DCBOOKS
Malayalam News Literature Website

നിരാര്‍ദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഒരു ഏകാന്തപഥികന്‍ നടത്തുന്ന യാത്രകള്‍…!

ഡോ: കെ.ടി. ജലീല്‍ എഴുതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുഖപുസ്തകചിന്തകള്‍ – ആസ്യാത്ത മുതല്‍ ആസ്യാത്ത വരെ’ എന്ന പുസ്തകം പ്രിയവായനക്കാർക്ക് ഇപ്പോൾ ഇ-ബുക്കായി വായിക്കാം.

ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ: കെ.ടി. ജലീല്‍ എഴുതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുഖപുസ്തകചിന്തകള്‍ – ആസ്യാത്ത മുതല്‍ ആസ്യാത്ത വരെ’ എന്ന പുസ്തകത്തിന്, ടി. പത്മനാഭന്‍ എഴുതിയ അവതാരിക

‘മുഖപുസ്തക ചിന്തകള്‍’ എന്ന ഈ പുസ്തകം 2013 – 2020 കാലയളവില്‍ ഡോ. കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പുകളുടെ സമാഹരമാണ്. പരാമൃഷ്ടമാകുന്ന ഗ്രന്ഥത്തേയോ തന്‍കര്‍ത്താവിനേയോ കുറിച്ച് എന്തെങ്കിലും പറയുന്നതിന്നു മുമ്പായി കര്‍ണ്ണാടക സംഗീത ലോകത്തെ മഹാഗായകനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചുള്ള എന്റെ ഒരനുഭവം പറഞ്ഞുകൊള്ളട്ടെ.

കാലം 1952. ഞാന്‍ മദിരാശിയില്‍ നിയമം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി. ഒരു വൈകുന്നേരം മദിരാശിയിലെ തെരുവുകളിലൊന്നിലൂടെ അലസനായി ഞാന്‍ നടക്കുന്നു. അപ്പോള്‍, അതുവരെയും കേട്ടുപരിചയിച്ചിട്ടില്ലാത്ത ഒരു ഗംഭീര ശബ്ദത്തിന്റെ വീചികള്‍ എന്റെ ചെവിയില്‍ വന്ന് പതിച്ചു. രാമനവമിക്കാലമാണ്. മദിരാശിയില്‍ സര്‍വത്ര സംഗീതക്കച്ചേരികളുടെ പൂരവും. എന്റെ ശ്രദ്ധയെ ആകര്‍ഷിച്ച ആ സവിശേഷ ശബ്ദത്തിന്റെ ഉറവിടവും തേടി ഞാന്‍ നടന്നു. എത്തിയത് ഓലകൊണ്ട് കെട്ടിമേഞ്ഞ ഒരു കൊട്ടകയിലായിരുന്നു. അവിടെ മദ്ധ്യവയസ്‌കനായ ഒരു ഗായകന്‍ പാടുന്നു. അര്‍ദ്ധനഗ്‌നനെങ്കിലും കാഴ്ചയില്‍ തന്നെ അതിഗംഭീരനായ ആ ഗായകന്റെ നാദധാരയില്‍ ഞാന്‍ മുഴുകി. സദസ്യരും. അന്വേഷിച്ചപ്പോള്‍ അത് മഹാഗായകനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരായിരുന്നു.
ചെമ്പൈയുടെ ഈ ‘വെങ്കല ശബ്ദം’ ഞാന്‍ പിന്നീട് കേള്‍ക്കുന്നത് കെ.ടി. ജലീലില്‍ നിന്നാണ്. പക്ഷെ ജലീല്‍ ഒരു ഗായകനല്ല; പ്രഭാഷകനാണ്. ഒരു പ്രഭാഷകന്‍ തന്റെ കലയില്‍ എത്രമേല്‍ സിദ്ധികളുള്ളവനാണെങ്കിലും, കേള്‍വിക്കാരുടെ ശ്രദ്ധ പൂര്‍ണ്ണമായും പിടിച്ചു പറ്റണമെങ്കില്‍ ‘ശക്ത’മായ ഒരു ശബ്ദത്തിന്റെ ഉടമ കൂടിയായിരിക്കണം. അല്‍പംപോലും മടികൂടാതെ പറയട്ടെ, ഈ വിഷയത്തില്‍ തീര്‍ത്തും ഭാഗ്യവാനാണ് കെ.ടി. ജലീല്‍. ഇനി മറ്റൊരു കാര്യം കൂടി. ജലീലിന്റെ കയ്യിലുള്ളത് ഇന്ന് ‘സവിശേഷ ശബ്ദം’ മാത്രമല്ല; അറിവിന്റെ തിളക്കമാര്‍ന്ന വെളിച്ചം കൂടിയുണ്ട്.

