DCBOOKS
Malayalam News Literature Website

ഇന്ത്യയുടെ ഇന്നോളമുള്ള വികസനത്തിന്റെ ദുരന്തഭൂമികളിലൂടെയുള്ള കടുത്ത യാത്രയാണ് സാറാ ജോസഫിന്റെ ‘ബുധിനി ‘: സി എസ് ചന്ദ്രിക

ഇതൊരു താക്കീതാണ്. പ്രകൃതിയുടെ അവസാന താക്കീത്. വൈറസ്​ മഹാമാരിയായും പ്രളയമായും ഉരുൾപൊട്ടലായും കൊടുങ്കാറ്റായും കാട്ടുതീയായും കടലാക്രമണമായും കൃഷിനാശമായും പട്ടിണിയായും മരണമായും നേർക്കുനേർ നിന്ന് പഠിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം – ഇ.ഐ.എ ഡ്രാഫ്റ്റ് 2020നെ എതിർത്തു രാജ്യമാകെ ഓൺലൈൻ പ്രചാരണം പൊട്ടിപ്പുറപ്പെട്ട ദിവസം- മകൾ അവനി ഭയപ്പാടോടെ എ​െൻറ ജോലി തടസ്സപ്പെടുത്തി ചോദിച്ചു: ”ഇ.ഐ. എ ഡ്രാഫ്റ്റിനെക്കുറിച്ച് അമ്മ അറിഞ്ഞില്ലേ? നാളെയാണ് അവസാന ദിവസമെന്ന് പറയുന്നു”.

അവനിക്ക് പതിനാറ് വയസ്സേയുള്ളൂ. അവളുടെ മുൻകൈയിൽ അപ്പോൾത്തന്നെ ഞങ്ങൾ ഒരുമിച്ചിരുന്ന് കേന്ദ്രമന്ത്രിക്ക് ഇ-മെയിലുകൾ അയച്ചു.

ഈ തലമുറയിലെ കുട്ടികൾ പ്രകൃതിക്ക് പരിക്കേൽപിക്കുന്ന എന്തു തരം നടപടി ആരുടെ പക്ഷത്തുനിന്നുണ്ടായാലും പൊറുക്കുകയില്ലെന്ന് എനിക്ക് മനസ്സിലായി. രാജ്യമാകെ ഇന്ന് പരിസ്​ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ തയാറായിനിൽക്കുന്ന ഇളംതലമുറയിൽ എനിക്ക് പ്രതീക്ഷയുണ്ട്.

ഇത്രയുംകാലം മനുഷ്യരുടെ അശാസ്​ത്രീയമായ, കരുതലില്ലാത്ത നിരന്തര ഇടപെടലുകൾകൊണ്ട് ഭൂമിക്കടിയിലും പുഴകളിലും കടലിലും വായുമണ്ഡലത്തിലും എന്തൊക്കെ സംഭവിച്ചുകൊണ്ടിരുന്നു, അതെങ്ങനെ തുടരുന്നു എന്ന് ശാസ്​ത്രസമൂഹത്തിന് മാത്രമാണ് കൃത്യമായ ധാരണയുണ്ടായിരുന്നത്​. എന്നാൽ, ഇന്നത് എല്ലാ മനുഷ്യർക്കും നേരിൽ കണ്ട് മനസ്സിലാക്കാവുന്ന ദുരന്തങ്ങളുടെ തുടർച്ചയായി പുറത്തുവന്നിരിക്കുന്നു.

ആദിവാസികളും മത്സ്യത്തൊഴിലാളികളും വന്യജീവിജാലങ്ങളും സുരക്ഷിതമായും സമാധാനമായും ജീവിക്കുന്നിടത്ത് മാത്രമേ പ്രകൃതി അതിെൻറ ആവാസവ്യവസ്​ഥയുടെ സന്തുലനത്തിൽ നിൽക്കുകയുള്ളൂ എന്നതാണ് വികസനത്തിെൻറ ബാലപാഠമായി ഭരണാധികാരികളും മുഖ്യധാരാ പൊതുസമൂഹങ്ങളും ഇനിയും മനസ്സിലാക്കേണ്ടത്. ഇപ്പോൾ വിനാശത്തിെൻറ ഉൗഴം മുഖ്യധാരയിലേക്കും എത്തിക്കഴിഞ്ഞിരിക്കുകയാണ്.

കേരളത്തിൽ നാം പ്രകൃതിയിൽനിന്ന് പരമാവധി മുതലെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇനി പരിക്കുകളോടെ അവശേഷിക്കുന്നതിൽ അൽപമെങ്കിലും എടുക്കണമെങ്കിൽ പ്രകൃതിയുടെ അനുവാദം ചോദിക്കേണ്ട സ്​ഥിതിയാണ്​. മൂന്നു വർഷവും തുടർച്ചയായി ദുരന്തങ്ങൾ വന്നു.

