DCBOOKS
Malayalam News Literature Website

സഫ്ദര്‍ ഹഷ്മിയുടെ ചരമവാര്‍ഷികദിനം

ഇന്ത്യയില്‍ തെരുവുനാടകത്തിന് വിത്തുപാകിയവരില്‍ പ്രമുഖനായ സാംസ്‌കാരിക-സാമൂഹ്യപ്രവര്‍ത്തകനായിരുന്നു സഫ്ദര്‍ ഹഷ്മി. 1954 ഏപ്രില്‍ 12ന് ദില്ലിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1973-ല്‍ തന്റെ പത്തൊമ്പതാം വയസ്സില്‍ ജനനാട്യമഞ്ച് എന്ന തെരുവുനാടക ട്രൂപ്പിലൂടെ സമകാലിക സാമൂഹിക- രാഷ്ട്രീയ വസ്തുതകള്‍ സാധാരണക്കാരന് മുന്നില്‍ അവതരിപ്പിച്ചു. 1983 മുതല്‍ അദ്ദേഹം ഒരു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായും സജീവതെരുവു നാടക കലാകാരനായും മാറി.

ജനനാട്യമഞ്ച് എന്ന നാടകസംഘത്തില്‍ ഒരു സജീവ പ്രവര്‍ത്തകനായി മാറിയ സഫ്ദര്‍, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങള്‍ രചിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തു. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ചിലതാണ് മഷീന്‍, ഓരത്, ഗാവോം സെ ഷെഹര്‍ തക്, രാജ ക ബാജ, ഹത്യാര്‍ തുടങ്ങിയവ. ഇതില്‍ ചില നാടകങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങളും രചിച്ചിട്ടുണ്ട്. സഫ്ദറിന്റെ, ജനനാട്യമഞ്ചിലെ വിലയേറിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി.

1989 ജനുവരി ഒന്നിന് സഫ്ദര്‍ ഹഷ്മിയുടെ നേതൃത്വത്തിലുള്ള നാടകസംഘം ഉത്തര്‍പ്രദേശിലെ സഹീദാബാദിലെ വ്യാവസായിക മേഖലയില്‍ ഹല്ല ബോല്‍ എന്ന നാടകം അരങ്ങേറുന്നതിനിടെയാണ് കോണ്‍ഗ്രസ് അനുഭാവികളുടെ വെടിയേല്‍ക്കുന്നത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം ജനുവരി രണ്ടിന് ആശുപത്രിയില്‍ വെച്ച് മരിച്ചു. സഫ്ദറിന്റെ കൊലപാതകത്തിന് രണ്ട് ദിവസങ്ങള്‍ക്കു ശേഷം, അദ്ദേഹത്തിന്റെ ഭാര്യ മൊളായ്ശ്രീ ഹാഷ്മി അതേവേദിയില്‍ തന്റെ ഭര്‍ത്താവിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ തെരുവുനാടകം ആയിരങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു.

Comments are closed.