ജലീലിനെ ഞാന്‍ ആദ്യമായി കാണുന്നത് കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഒരു യോഗത്തില്‍ വെച്ചായിരുന്നു. വേദിയില്‍ യൂണിവേഴ്‌സിറ്റി ഭാരവാഹികള്‍ക്കു പുറമെ എന്റെ ചിരകാല സുഹൃത്തായ എം.എ. യൂസുഫലിയും അന്നത്തെ കേരള ഗവര്‍ണറും സുപ്രീംകോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസുമായ ശ്രീ. സദാശിവവുമുണ്ടായിരുന്നു. യൂസുഫലിയുടെയും സദാശിവത്തിന്റെയും പ്രഭാഷണങ്ങള്‍ ഞാന്‍ ഇതിന്നു മുമ്പും കേട്ടിട്ടുണ്ട്. പക്ഷെ ജലീലിന്റേത് ആദ്യമായിട്ടായിരുന്നു. മലയാള സാഹിത്യത്തെക്കുറിച്ച് പൊതുവെയും ചെറുകഥാ ശാഖയെക്കുറിച്ച് പ്രത്യേകവുമായാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ചെറുകഥയ്ക്കാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയത്. അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തലുകള്‍ അന്നത്തെ പ്രൗഢഗംഭീരമായ സദസ്സിന്ന് തീര്‍ത്തും ഒരു നവാനുഭവമായിരുന്നു.

ഈ അടുത്ത കാലത്തും ജലീലിന്റെ സാഹിത്യ സംബന്ധിയായ ഒരു പ്രസംഗം കേള്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അത് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശമായ തലയോലപ്പറമ്പില്‍ വെച്ചായിരുന്നു. ബഷീറിന്റെ പേരിലുള്ള പുരസ്‌കാരത്തിന്റെ സന്ദര്‍ഭമായിരുന്നു സന്ദര്‍ഭം. സാധാരണയായി നമ്മുടെ മന്ത്രിമാര്‍ പ്രസംഗിക്കാന്‍ ക്ഷണിക്കാന്‍ വരുന്നവരെ നിരാശരാക്കാറില്ല. അവര്‍ വരുമെന്നേല്‍ക്കും; മിക്കപ്പോഴും ചടങ്ങിനവരെത്തില്ല. എന്നാല്‍ എത്തുന്നവരോ ഏറെ വൈകിയിട്ടായിരിക്കും വരിക. തലയോലപ്പറമ്പിലെ ചടങ്ങിന്റെ ദിവസം മന്ത്രി ജലീലിന്ന് തിരുവനന്തപുരത്ത് ഒട്ടേറെ പ്രധാന പരിപാടികളുണ്ടായിരുന്നു. അതൊക്കെ നിര്‍വഹിച്ച് അദ്ദേഹം തലയോലപ്പറമ്പിലേക്ക് ‘റഷ്’ ചെയ്യുകയായിരുന്നു. ചsങ്ങുകള്‍ ആരംഭിക്കുന്നതിന്നു മുമ്പേ എത്തിയതിന്റെ ചാരിതാര്‍ത്ഥ്യം അന്ന് ആ മുഖത്ത് ഞാന്‍ കണ്ടു.
ബഷീറിയന്‍ സാഹിത്യത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ എന്നെ അല്‍ഭുതപ്പെടുത്തുകയുണ്ടായി. ഇത് ഇവിടെ എഴുതുവാന്‍ ഒരു പ്രത്യേക കാരണമുണ്ട്. ബഷീറിയന്‍ സാഹിത്യത്തെക്കുറിച്ച് സാമാന്യം അഴത്തില്‍ തന്നെ പഠിച്ചവനാണ് ഞാന്‍. കൊല്ലങ്ങള്‍ക്ക് മുമ്പ് കേരള യൂണിവേഴ്‌സിറ്റി സി.വി. രാമന്‍പിള്ള മെമ്മോറിയല്‍ ലക്ചര്‍ ചെയ്യാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ തെരഞ്ഞെടുത്ത വിഷയം ‘ബഷീറിയന്‍ സാഹിത്യ’മായിരുന്നു. മൂന്നു ദിവസങ്ങളിലായി നീണ്ടുനിന്ന എന്റെ പ്രസംഗം കേരള യൂണിവേഴ്‌സിറ്റി ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈകാരണത്താലൊക്കെ ബഷീറിയന്‍ സാഹിത്യത്തെക്കുറിച്ച് എനിക്ക് ‘കുറച്ചൊക്കെ’ അറിയാമെന്ന ഒരു ‘ഗര്‍വ്വ്’ ഉണ്ടായിരുന്നു. കെ.ടി. ജലീലിന്റെ പ്രസംഗം എന്റെ അമിത വിശ്വാസത്തെ വിപാടനം ചെയ്യാന്‍ സഹായിച്ചു എന്നുപറയാന്‍ ഞാന്‍ മടിക്കുന്നില്ല.

