DCBOOKS
Malayalam News Literature Website

ശബരിമലയും ജനാധിപത്യവും…

ആര്‍ത്തവകാല സ്ത്രീശരീരം അശുദ്ധമാണെന്ന അബദ്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ പ്രായത്തിലുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനംനടത്തരുതെന്ന ദുരാചാരത്തെ തള്ളിക്കളഞ്ഞുകൊണ്ട് മുഴുവന്‍ സ്ത്രീകളുടെയും ജനാധിപത്യാവകാശം പുനഃസ്ഥാപിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. ഒരു ആധുനിക ജനാധിപത്യസമൂഹം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ തയ്യാറാകുന്ന ഒരു തീരുമാനമായിരുന്നു കോടതിയുടേത്. ചുരുക്കത്തില്‍, മലയാളിസമൂഹത്തിന്റെ ജനാധിപത്യബോധ നിലവാരം ഏറെ താഴെയാണെന്ന് വിലയിരുത്തേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.

കെ. വേണു എഴുതിയ ലേഖനം

പരമ്പരാഗത വിശ്വാസങ്ങളില്‍ ഊന്നിനില്ക്കുന്ന ഒരു സമൂഹത്തിലുണ്ടാകുന്ന ജനാധിപത്യപരമായ രാഷ്ട്രീയവത്കരണത്തിന്റെ ഗതിവേഗത്തില്‍ സംഭവിക്കുന്ന ഏറ്റിറക്കങ്ങള്‍ എത്രമാത്രം സങ്കീര്‍ണമായ സാഹചര്യങ്ങള്‍ക്കു വഴിവെച്ചേക്കാമെന്നതിന്റെ നല്ലൊരു ദൃഷ്ടാന്തമാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ഉതകുംവിധം അടുത്തകാലത്ത് സുപ്രീംകോടതി പുറപ്പെടുവിച്ച വിധികളില്‍ പ്രധാനപ്പെട്ടതാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി. പക്ഷേ, അതു കൃത്യമായും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. പുരോഗമനമുഖം പേറുന്ന മലയാളി സമൂഹം, അതിലെ ഗണ്യമായ ഒരു ഭാഗമെങ്കിലും അത് നടപ്പിലാക്കരുതെന്ന് ശഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മലയാളിസമൂഹത്തിന്റെ ജനാധിപത്യ നിലവാരത്തെക്കുറിച്ചു നമ്മള്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

മലയാളിസമൂഹത്തിന്റെ പരിണാമചരിത്രം പരിശോധിച്ചാലേ അടിയൊഴുക്കുകള്‍ വ്യക്തമായി മനസ്സിലാക്കാനാവുകയുള്ളൂ (ഇവിടെ അതിനു ശ്രമിക്കുന്നില്ല. സമകാലീനസംഭവവികാസങ്ങളില്‍ ഈ ലേഖനം ഒതുങ്ങിനില്‌ക്കേണ്ടിയിരിക്കുന്നു). കേരളത്തില്‍ ഇതുവരെ ബഹുജനങ്ങളിലേക്ക് കാര്യമായി ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞിട്ടില്ലാത്ത ഹിന്ദുത്വരാഷ്ട്രീയത്തിന് അവസരമൊരുക്കുന്ന നിമിത്തമായി ശബരിമല മാറുമോ എന്ന ആശങ്കയാണ് മതേതര ജനാധിപത്യവിശ്വാസികളെ അലട്ടുന്നത്. ആര്‍ത്തവകാല സ്ത്രീ
ശരീരം അശുദ്ധമാണെന്ന അബദ്ധ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആ പ്രായത്തിലുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനംനടത്തരുതെന്ന ദുരാചാരത്തെ തള്ളിക്കളഞ്ഞുകൊണ്ട് മുഴുവന്‍ സ്ത്രീകളുടെയും ജനാധിപത്യാവകാശം പുനഃസ്ഥാപിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. ഒരു ആധുനിക ജനാധിപത്യ സ
മൂഹം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ തയ്യാറാകുന്ന ഒരു തീരുമാനമായിരുന്നു കോടതിയുടേത്. കോടതി തീരുമാനത്തോടുള്ള മലയാളി സമൂഹത്തിന്റെ പൊതുനിലപാട് വസ്തുനിഷ്ഠമായി വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരില്‍ ബഹുഭൂരിപക്ഷവും പഴയ ദുരാചാരം തുടരാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണു പൊതുവില്‍ മനസ്സിലാക്കപ്പെടുന്നത്. അയ്യപ്പഭക്തര്‍ പൊതു സമൂഹത്തില്‍ ഗണ്യമായ ഭാഗം വരുന്നതുകൊണ്ട് ഇത് പൊതുസമൂഹത്തിന്റെ നിലപാടു തന്നെയായി കണക്കാക്കേണ്ടിവരുന്നു. ചുരുക്കത്തില്‍, മലയാളിസമൂഹത്തിന്റെ ജനാധിപത്യബോധ നിലവാരം ഏറെ താഴെയാണെന്ന് വിലയിരുത്തേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.

