോധസമരങ്ങളും വിപ്ലവങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉരുത്തിരിയുന്നതിനും ഇത്തരം വഴികൾ കാരണമാവുന്നു. മുല്ലപ്പൂ വിപ്ലവം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി കാണാം. “ഒരു ചെറുകൂട്ടം അവരുടെ അനുഭവത്തിന്റെയും ദുരിതത്തിന്റെയും സ്വാഭാവിക പ്രതികരണം എന്ന നിലയിൽ തുടങ്ങുന്ന പ്രക്ഷോഭം വലിയ ജനസാമാന്യത്തിനു പങ്കാളിത്തത്തിലൂടെ വിനോദം ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് വളരുന്ന ഒരു ഘട്ടത്തിൽ മാത്രമാണ് ആ പ്രക്ഷോഭം ഒരു വലിയ ജനമുന്നേറ്റമായി മാറാനുള്ള ക്രിട്ടിക്കൽ മാസ് സ്വരുക്കൂട്ടുന്നത്” എന്ന ലേഖകന്റെ അഭിപ്രായം ശ്രദ്ധേയമാണ്.
എഴുത്തുകാരും വായനക്കാരുമായുള്ള മത്സരബുദ്ധിയോടുള്ള കളിയാണ് കഥയുടെ ‘ജ്ഞാനനിർമിതി’. എഴുത്തുകാർ അവതരിപ്പിക്കുന്ന സന്ദർഭങ്ങളും സാഹചര്യങ്ങളും വായനക്കാരിൽ എന്തുതരം രസക്കൂട്ടുകളും വികാരവിക്ഷോഭങ്ങളുമാണ് ഉരുവം കൊള്ളിക്കുക എന്ന സൂത്രവാക്യത്തിലാണ് കഥയുടെ മർമം. ലളിതമായി പറഞ്ഞാൽ പുതിയ ലോകത്തെ മെനഞ്ഞെടുത്തുകൊണ്ട് മണ്ണിന്റെ മണവും ഗുണവുമുള്ള കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്ന ജൈവികപ്രക്രിയയിൽ ജ്ഞാനാത്മകമായ ഓർമകളുടെ പ്രസക്തി അടയാളപ്പെടുത്തുകയാണ് ‘കഥയുടെ നിർമ്മിതി’ എന്ന ലേഖനത്തിൽ. കഥാകൃത്തിന്റെ ‘ആത്മവഞ്ചന’യിലേക്കാണ് ജീവൻ ജോബ് ഇവിടെ നിന്ന് പോകുന്നത്. ഗെയിം തിയറിയുടെ നിയമാവലിയും സാമൂഹിക-സാഹിത്യ ജീവിതത്തിൽ അതിന്റെ സ്വാധീനവും ഉപയോഗിച്ചുകൊണ്ട് കഥാകൃത്തിന്റെ സർഗ്ഗപ്രക്രിയയെ വിശദീകരിക്കാനാണ് ‘കഥാകൃത്ത് എന്ന ആത്മവഞ്ചകൻ’ എന്ന ലേഖനത്തിൽ ശ്രമിക്കുന്നത്. നേരും നുണയും ഇടകലർത്തി സത്യത്തെ കല്പിതകഥയായി അവതരിപ്പിക്കുന്ന കഥാകൃത്തുക്കളുടെ സർഗവിനിമയത്തെ ലേഖകൻ വിവരിക്കുന്നു.

അടിമകൾ എന്ന സംവർഗം സാമൂഹികപാഠങ്ങളിലെ പ്രസക്തമായ ഒരു പദം മാത്രമായി കാണാനാവില്ല. സമകാല സാഹചര്യങ്ങളിൽ അടിമവർഗം ഏതെല്ലാം വിധത്തിലാണ് രൂപപ്പെടുന്നത് എന്ന് ജീവൻ ജോബ് തോമസ് പഠിക്കുന്നുണ്ട്. ‘വികസനത്തിന്റെ’ അധ്യായങ്ങളിൽ നിന്നും അടിമകളെ മാറ്റി നിർത്തിയിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. Modernity of Slavery: Struggles against Caste Inequality in Colonial Kerala എന്ന ഗ്രന്ഥത്തിൽ സനൽ മോഹൻ കേരളത്തിലെ അടിമവ്യവസ്ഥയെ പറ്റിയും അടിമപ്പണിക്കാരുടെ വിദ്യാഭ്യാസത്തെ കുറിച്ചും വിശകലനം ചെയ്തിട്ടുണ്ട്. അടിമപ്പണിയിൽ നിന്നും വേതനമുള്ള ജോലിയിലേക്കുള്ള മാറ്റമായിരുന്നു കേരളത്തിലെ അടിമവർഗ്ഗത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ല്. വേതനവ്യവസ്ഥയ്ക്ക് മേൽ ജാതിവ്യവസ്ഥ സ്വാധീനം ചെലുത്തുന്നതിന്റെ രംഗങ്ങൾ പ്രകടമായിരുന്നു. നിയമങ്ങൾ കൊണ്ട് നിരോധിച്ചാലും ചില മാനസികവഴികൾ അടിമത്തത്തെ വ്യത്യസ്ത രൂപഭാവങ്ങളിൽ നിലനിർത്തിക്കൊണ്ടിരിക്കാൻ പാകത്തിന് നമുക്കുളളിൽ ബാക്കി കിടക്കുന്നുണ്ട് എന്ന് ജീവൻ ജോബ് തോമസ് നിരീക്ഷിക്കുന്നു. ഉടമ-അടിമ വ്യവഹാരം സമൂഹത്തിലെ ഏത് അന്തരീക്ഷത്തിലും സംജാതമാവുന്ന സ്ഥിതിവിശേഷമാണ് എന്നത് ബോധ്യപ്പെടാവുന്ന വസ്തുതയാണ്. അധികാരശ്രണി പ്രമാണീകരിക്കുന്ന വിവിധ പാളികൾ ഈ രീതിയെ ഉറപ്പിക്കുകയാണ്. ഗുരു-ശിഷ്യ ബന്ധത്തിൽ വരെ ഇതിന്റെ സൂചന കാണാനാകുമെന്ന് ‘അടിമകളുടെ വംശാവലി’യിൽ ലേഖകൻ സ്ഥാപിക്കുന്നുണ്ട്. ‘അടിമകളുടെ ഹാച്ചറി’യിലാകട്ടെ ശിഷ്യരുടെ ഭാഗത്തുനിന്നുള്ള വിമർശനത്തിന്റെ ഭാഷ അംഗീകരിക്കാത്ത ഗുരുക്കന്മാരെ സംബന്ധിച്ച് പറയുന്നു. വിദ്യാർത്ഥിക്ക് മേൽ പല വിധത്തിലുള്ള അതിക്രമങ്ങൾ നടത്തുന്ന അധ്യാപകവർഗ്ഗത്തെ ലേഖകൻ ശക്തമായി അപലപിക്കുന്നു. അറിവ് ജ്ഞാനമാകാതെ അറിവിനെ വ്യവസ്ഥാപിതമാക്കിക്കൊണ്ട് ഗുരു ‘അധികാരി’യായി പരിണമിക്കുന്ന കാഴ്ചയെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഔലാദ് ഇക്വിയാനോ എന്ന ആഫ്രിക്കയിലെ അടിമയെ പറ്റി പരാമർശിക്കാതെ അടിമത്തവ്യവസ്ഥയുടെ ചരിത്രം പൂർണമാകുകയില്ല. ഇക്വിയാനോയുടെ പിന്തലമുറക്കാർ ഇന്നും നമുക്കിടയിലുണ്ട് എന്നത് ആഴത്തിൽ ചിന്തിക്കേണ്ട സംഗതിയാണ്. അനാർക്ക് എന്ന അടിമസ്ത്രീയുടെ ദുരിതപർവം ‘അടിമയും അറിവും’ എന്ന ലേഖനത്തിൽ ജീവൻ ജോബ് തോമസ് സ്പഷ്ടമാക്കുന്നുണ്ട്.

കുട്ടികളുടെ ഭാവി കരുപ്പിടിപ്പിക്കാൻ പരിശ്രമിക്കുന്ന മാതാപിതാക്കളും രക്ഷിതാക്കളും ഓർക്കാതെ പോകുന്ന കാര്യങ്ങളെ കുറിച്ച് എഴുത്തുകാരൻ ആഴത്തിൽ ചിന്തിക്കുന്നുണ്ട്. കുട്ടി ഒരു ‘സ്വതന്ത്രരാഷ്ട്രം’ ആണെന്ന തത്വത്തിൽ അദ്ദേഹം ചുവടുറച്ചുനിൽക്കുന്നു. കുട്ടികൾക്ക് തങ്ങളുടേതായ ജീവിതവും സ്വത്വബോധവും ബോധ്യങ്ങളും ഉണ്ടെന്നും മറ്റുള്ളവരുടെ സ്വപ്‌നങ്ങൾ നിറവേറ്റേണ്ട കടമ അവർക്കില്ലെന്നും പൊതുസമൂഹം മനസിലാക്കണം. കുട്ടികളെ കുറിച്ചുള്ള കാഴ്ചപ്പാട് ലേഖകൻ വസ്തുനിഷ്ഠമായി ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
ചുരുക്കത്തിൽ സർഗാത്മക ജീവിതത്തിന്റെ മാനിഫെസ്റ്റോ രൂപീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സൂക്ഷ്‌മഭേദങ്ങളെ കുറിച്ചാണ് ‘സർഗോന്മാദം’ എന്ന പുസ്തകം. അടിമത്തത്തിന്റെ തടവറകളിലേക്ക് മനുഷ്യർ വീഴുന്നത് ദൃശ്യവും അദൃശ്യവുമായ അനേകം മാർഗങ്ങളിലൂടെയാണ്. ജ്ഞാനത്തിന്റെയും മുതലാളിത്തത്തിന്റെയും അധികാരത്തിന്റെയും അറകളിൽ നിന്ന് വിമോചനത്തിനായി സർഗാത്മകതയെ ഫലപ്രദമായി വിനിയോഗിക്കാമെന്നു ഈ പുസ്തകത്തിലെ മുപ്പത് ലേഖനങ്ങളിലൂടെ ജീവൻ ജോബ് തോമസ് തെളിയിക്കുന്നു. സർഗാത്മകത സ്വാതന്ത്ര്യത്തിനു വഴിതുറക്കുന്ന കാഹളമൂതുന്ന ശബ്ദമാണ്  ‘സർഗോന്മാദ’ത്തിലൂടെ കേൾപ്പിക്കുന്നത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.