ഇനി ‘മുഖപുസ്തക ചിന്തകള്‍’ എന്ന ഈ പുസ്തകത്തെക്കുറിച്ച്.

Dr KT Jaleel-Mukhapusthakachinthakalനിരാര്‍ദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തില്‍ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഒരു ഏകാന്തപഥികന്‍ നടത്തുന്ന യാത്രകള്‍; അയാള്‍ എത്തിപ്പെടുന്ന സ്ഥലങ്ങള്‍; അയാള്‍ കണ്ടുമുട്ടുന്ന വലിയവരും ചെറിയവരുമായ മനുഷ്യര്‍; അയാളുടെ വിചിത്രമായ അനുഭവങ്ങള്‍; ധീരവും സത്യസന്ധവുമായ നിരീക്ഷണങ്ങള്‍ – ഇതൊക്കെയാണ് ഈ പുസ്തകത്തിലുള്ളത്. ജന്‍മംകൊണ്ടും വിശ്വാസം കൊണ്ടും ഒരു മുസ്​ലിമാണെങ്കിലും അദ്ദേഹം എന്നും നില്‍ക്കുന്നത് മനുഷ്യന്റെ പക്ഷത്താണ്. അര്‍ത്ഥശൂന്യമായ ആചാരങ്ങളെ സധീരം നിരാകരിക്കുന്ന ജലീല്‍ മതങ്ങളുടെ ശുദ്ധമായ അന്തഃസ്സത്തയെ അംഗീകരിക്കാന്‍ അശേഷം മടിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നും യുക്തിഭദ്രമാണ്. ജലീലിന്റെ ഹൃദയവിശാലതയിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. എന്നെ ഏറെ സ്പര്‍ശിച്ച ചിലതിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചു കൊള്ളട്ടെ; ‘സബാഷ് മുനവ്വറലി സബാഷ്’ എന്ന തലക്കെട്ടിലുള്ള എഴുപത്തി ഏഴാമത്തെ കുറിപ്പ്. 2013 ല്‍ കുവൈറ്റില്‍ വെച്ച് മലപ്പുറം സ്വദേശിയായ ഒരു മുസ്‌ലിം യുവാവ് അബദ്ധത്തില്‍ കൊല്ലപ്പെടുന്നു. നിയമത്തിന്റെ ദൃഷ്ടിയില്‍ കുറ്റവാളി തമിഴ്‌നാട്ടുകാരനായ ഒരു ഹിന്ദു യുവാവ്. സ്വാഭാവികമായും അയാള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നു. കുവൈറ്റിലെ നിയമപ്രകാരം കുറ്റവാളി വധിക്കപ്പെട്ട ആളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കിയാല്‍ (30 ലക്ഷം) ശിക്ഷയില്‍ നിന്ന് മോചിതനാകും. പക്ഷെ, കുറ്റവാളിക്കോ അയാളുടെ കുടുംബത്തിനോ 30 ലക്ഷം ഉണ്ടാക്കാനുള്ള ശേഷിയില്ല.