കാലാവസ്​ഥവ്യതിയാനം ആഗോളപ്രതിഭാസമല്ലേ, കേരളത്തിനു മാത്രമായി ഒന്നും ചെയ്യാനാവില്ല എന്നു തുടങ്ങിയ വാദങ്ങൾ കേട്ടിട്ടുണ്ട്. കേരളത്തിെൻറ സൂക്ഷ്മകാലാവസ്​ഥകളെ തിരിച്ചുപിടിക്കാനുള്ള സാധ്യതകളെക്കുറിച്ച അറിവില്ലായ്മയിലും അറിയാനുള്ള താൽപര്യമില്ലായ്മയിലും നിന്നാണ് അത്തരം വിഡ്ഢിത്ത വർത്തമാനങ്ങൾ ഉയരുന്നത്.

മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വായിച്ചും ചർച്ചചെയ്തും മനസ്സിലാക്കാനും ജനപങ്കാളിത്തത്തോടുകൂടി അത് നടപ്പാക്കാനുമായി ഭരണപക്ഷവും പ്രതിപക്ഷവും പൊതുജനങ്ങളും ഒന്നിച്ചുനിന്ന്​ ശ്രമിച്ചിരുന്നെങ്കിൽ ഇത്തരം അറിവില്ലായ്മകൾക്കുള്ള മറുപടി കാലം നമ്മുടെ നേരെ മുന്നിൽ കാണിച്ചുതരുമായിരുന്നു.

ഞാൻ ഇപ്പോൾ വീണ്ടും സാറാ ജോസഫിെൻറ ‘ബുധിനി’ എന്ന നോവൽ വായിക്കുകയാണ്. സമീപകാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ച സാറാ ജോസഫിെൻറ ‘ബുധിനി’ എന്ന ഇന്ത്യൻ നോവൽ ഇന്ത്യയുടെ ഇന്നോളമുള്ള വികസനത്തിെൻറ ദുരന്തഭൂമികളിലൂടെയുള്ള കടുത്ത യാത്രയാണ്.

സാറാ ജോസഫിന്റെ ‘ബുധിനി വാങ്ങുന്നതിനായി സന്ദർശിക്കുക

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കാലടികൾ തന്നെ പൊട്ടിത്തെറിച്ചു പോകുന്ന യാത്ര. ഈ കോവിഡ് കാലത്ത് ലോകമാകെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന നോവൽ ആൽബർട്ട്​ കാമുവിെൻറ ‘പ്ലേഗ്’ ആണെന്ന വാർത്തകൾ കാണുന്നുണ്ടല്ലോ. രാഷ്​ട്രീയ വിദ്യാർഥികൾക്കും ചരിത്രവിദ്യാർഥികൾക്കും രാഷ്​ട്രീയനേതാക്കൾക്കും ഭരണകർത്താക്കൾക്കും ചില ദുർഘടസന്ധികളിൽ മുന്നോട്ടുള്ള വഴിതെളിഞ്ഞു കിട്ടാൻ സവിശേഷമായ നോവലുകൾ തെരഞ്ഞെടുക്കാൻ സാധിക്കേണ്ടതാണ്.

മാധവ്​ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടും പശ്ചിമഘട്ട സംരക്ഷണം എന്തെന്നും വികസനം എങ്ങനെയായിരിക്കരുത് എന്നും മനസ്സിലാക്കാനാവാത്ത ഇന്ത്യയിലേയും കേരളത്തിലേയും മനുഷ്യർക്ക്, വിശേഷിച്ച് അധികാര കക്ഷിരാഷ്​​ട്രീയ സമൂഹത്തിന് ‘ബുധിനി’ വായിച്ചാൽ മനസ്സിലാകുമെന്ന് ഞാൻ കരുതുന്നു.

1959 ൽ ദാമോദർ നദിക്കു കുറുകേ പണിത പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാൻ വന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്​റുവിനെ സ്വീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ബുധിനി എന്ന സാന്താൾ ബാലികയുടെ പിന്നീടുള്ള ജീവിതത്തെ പിന്തുടർന്നുള്ള നോവലാണ് ‘ബുധിനി’.

ബുധിനി മെജാെൻറ ജീവിതമന്വേഷിച്ചുള്ള ആ യാത്രയോടൊപ്പം കേരളത്തിൽനിന്ന് ഇന്ത്യയിലേക്ക് സഞ്ചരിക്കുന്ന നമ്മൾ കാണുന്ന ഉള്ള് പൊള്ളുന്ന കാഴ്ചകൾ ഇന്ത്യയുടെ വികസനത്തിെൻറ ഇരട്ടമുഖത്തെക്കുറിച്ചുള്ള കാഴ്ചകളും അനുഭവങ്ങളുമാണ്.

