DCBOOKS
Malayalam News Literature Website

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ അനാച്ഛാദനം ചെയ്തു

അഹമ്മദാബാദ്: ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. വഡോദര- നര്‍മ്മദ അണക്കെട്ട് ഹൈവേയ്ക്ക് സമീപം കെവാദിയയിലെ സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ശില്പം എന്ന പേര് ഇനി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയ്ക്ക് ലഭിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിനത്തിലാണ് മോദി പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ ദിവസം രാജ്യം ഏകതാദിനമായാണ് ആചരിക്കുന്നത്.

നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ ഈ പ്രതിമ 33 മാസത്തെ തുടര്‍ച്ചയായ ജോലിക്കൊടുവിലാണ് പൂര്‍ത്തിയായത്. രാം വി. സുത്തര്‍ രൂപകല്പനയും എല്‍ ആന്‍ഡ് ടി നിര്‍മ്മാണവും വഹിച്ചു. 2989 കോടി രൂപയാണ് നിര്‍മ്മാണചെലവ്. ഗ്യാലറിയും മ്യൂസിയവും അടക്കമുള്ള സൗകര്യങ്ങളും പ്രതിമയില്‍ ഉണ്ട്. സമീപത്ത് ഒരുക്കിയ ഐക്യത്തിന്റെ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആദിവാസി വിഭാഗങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു പ്രതിമയുടെ ഉദ്ഘാടനം.

Comments are closed.