 

ഈ വിവരമറിഞ്ഞ മുനവ്വറലി ശിഹാബ് തങ്ങളും ഉദാരമതികളായ ഏതാനും സുഹൃത്തുക്കളും കൂടി 30 ലക്ഷം രൂപ സമാഹരിച്ച് പ്രതിയുടെ ഭാര്യയായ മാലതിക്ക് നല്‍കി. മാലതി പാണക്കാട്ട് വെച്ച് ഈ തുക കൊല്ലപ്പെട്ട നിര്‍ഭാഗ്യവാന്റെ കുടുംബത്തിന് നല്‍കി മാപ്പപേക്ഷ ഒപ്പിട്ടു വാങ്ങിയശേഷം കുവൈറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ സല്‍ക്കര്‍മ്മത്തില്‍ ഭാഗഭാക്കായ എല്ലാവരേയും – പ്രത്യേകിച്ച് ശിഹാബ് തങ്ങളുടെ പുത്രനായ മുനവ്വറലി ശിഹാബ് തങ്ങളെ – ജലീല്‍ ശ്‌ളാഘിക്കുന്നുണ്ട്. ഇവിടെ ഒരു കാര്യം നാം പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. ഗ്രന്ഥകാരനായ കെ.ടി. ജലീല്‍ തന്റെ രാഷ്ട്രീജീവിതം തുടങ്ങുന്നത് മുസ്‌ലിം യൂത്ത് ലീഗിന്റെ ഒരു പ്രവര്‍ത്തകനായിട്ടാണ്. പില്‍ക്കാലത്ത് ലീഗിന്റെ ചില നിലപാടുകളുമായി തനിക്ക് യോജിച്ചു പോകാന്‍ കഴിയില്ല എന്നു മനസ്സിലാക്കുമ്പോള്‍ ആ സംഘടനയില്‍ നിന്ന് അദ്ദേഹം വിട്ടുപോകുന്നു. ആ സംഘടനയുടെ യുവജന വിഭാഗം പ്രസിഡൻറിന്റെ സല്‍പ്രവൃത്തിയെയാണ് ജലീല്‍ ഇപ്പോള്‍ മുക്തകണ്ഠം പ്രശംസിക്കുന്നത് ! വാഴ്ത്തപ്പെടേണ്ട ഒരു മനസ്ഥിതിയല്ലേ ഇത്?

ഇനി 2017 ഡിസംബര്‍ ഏഴാം തിയ്യതിയിലെ മറ്റൊരു കുറിപ്പ് – ‘ഹാദിയയുടെ മതം’ എന്ന പേരിലുള്ള ഈ കുറിപ്പ് അക്കാലത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ്. ഒരു ഹിന്ദു വിദ്യാര്‍ത്ഥിനി തന്റെ കാമുകന്റെ പ്രേരണയ്ക്ക് വശംവദയായി ഇസ്‌ലാമില്‍ ചേരുകയും അയാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഇതില്‍ ദുഃഖിതരായ മാതാപിതാക്കള്‍ ഒന്നിലധികം കോടതികളില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും നീതിപീഠത്തിന്റെ തീരുമാനങ്ങള്‍ അവര്‍ക്കെതിരായിരുന്നു. മകളെ അവര്‍ക്ക് തിരിച്ചു കിട്ടുന്നില്ല. ഈ വിഷയത്തില്‍ ജലീല്‍ എഴുതുന്നു: ‘മാധവിക്കുട്ടി കമലാസുരയ്യയായപ്പോള്‍ അതിനെ സ്വീകരിച്ച കേരളത്തിന്റെ പൊതുബോധം ‘അഖില’ ‘ഹാദിയ’ ആയപ്പോള്‍ നെഞ്ചോട് ചേര്‍ത്തുവെക്കാന്‍ മടിച്ചു നിന്നത് ഒരു പെറ്റമ്മയുടെ വിലാപം അവരുടെ കാതുകളില്‍ ആര്‍ത്തിരമ്പുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം ആര്‍ക്കെങ്കിലും ഇല്ലാതെ പോയെങ്കില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യേണ്ടത് മറ്റുള്ളവരെയല്ല, അവനവനെത്തന്നെയാണ്. എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയില്‍ ഒരഭ്യര്‍ത്ഥനയേ എനിക്കുള്ളൂ. ഇഷ്ടപ്പെട്ട വിശ്വാസം വരിച്ചോളൂ. അത് മോളുടെ വ്യക്തിസ്വാതന്ത്ര്യം. മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ച് ലോകത്താരും ഒന്നും നേടിയിട്ടില്ലെന്ന പരമസത്യം കുട്ടി മറന്നു പോകരുത് -മാതാപിതാക്കളോട് ‘ഛെ’ എന്ന വാക്കുപോലും ഉച്ചരിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി, അമ്മയുടെ കാലിന്‍ ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗമെന്നും അരുള്‍ ചെയ്തു – ഞാന്‍ ചോദിക്കട്ടെ; ഇതില്‍ കൂടുതല്‍ ഈ വിഷയത്തില്‍ എന്താണ് പറയേണ്ടത്? ഇനി മെറ്റാരു വളരെ പ്രധാനപ്പെട്ട നിരീക്ഷണം.2014 ജൂലായ് 28 ലെ ‘ക്ഷമാപണം’ എന്ന കുറിപ്പിലാണ്: ‘പടപ്പുകളോട് ചെയ്ത തെറ്റുകള്‍ക്ക് എത്ര നൂറ്റാണ്ടുകള്‍ പടച്ചവനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചാലും അവന്‍ അവനത് നമുക്ക് പൊറുത്തു തരില്ല. അത്രമേല്‍ ആദരിക്കപ്പെട്ടവനാണ് മനുഷ്യന്‍. മനുഷ്യ നന്‍മയാണ് എല്ലാ വിശ്വാസങ്ങളുടെയും കാതല്‍. മനുഷ്യന്നതീതമായി ഒരു വിശ്വാസവും മതവുമില്ല’.

