DCBOOKS
Malayalam News Literature Website

ആധുനിക മലയാളിയുടെ പൊതുബോധത്തെ രൂപപ്പെടുത്തിയത് കൊളോണിയലിസം: സണ്ണി എം. കപിക്കാട്

ആധുനിക മലയാളിയെ രൂപപ്പെടുത്തിയത് കൊളോണിയല്‍ ഭരണത്തിലൂടെ വന്നുചേര്‍ന്ന വിദ്യാഭ്യാസമായിരുന്നുവെന്ന് പ്രശസ്ത ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എംയ കപിക്കാട്. എല്ലാവര്‍ക്കും ബാധകമായ നിയമവ്യവസ്ഥ രൂപപ്പെട്ടത് ഈ കൊളോണിയല്‍ ഭരണത്തിന്റെ ഫലമായിട്ടാണ്. തനിക്ക് സന്യാസം തന്നത് കൊളോണിയല്‍ ഭരണമാണെന്ന് ശ്രീനാരായണ ഗുരു പറഞ്ഞതും അതുകൊണ്ടാണെന്ന് സണ്ണി എം. കപിക്കാട് പറഞ്ഞു. അതേസമയം ഇന്ത്യക്ക് മഹിമയാര്‍ന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്നും മുഗള്‍ ഭരണ കാലഘട്ടത്തില്‍ അത് നഷ്ടമായെന്നും വാദിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആധുനിക കേരളത്തിന്റെ ശില്പികള്‍’ എന്ന പ്രഭാഷണപരമ്പരയില്‍ ‘അയ്യങ്കാളിയും വില്ലുവണ്ടിയുടെ രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തിന്റെ ഭാഗമായിരുന്ന ചാന്നാര്‍ ലഹള അത് നയിച്ച ചാന്നാര്‍ സ്ത്രീകളെ സൗകര്യപൂര്‍വ്വം മറക്കുകയാണ്. ബ്ലൗസ് ധരിക്കാന്‍ ചാന്നാര്‍ സ്ത്രീകളെ പ്രാപ്തമാക്കിയത് കൊളോണിയല്‍ ഭരണമാണ്. ഈ സ്ത്രീകളുടെ ബ്ലൗസ് കീറിക്കളയാനാണ് നമ്മുടെ ഇന്ത്യന്‍ സംസ്‌കാരം/ പാരമ്പര്യം ശ്രമിച്ചിട്ടുള്ളത്. നമ്മുടെ എന്തെങ്കിലും പാരമ്പര്യത്തിന്റെ ഭാഗമായിരുന്നില്ല നവോത്ഥാനമെന്ന് ഏവരും മനസ്സിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

1860-ലാണ് കേരളത്തില്‍ പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിലാരംഭിക്കുന്നത്. തെക്കു-വടക്ക് ഒരു പാത നിര്‍മ്മിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ശ്രീമൂലം തിരുനാള്‍ മുറജപ മഹോത്സവത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. പൊതുവഴികള്‍ രൂപപ്പെടുന്നതും അതിലൂടെ സഞ്ചരിക്കുയും ചെയ്യുമ്പോള്‍ പാരമ്പര്യങ്ങളും ആചാരങ്ങളും ലംഘിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അയ്യങ്കാളിയുടെ വില്ലുവണ്ടി സമരത്തിന് രാഷ്ട്രീയപരമായ ഒട്ടനവധി മാനങ്ങളുണ്ട്. മലയാളിയുടെ പൊതുബോധത്തെ അഴിച്ചുപണിത സമരമായിരുന്നു വില്ലുവണ്ടി സമരം. വില്ലുവണ്ടി വാങ്ങി കൊണ്ടുവന്ന് ആധുനിക രീതിയിലുള്ള വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത്. നല്ല വസ്ത്രം ധരിക്കുന്നതിലൂടെ ജാതിപെരുമാറ്റം മനസ്സിലാക്കാന്‍ കഴിയുംവിധം കേരളം അന്നുവരെ പിന്തുടര്‍ന്നു വന്ന വസ്ത്രധാരണരീതിയെ അയ്യങ്കാളി റദ്ദു ചെയ്തു. ജീവിതത്തിന്റെ അന്തസ്സുയര്‍ത്താനാണ് അദ്ദേഹം വില്ലുവണ്ടി വിലക്ക് വാങ്ങിയത്. ദരിദ്രനായതുകൊണ്ടല്ല, ദളിതനായതുകൊണ്ടാണ് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന ബോധ്യമായിരുന്നു അതിനുപിന്നില്‍. അടിമ, ജാതി ശരീരത്തെ അന്തസ്സുള്ള ശരീരവും ആത്മാവുമായി ഉയര്‍ത്തുകയായിരുന്നു അയ്യങ്കാളി. പൊതുവഴി എല്ലാ മനുഷ്യര്‍ക്കും പങ്കെടുക്കാനുള്ള ഇടമാണെന്ന് ആധുനിക മലയാളിയെ പഠിപ്പിച്ചതും മഹാത്മാ അയ്യങ്കാളിയായിരുന്നുവെന്ന് സണ്ണി എം.കപിക്കാട് പറഞ്ഞു.

വിലക്കപ്പെട്ട സ്ഥലത്തേക്കുള്ള പ്രവേശനത്തിലൂടെ കേരളത്തെ ഗുണപരമായ മാറ്റത്തിന് വിധേയനാക്കാനാണ് അയ്യങ്കാളി ശ്രമിച്ചത്. അവനവനിലേക്ക് ജ്ഞാനത്തെ സമ്പാദിച്ച് സര്‍വ്വജ്ഞപീഠം കയറുന്നതിലല്ല കാര്യം. അദ്വൈതം അപരത്വത്തെ റദ്ദുചെയ്യുന്നതാണെന്ന് സണ്ണി കപിക്കാട് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ മനു എന്ന വാക്കില്ല. പക്ഷെ, ഇന്ത്യന്‍ ജനാധിപത്യത്തിനുള്ളില്‍ അതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാപങ്ങള്‍ ഒന്നും നടത്താത്ത, ഒരു പൊലീസ് കേസുപോലുമില്ലാത്ത അയ്യങ്കാളിയെ കലാപകാരിയായി കാണിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കുസമരം നയിച്ചത് അയ്യങ്കാളിയായിരുന്നു എന്നാണ് ചരിത്രം നമ്മോട് പറയുന്നത്. തൊഴിലാളികളുടെ മക്കളെ വിദ്യാലയങ്ങളില്‍ അയയ്ക്കാന്‍ വേണ്ടി നടത്തിയ സമരത്തെ കാര്‍ഷിക ഉന്നമനത്തിനുള്ള സമരമായാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. ഒരു വര്‍ഷം നീണ്ടുനിന്ന കാര്‍ഷികപണിമുടക്ക് കര്‍ഷകത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതായിരുന്നു എന്നതിനാല്‍ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭം എന്നാണ് വിളിക്കേണ്ടതെന്ന് സണ്ണി എം. കപിക്കാട് അഭിപ്രായപ്പെട്ടു.

Comments are closed.