DCBOOKS
Malayalam News Literature Website

ഇന്ത്യ എന്ന തീവണ്ടി!


വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തിന്  ദിവ്യ ജോൺ ജോസ് എഴുതിയ വായനാനുഭവം.

ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങളെ പുനരവതരിപ്പിക്കുന്ന വലിയൊരു നാടകവേദിയായി ഒരു തീവണ്ടിയുടെ ഉള്ളറകളെ പരിവർത്തനം ചെയ്തു കൊണ്ട്, കഥകളും, ഉപകഥകളും അല്പം, ചരിത്രവും മായാജാലക്കാഴ്ചകളും ചേർത്തു അവതരിപ്പിച്ചിരിക്കുന്ന ഒരു നോവലായാണ് സമ്പർക്ക ക്രാന്തിയുടെ കാഴ്ചകളെ വിവരിക്കാൻ തോന്നുന്നത്.

ഇതിൽ, യഥാർത്ഥ രാഷ്ട്രീയ  സംഭവങ്ങളുടെ പരിഛേദമുണ്ട്, എന്നാൽ ഒരു പൊളിറ്റിക്കൽ ഫിക്ഷൻ എന്ന് മാത്രം വിശേഷിപ്പിക്കാനുമാകില്ല. ചരിത്ര സംഭവങ്ങളെ നോവലുമായി ബന്ധിപ്പിക്കാനായി മാത്രം ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നതായി കാണാം. നോവലിന്, ഒരു യാത്രയുടെ തുടക്കമെന്നോണം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന സമ്പർക്കക്രാന്തി എന്ന തീവണ്ടിയിലേയ്ക്ക് യാത്രക്കാരെ അഥവാ വായനക്കാരെ ക്ഷണിക്കുന്നു.

കരംചന്ദ് എന്ന് പേരായ ഒരു സഞ്ചാരി പ്രധാന കഥാപാത്രത്തിൻ്റെ സ്വഭാവത്തിൽ മിക്ക അദ്ധ്യായങ്ങളും വിവരിക്കുന്നു. എന്നാൽ സ്വതന്ത്രമായ ആഖ്യാനങ്ങളുള്ള അദ്ധ്യായങ്ങളും നോവലിലുണ്ട്.കരം ചന്ദിൻ്റെ ഫേസ്ബുക്ക് കുറിപ്പുകളും ചില ഫ്ലാഷ്ബാക്കുകളും കഥയിൽ വന്നു പോകുന്നു.

Textചരിത്രമില്ലാത്ത കുട്ടി, സംശയ വൃദ്ധ, കരുമൻ, സ്വപ്നങ്ങൾ, ചരിത്രം തുടങ്ങിയ വെല്ലാം ചേർത്ത് സറിയിലസ്റ്റിക്കായ  എഴുത്ത് നോവലിലുടനീളം കാണാം. ഐഡിയോളജികളുടെ അല്ലെങ്കിൽ ഫിലോസഫിക്കൽ Quotes കൾ ഒക്കെ ധാരാളമായി വന്നിട്ടുണ്ട്. വ്യക്തിപരമായി ഐഡിയോളജികളോട് അത്ര കണ്ട് മമത, ഫിക്ഷൻ വായനയിൽ ഇല്ലാത്തതു കൊണ്ട്, അതിനെപ്പറ്റി കൂടുതൽ വിശദീകരിക്കുന്നില്ല.

വാണ്ടറർ എന്ന പഴയ .കാല ഒരു എൻജിൻ പുറകിൽ വഹിച്ചുകൊണ്ടാണ് സമ്പർക്ക ക്രാന്തി ഡൽഹിയിലേയ്ക്ക് തിരിക്കുന്നത്. കരംചന്ദിൻ്റെ സഹയാത്രികനായ വെള്ളക്കാരനായ ജോൺ നോവലിൻ്റെ ആദ്യഭാഗങ്ങളിൽ “ഇന്ത്യ” എന്നെഴുതിയ പുസ്തകവുമായി സജീവമായി കാണപ്പെടുന്നുവെങ്കിലും കുറച്ചധികം സ്റ്റേഷനുകൾക്കു ശേഷം, വലിയ പ്രാധാന്യമില്ലാതെയാകുന്നുമുണ്ട്. അയാൾ തൻ്റെ കൈയിലുള്ള പുസ്തകത്തിലൂടെ വായിച്ചറിയുന്ന കേരളത്തിലെ ചില സ്റ്റേഷൻ വിശേഷങ്ങൾ, അയാളുടെ അച്ഛനപ്പൂപ്പമാരുടെ വിശേഷങ്ങൾ, ഫോട്ടോഗ്രഫിയിൽ അതീവ താത്പര്യമുള്ള അയാളുടെ കടുവകളെക്കുറിച്ചുള്ള വിവരണങ്ങൾ എല്ലാം “ഇർഫോർവേറ്റീവ് ” എന്ന രീതിയിയുള്ള കുറച്ച് സംഭവങ്ങളുമായി പറഞ്ഞിരിക്കുന്നു. കടുവ, ഒരു  “ടെറിട്ടോറിയൽ അനിമൽ” ആണെന്നും, ഒരു തരത്തിൽ മനുഷ്യനിലും ജാതിയുടെയും മതത്തിൻ്റെയും ലിംഗത്തിൻ്റെയും പേരിൽ അതിരുകൾ തീർക്കുന്ന ആ മൃഗതൃഷ്ണ ഉണ്ടെന്നും അവസാന അദ്ധ്യായങ്ങളിൽ കൂടുതൽ സ്പടമാകുന്നു. രാഷ്ട്രം ഒരു തുറന്ന ജയിലാണെന്ന് ധബോൽക്കർ, കരംചന്ദിനോടു പറയുന്ന ഒരു സന്ദർഭവും നോവലിലുണ്ട്.