അവസാനമായി ഒരു ഉദ്ധരണി കൂടി. ഇത് ‘ഇ.എം.എസ്സിന്റെ ലോകം’ എന്ന തലവാചകത്തിനു താഴെ 2019 ജൂണ്‍ 16 ന്ന് വന്ന കുറിപ്പില്‍ നിന്നാണ്: ‘നമസ്‌കാരം, നോമ്പ് , ഹജ്ജ് പോലെയുള്ള മതവരമായ നിര്‍ബന്ധാന്യഷ്ഠാനങ്ങള്‍ ഒരോരുത്തരുടെയും വൈയക്തിക ഇസ്‌ലാമികതയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണല്ലോ – അവനെ സംബന്ധിച്ചേടത്തോളം അത് രക്ഷിതാവായ നാഥനോടുള്ള അനിവാര്യ ബാദ്ധ്യതയാണ്. എന്നാല്‍ മൂല്യങ്ങള്‍, അല്ലെങ്കില്‍ നന്മകള്‍ (ഗുഡ് എത്തിക്‌സ്) എന്നത് വ്യക്തിയും അവന്റെ സംശയങ്ങളുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ നാം നമ്മുടെ നിത്യ ജീവിതത്തില്‍ മറ്റുള്ളവരുമായുള്ള പെരുമാറ്റത്തിലും ഇടപാടുകളിലും ഇസ്​ലാമിനെ കൊണ്ടുവന്നിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ആ വിശ്വാസം ദുഷിക്കുകയും അതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. പ്രവാചകന്‍ പറയുന്നു: ‘ഏറ്റവും വലിയ ദരിദ്രന്‍ അന്ത്യനാളില്‍ ധാരാളം ആരാധനാ കര്‍മ്മങ്ങളുമായി കടന്നുവരുന്നവനാണ്.’ പക്ഷെ അവന്‍ അതിനെ നിഷ്പ്രഭമാക്കുംവിധം പരസ്പര ഇടപാടുകളിലും ധനവിനിയോഗത്തിലും പെരുമാറ്റത്തിലും മ്ലേച്ഛമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചവനുമായിരിക്കും. അതുകൊണ്ടു തന്നെ ഈമാനും (വിശ്വാസത്തിന്റെ ആന്തരിക തലം) ഇഹ്‌സാനും (വിശ്വാസത്തിന്റെ സാമൂഹിക തലം) സമന്വയിക്കാതെ ഇസ്​ലാം പൂര്‍ണ്ണമാവില്ല. ബര്‍ണാഡ്ഷായുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്; Islam is the best religion, But, Muslims are its worst followers. ഇസ്‌ലാം ഏറ്റവും നല്ല മതമാണ്. പക്ഷെ അതിന്റെ ഏറ്റവും ചീത്ത അനുയായികളാണ് മുസ്‌ലിംകള്‍.