ഇത് സ്വാഭാവികമായും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും വാസ്തവമതല്ല. ആചാരത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചറിയാനുള്ള കഴിവ് ഏതായാലും മലയാളി നേടിയിട്ടുണ്ട്. ഹിന്ദു ആചാരം പിന്തുടരുന്നതുകൊണ്ട് ഹിന്ദുത്വരാഷ്ട്രീയം സ്വീകരിക്കേണ്ടതില്ലെന്നും അവര്‍ക്കറിയാം. ഇവിടെ ഏറ്റവും വലിയ അബദ്ധം കാട്ടിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. വോട്ടുബാങ്ക് നഷ്ടപ്പെടുമെന്നു കരുതി കോടതിവിധിയെ മാനിക്കാതെ, തങ്ങള്‍ വിശ്വാസികളോടൊപ്പമാണെന്നു പ്രഖ്യാപിക്കുകയാണ് അവര്‍ ചെയ്തത്. ജനാധിപത്യത്തിന്റെ അടിസ്ഥാ മായ നിയമവാഴ്ചയ്ക്ക് രൂപം നല്കുകയും അതിനെ സംരക്ഷിച്ചുപോരുകയും ചെയ്ത കോണ്‍ഗ്രസ് അതിന്റെ പാരമ്പര്യത്തെത്തന്നെയാണ് തള്ളിപ്പറഞ്ഞത്. കോടതിവിധി അംഗീകരിച്ചുകൊണ്ട് സാവകാശത്തിലും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടും മാത്രമേ അത് നടപ്പിലാക്കാവൂ എന്നെല്ലാമുള്ള പക്വമായ സമീപനം അവര്‍ക്ക് സ്വീകരിക്കാമായിരുന്നു.

കോടതിവിധി പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അത് ഉടനടി നടപ്പിലാക്കുകകൂടി ചെയ്യുമെന്ന് പ്രഖ്യാപിക്കുകവഴി ഇടതുമുന്നണിയും അവരുടെ സര്‍ക്കാരും രാഷ്ട്രീയമായി മുന്‍കൈ നേടുകയാണ് ചെയ്തത്. എന്നാല്‍ അവരും വോട്ടുബാങ്കിനെ പിന്തുടര്‍ന്നുകൊണ്ട് ഇരട്ടത്താപ്പുനയമാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ചിത്തിരആട്ട വിശേഷത്തിനു നടതുറന്നപ്പോള്‍ ദര്‍ശനത്തിനായി സജ്ജരായി എത്തിയ ഏതാനും സ്ത്രീകളില്‍ ഒരാളെയെങ്കിലും സന്നിധാനത്തില്‍ എത്തിക്കാന്‍ പോലീസിനു കഴിയാതെ വന്നപ്പോള്‍തന്നെ സര്‍ക്കാരിന്റെ നിലപാടില്‍ പലരും ആത്മാര്‍ത്ഥതയില്ലായ്മ കാണാന്‍ തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ ശബരിമല സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അനുഭവക്കുറവിന്റെ പ്രശ്‌നങ്ങള്‍ പരിഗണിക്കേണ്ടതാണെന്ന വാദത്തിനു പ്രസക്തിയുണ്ടായിരുന്നു. പക്ഷേ, മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ട് തൃപ്തി ദേശായി വന്നപ്പോള്‍ അവരെ പോലീസ് എയര്‍ പോര്‍ട്ടി ല്‍ നിന്നുതന്നെ തിരിച്ചയച്ചതോടെ സര്‍ക്കാരിന്റെ സമീപനത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന ചിന്ത നിരീക്ഷകര്‍ക്കിടയില്‍ ശക്തിപ്പെടാന്‍ തുടങ്ങി…

തുടര്‍ന്നു വായിക്കാം

കെ. വേണു എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 2019 ജനുവരി ലക്കം പച്ചക്കുതിരയില്‍

 

Comments are closed.