എനിക്ക്​ ഇതു വായിക്കുമ്പോൾ മുന്നിൽ വയനാട്ടിലെ കാരാപ്പുഴയിലെ ആദിവാസിസ്​ത്രീകളുടെ നിരാശയും ദുഃഖവും നിറഞ്ഞ മുഖങ്ങളും മുന്നിൽ തെളിഞ്ഞുവരും. ഞാൻ ഇടക്കിടെ അവരുടെ താമസസ്​ഥലത്ത് പോകാറുണ്ട്. ഓരോരുത്തരേയും എനിക്ക് നേരിട്ടറിയാം. കുടിയിറക്കപ്പെട്ട് ഇന്നും സ്വന്തമായി ഭൂമിയും വീടുമില്ലാത്ത കുടുംബങ്ങളാണ്​ അവരുടേത്. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന് ഇപ്പോഴും ഇടക്കിടെ കേൾക്കുമ്പോഴും എെൻറ ഉള്ള് നടുങ്ങുന്നത് അതുകൊണ്ടു കൂടിയാണ്. പ്രകൃതിയുടെ സന്തുലനവും ആദിവാസികളുടെ ജീവിതവും ഒരുമിച്ചാണ് എപ്പോഴും തകർക്കപ്പെടുന്നത്.

‘ബുധിനി’യിലെ എപ്പോഴും എരിഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന ഝരിയ! നടക്കുമ്പോൾ കാലിനടിയിൽ തീമലയാണ്. അല്ലെങ്കിലൊരു അഗ്​നിനദി. കത്തുന്ന കൽക്കരി.

കരിയിൽ മുങ്ങി കരിപോലെയായ കുട്ടികൾ, സ്​ത്രീകൾ, പുരുഷന്മാർ. തീകുണ്ഠങ്ങൾക്കിടയിലൂടെ ഓടിയോടി നടക്കുന്നവർ. അപകടം നിറഞ്ഞ കയറ്റങ്ങൾ. പെട്ടെന്ന് ഭൂമി വെന്തു പിളരും. അതിലേക്ക് അപ്രത്യക്ഷമാകുന്ന കുട്ടികൾ.

കണ്ണുള്ളവർ കണ്ണു തുറന്നുപിടിച്ച് ഈ കാഴ്ചകൾ കാണണം. ആരാണ് ഇന്ത്യയിലെ ദരിദ്രരെ കൂടുതൽ ദരിദ്രവും ആപൽക്കരവുമായ ജീവിതങ്ങളിലേക്ക് തള്ളിയിടുന്നത്? ഇന്ത്യയിലെല്ലായിടത്തും ഇതു വരെ നടന്ന വികസനങ്ങളുടെ അനന്തര ഫലങ്ങളും കേന്ദ്രസർക്കാർ 2020ലെ ഇ. ഐ.എ ഡ്രാഫ്റ്റിലൂടെ കൊണ്ടുവരാനാഗ്രഹിക്കുന്ന ഭേദഗതികളും കോർപറേറ്റ് മുതലാളിത്തവികസനത്തിെൻറ ഹിംസകളെ ഇതേവിധമോ ഇതിനേക്കാൾ ക്രൂരമായോ തുടരാൻ അനുവദിക്കുന്നതുമാത്രമാണ്.

അംബാനി, അദാനി തുടങ്ങിയവർ കൂടുതൽ സമ്പന്നരാകും. പലവിധ അധികാരതാൽപര്യങ്ങളാൽ അത്തരക്കാരോടാണ് ഭരണകൂടത്തിന് കരുണയുള്ളത്. രാജ്യത്തോടോ സാധാരണ ജനങ്ങളോടോ അല്ല. കേരളം ഇ.ഐ.എയെ എതിർക്കുന്നതിൽ ഞാൻ ആശ്വസിക്കുന്നു. എന്നാൽ, കേരളത്തിെൻറ തുടർന്നുള്ള വികസനത്തിൽ, അനുഭവങ്ങളിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് സുസ്​ഥിരതയിൽ ഉൗന്നിയ വികസനത്തിന് ഇനിയും സുവ്യക്തമായ പാരിസ്​ഥിതികനിയമങ്ങളും ചട്ടങ്ങളും പ്രവർത്തനങ്ങളും ഉണ്ടാവണം. കേരളത്തിെൻറ അതിജീവനത്തിന് അതു മാത്രമേയുള്ളൂ ഇനിയൊരു വഴി.

സാറാ ജോസഫിന്റെ ‘ബുധിനി വാങ്ങുന്നതിനായി സന്ദർശിക്കുക

സി.എസ് ചന്ദ്രികയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.