ചിന്താര്‍ഹമായ ഇത്തരം നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തില്‍ എത്രയോ ഉണ്ട്. പക്ഷെ വിസ്താരഭയത്താല്‍ ഞാന്‍ അവയിലേക്ക് കടക്കുന്നില്ല. ഒന്നുരണ്ട് കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചു കൊണ്ട് ഇപ്പോള്‍തന്നെ ദീര്‍ഘമായിപ്പോയ ഈ ആമുഖക്കുറിപ്പ് അവസാനിപ്പിക്കാം. ‘മുഖപുസ്തക ചിന്തക’ളുടെ കര്‍ത്താവ് ഒരു സഞ്ചാരിയാണ്. ഇന്ത്യക്കകത്തും വെളിയിലുമൊക്കെ അദ്ദേഹം വിസ്തരിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രകളില്‍ അദ്ദേഹം രാഷ്ട്രത്തലവന്‍മാരെയും വ്യവസായ പ്രമുഖരെയും മാത്രമല്ല സാധാരണക്കാരെയും കാണുന്നുണ്ട്. അമേരിക്കയിലെത്തുമ്പോള്‍ ജലീല്‍ പോകുന്നത് അവിടത്തെ വിശ്വവിഖ്യാതങ്ങളായ സിനിമാ നിര്‍മ്മാണശാലകളിലേക്കോ കാസിനോകളിലേക്കോ അല്ല; പ്രിന്‍സ്റ്റണ്‍, സ്റ്റാന്‍ഫോഡ് തുടങ്ങിയ ലോകോത്തര വിദ്യാകേന്ദ്രങ്ങളിലേക്കാണ്. ഐന്‍സ്റ്റീനെ പോലുള്ളവര്‍ ഒരുകാലത്ത് പഠിപ്പിച്ചതും നോബല്‍ ജേതാക്കളായ അദ്ധ്യാപകര്‍ ഇന്നും പഠിപ്പിക്കുന്നതും പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയതുമായ ഈ സര്‍വകലാശാലകളില്‍ ചെന്ന് അവയുടെ തലപ്പത്തുള്ളവരുമായി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിലെ ‘നിത്യ വിദ്യാര്‍ത്ഥി’ക്ക് ജന്മസാഫല്യം കൈവരുന്നു.

പുതിയ കാലത്തെ വിജ്ഞാന കേന്ദ്രമായ ‘സിലിക്കോണ്‍’ വാലിയിലെ ‘ഫേസ്ബുക്കിലും’ ‘ഗൂഗിളിലും’ ‘ആപ്പിളി’ലുമൊക്കെ ജോലി ചെയ്യുന്ന മിടുക്കരായ മലയാളികളുമായി സംവദിക്കാനും അദ്ദേഹം സമയം കാണുന്നു. മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും എന്റെ സുഹൃത്ത് കെ.ടി. ജലീല്‍ എന്നും നിസ്വന്റെ, ഒന്നുമില്ലാത്തവന്റെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ കൂടെയാണ്. അതുകൊണ്ടു തന്നെയായിരിക്കുമല്ലോ 163 കുറിപ്പുകളുള്ള ഈ കൃതിയിലെ ആദ്യത്തെയും അവസാനത്തെയും കുറിപ്പുകള്‍ തവനൂര്‍ വൃദ്ധസദനത്തിലെ ‘ആസ്യാത്ത’യെക്കുറിച്ചായത്. ഇത് ഒരു വെറും യാദൃശ്ചികതയാണെന്ന് ഞാന്‍ കരുതുന്നില്ല. കൂട്ടത്തില്‍ പറയട്ടെ, ‘ആസ്യാത്ത’ ചരമമടഞ്ഞപ്പോള്‍ അവരുടെ ജനാസ നമസ്‌കാരത്തിന് നേത്രത്വം നല്‍കിയതും ജീവിച്ചിരിക്കുമ്പോള്‍ അവര്‍ മകനെപ്പോലെ കണ്ട ജലീല്‍ തന്നെയായിരുന്നു.!
ജലീലിന്റെ സന്‍മനസ്സിന് പ്രണാമം.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന് അവതാരികയെഴുതാന്‍ എന്നെ സമീപിച്ചപ്പോള്‍ തൊണ്ണൂറിലെത്തിയ എനിക്ക് ശാരീരിക ക്ലേശങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാമായിരുന്നു. സത്യത്തില്‍ ശാരീരിക ക്ലേശങ്ങള്‍ ഉണ്ട് താനും. പക്ഷെ, എന്തുകൊണ്ടോ ഞാനങ്ങിനെ പറഞ്ഞില്ല. എന്റെ ഭാഗ്യം!

ജലീലിന്റെ അടുത്ത പുസ്തകത്തെ പ്രത്യാശാപൂര്‍വ്വം കാത്തിരിക്കുന്നു.

Comments are closed.