നോവലിൻ്റെ രണ്ടും മൂന്നും ഭാഗങ്ങളിലേയ്ക്കു വരുമ്പോൾ വായന തീർത്തും രാഷ്ട്രീയമായൊരന്തരീക്ഷം, തീർച്ചയായും കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചികൊണ്ടിരിക്കുന്നതിൻ്റെ ഒരു ലഘു നാടകപ്പതിപ്പ് എന്ന പോലെയുള്ള സംഭവങ്ങൾ ആ തീവണ്ടിയിൽ അരങ്ങേറുന്നു. തീവണ്ടി ഇന്ത്യ തന്നെയായി മാറുന്നു.

ദ്വി എന്നു പേരായ ഒരു നേതാവ് പൊടുന്നനെ പൊട്ടി മുളയ്ക്കുകയും അണികളെ ഉണ്ടാക്കുകയും സംഘബലത്താൽ, യാത്രക്കാരെ മതത്തിൻ്റെയും ലിംഗത്തിൻ്റെയും പേരിൽ ചേരിതിരിക്കാനും പ്രാപ്യമായ വിധത്തിൽ അയാൾ പൊടുന്നതെ ഒരാധിപത്യം കൈവരിക്കുകയും ചെയ്യുന്നു. ഗാന്ധിയുടെ വധം മുതൽ ധബോൽക്കർ, കൽബുഗി, ഗൗരി ലങ്കേഷ് എന്നിവരിലേയ്ക്കെല്ലാം പടരുന്ന വെറുപ്പിൻ്റെ രാഷ്ട്രീയം ഓർമ്മപ്പെടുത്തുന്ന രംഗങ്ങൾ, ഈ വായനയിൽ വന്നു പോകുന്നു.

ട്രെയിനിയിൽ പ്രസവിക്കുന്ന ഒരു സ്ത്രീ – അവരുടെ കുഞ്ഞ് കരംചന്ദിൻ്റെ ഭാവനയിൽ വളരുന്നു – ചരിത്രമില്ലാത്ത കുട്ടി. ഈ കുട്ടിയുമായി കരംചന്ദിൻ്റെ ഓർമ്മകളെന്നോ ഭാവനയെന്നോ വിളിക്കാവുന്ന കാര്യങ്ങൾ തീവണ്ടിയുടെ അതിരുകൾക്കപ്പുറത്തേയ്ക്കു വായനയെ കൊണ്ടു പോകുമ്പോഴെല്ലാം, ഇതൊക്കെ പ്രധാന കഥയുമായി എന്ത് ബന്ധമാണെന്ന് ചിന്തിപ്പിക്കുന്നുണ്ടായിരുന്നു. അതേപോലെ തന്നെ, അയാളുടെ സ്വപ്നങ്ങളിൽ. സംഭവിക്കുന്ന സ്വപ്നങ്ങൾ എന്ന രീതിയിലുള്ള വിവരണങ്ങളും ചിലയിടത്തുണ്ട്.

കാർവാലോ എന്ന ടിക്കറ്റ് ചെക്കറുടെ കഥാപാത്രത്തെ, ചരിത്രത്തിലെ ചില സംഭവങ്ങളെ വർത്തമാന കാലവുമായി ബന്ധപ്പെടുത്തുന്ന ഒരു ഏടായി പ്രതിപാദിച്ചിരിക്കുന്നു. “കരിമൻ” എന്ന കഥാപാത്രവും അൽമേഡയുടെ കപ്പലുമെല്ലാം ഒരു സ്വതന്ത്രമായ ചെറുകഥയോ നോവല്ലെയോ പോലെ വായിച്ചെടുക്കാൻ പറ്റുമെന്നു തോന്നി. അത്ര തന്നെ പ്രധാന്യമുള്ള പല കഥാപാത്രങ്ങളും തീവണ്ടിയിലെ യാത്രക്കാരിലുമുണ്ട്.

കോഴിക്കോടു നിന്നു കയറുന്ന ലേഖാ നമ്പൂതിരി, മറ്റൊരു കോച്ചിലെ സമീറ ഫാത്തിമ, യാത്ര ചെയ്യുന്ന മറ്റു കുടുംബങ്ങൾ, വിദ്യാർത്ഥികളുടെ സംഘം, തീർത്ഥാടനക്കാർ, അമാനുഷി എന്ന ട്രാൻസ്ജർഡർ, തീവണ്ടിയിലെ ജീവനക്കാർ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അഥവാ യാത്രക്കാർ നിറഞ്ഞ തീവണ്ടിയാണു സമ്പർക്കക്രാന്തി.

ഡൽഹിയിലെത്തുമ്പോഴെക്കും തീവണ്ടിയ്ക്കുള്ളിലെ അതിർത്തിക്കുള്ളിലിരുന്നു ജനങ്ങൾ പോർവിളികളും കലാപങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. ഏകാധിപതിയായ അധികാരിയ്ക്കു പോലും നിയന്ത്രിക്കാനാവാത്ത തരത്തിൽ അക്രമാസക്തമായിത്തീർന്ന അന്തരീക്ഷം.

കരംചന്ദിൻ്റെ കാഴ്ചകളെ വിവരിക്കുന്ന ഈയിടത്തിൽ, അയാൾ കാണുന്ന ഭ്രമാത്മകമായ – കാഴ്ചകളെ വായനക്കാരുടെ മനോധർമ്മത്തിനനുസരിച്ച് വായിച്ചെടുക്കാമെന്നുള്ള പ്രതീകാത്മക വിവരണമായി തോന്നി.

വാണ്ടറർ എന്നു പറയുന്ന ബ്രിട്ടീഷ് ഭരണകാലത്തെ ഓർമ്മപ്പെടുത്തുന്ന യന്ത്രം സ്വയം ശക്തിയാർജ്ജിച്ചു സമ്പർക്കക്രാന്തിയെ, ഇന്ത്യയുടെ പരിഛേദത്തെ ഇടിച്ചു നിരപ്പാക്കി, ചിതറിച്ചു കളയുന്ന ഒരു ഭ്രമക്കാഴ്ചയാണു കരംചന്ദ് എന്ന നാമധാരിയായ കഥാനായകന് നിർന്നിമേഷനായി നോക്കി നിൽക്കേണ്ടി വരുന്നത്. തീവണ്ടിയിൽ നിന്നു വേർപ്പെട്ട ബോഗികൾ സമ്പർക്ക ക്രാന്തി എന്ന പേരിനർഹമല്ലാതെ അലഞ്ഞു തിരിയുന്നതിനെ, സ്വന്തം രാജ്യം വീട്ട് ഓടിപ്പോകേണ്ടി വരുന്ന അഭയാർത്ഥികളുടെ ചിത്രമാണ് മുന്നിൽ കൊണ്ടുവന്നു നിർത്തിയത്.

അയാളുടെ മായക്കാഴ്ചകൾ അവസാനിക്കുമ്പോഴെക്കും ഡൽഹിയിലെത്തുന്നു, അയാളവിടെയിറങ്ങുന്നു.

ചരിത്രമില്ലാത്ത കുട്ടി, താൻ തെന്നെയായിരുന്നു എന്നയാൾക്കു തോന്നുന്നു. ആ കുട്ടി, സമ്പർക്ക ക്രാന്തിയിൽ, ചാണ്ഡിഗട്ടിലേയ്ക്ക്, അയാളുടെ തുടർച്ചയെന്നോണം യാത്ര തുടരുന്നു.

തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതിയതിൻ്റെ ഒരാകർഷണത്തിനുമപ്പുറം, ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ വായിക്കപ്പെടേണ്ട ഒന്നാണ് ഈ നോവൽ എന്നു തോന്നി. പ്രതിവിധികളല്ല നോവലിസ്റ്റ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.മറിച്ച്, ആട്ടിൽ തോലണിഞ്ഞ, വെറുപ്പിൻ്റെ ,പിളർപ്പിൻ്റെ രാഷ്ട്രീയം വിൽക്കുന്ന അധികാരങ്ങളെ തിരിച്ചറിയുക എന്ന ആശയമാണ്, നോവലിസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്.ദുഷ്ടനായ കപ്പിത്താൻ്റെ അന്ത്യം പോലെ ,ദ്വി എന്ന ഏകാധിപതിയുടെ തകർച്ച കാണുന്നതുപോലെ, ഒരു പ്രതീക്ഷ നിറഞ്ഞ സ്വപ്നം അവശേഷിപ്പിച്ചു കൊണ്ട് നോവൽ അവസാനിക്കുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

 

Comments are closed.