DCBOOKS
Malayalam News Literature Website

വേദങ്ങള്‍ സത്യത്തെ അതേപടി ഉദ്‌ഘോഷിക്കുന്നു: സ്വാമി രംഗനാഥാനന്ദ

സ്വാമി രംഗനാഥാനന്ദ

ശ്രീ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് എട്ട് വാള്യങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന ഋഗ്‌വേദസംഹിതാവ്യാഖ്യാനത്തിന്റെ എട്ടാം വാള്യത്തിന് ഒരു മുഖവുര എഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം എനിക്കൊരു കത്തയച്ചിരുന്നു. ഋഗ്‌വേദസംഹിതയുടെ വിവര്‍ത്തനത്തോടു കൂടിയ ഈ വ്യാഖ്യാനത്തിന് ”ദേവീ പ്രസാദം” ഭാഷാഭാഷ്യമെന്നാണദ്ദേഹം പേരിട്ടിരിക്കുന്നത്. ഉപനിഷത്തുകള്‍ പഠിച്ചിട്ടുള്ളതുപോലെ അത്ര അവഗാഢമായ വേദസംഹിതകള്‍ ഞാന്‍ പഠിച്ചിട്ടില്ലാത്തതിനാല്‍, എന്നെ ഈ ചുമതലയില്‍
നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തോടപേക്ഷിച്ചിട്ടും, അദ്ദേഹം എന്റെ ഒഴിവുകഴിവുകളൊന്നും സ്വീകരിച്ചില്ല. കുറച്ചുദിവസം മുമ്പ് ഞങ്ങള്‍ ഷൊര്‍ണൂരില്‍വെച്ച് കണ്ടുമുട്ടിയപ്പോള്‍, ഈ ചുമതല സ്വീകരിച്ചേതീരൂ എന്നദ്ദേഹം സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധിക്കുകയും മറ്റാരെക്കൊണ്ടും താനിത് എഴുതിക്കുകയില്ലെന്ന് ഖണ്ഡിതമായി പറയുകയും ചെയ്തു. വേദങ്ങളോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പിതമനോഭാവത്തിലും അദ്ദേഹത്തിന്റെ അളവറ്റ പാണ്ഡിത്യത്തിലും എനിക്കുള്ള ആദരംമൂലവും അദ്ദേഹത്തോടുള്ള സ്‌നേഹംമൂലവും ഈ മുഖവുര എഴുതാമെന്ന് ഞാനപ്പോള്‍ അവിടെവച്ച് ഏല്‍ക്കുകയും ചെയ്തു.

എനിക്കെന്റെ പരിമിതികളെപ്പറ്റി അറിയാം. കാളിദാസന്‍ തന്റെ രഘുവംശത്തില്‍,

മന്ദഃ കവയശഃ പ്രാര്‍ഥീ
ഗമിഷ്യാമ്യുപഹാസ്യതാം
പ്രാംശൂലഭ്യേ ഫലേ ലോഭാദ്
ഉദ്ബാഹുരിവ വാമനഃ

എന്നു പറഞ്ഞിട്ടുള്ളതുപോലെയാണ് എന്റെ സ്ഥിതി. (അത്യല്പമായ ജ്ഞാനമേയുള്ളുവെങ്കിലും കവി എന്ന കീര്‍ത്തി നേടാനുള്ള അത്യാഗ്രഹം എന്നെ പരിഹാസപാത്രമാക്കിയേക്കും. ഉയരമുള്ള ഒരാള്‍ക്ക് കയ്യെത്തിച്ചാല്‍ മാത്രം തൊടാവുന്നത്ര ഉയരത്തില്‍ നില്‍ക്കുന്ന ഫലം പറിക്കാന്‍ കൊതിക്കുന്ന വാമനനെപ്പോലെയാകും ഞാന്‍.) എന്നാല്‍ ആദ്യത്തെ ഏഴുവാള്യങ്ങള്‍ക്ക് അദ്ദേഹം തയ്യാറാക്കിയ വിവര്‍ത്തനവും അവയ്ക്കുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനവും അദ്ദേഹം തന്നെ എഴുതിയ പണ്ഡിതോചിതമായ മുഖവുരയും ആദ്യത്തെ ഏഴുവാള്യ ങ്ങള്‍ക്ക് പ്രഗത്ഭരായ പണ്ഡിതന്മാരെഴുതിയ അവതാരികകളും ഞാനിക്കാ ര്യത്തില്‍ പ്രയോജനപ്പെടുത്തി. ഈ വാള്യത്തിന് അവതാരികയെഴുതുന്നതിന് ഇവയെന്നെ വളരെ സഹായിച്ചിട്ടുണ്ട്, കാളിദാസന്‍ രഘുവംശത്തിലെ അടുത്ത ശ്ലോകത്തില്‍ പറയുന്നതുപോലെ,

അഥവാ കൃതവാഗ്ദ്വാരേ
വംശേസ്മിന്‍ പൂര്‌വസൂരിഭിഃ
മണൗ വജ്രസമുത്കീര്‌ണേ
സൂത്രസ്യേവാസ്തി മേ ഗതിഃ

(എന്നാല്‍ എന്റെ മുന്‍ഗാമികളായ മഹാകവികള്‍ ഈ രഘുവംശ കഥയില്‍, വാക്കുകളാല്‍ സൃഷ്ടിച്ച മാര്‍ഗ്ഗത്തിലൂടെ, രത്‌നത്തില്‍ വജ്രം കൊണ്ടുണ്ടാക്കിയ ദ്വാരത്തിലൂടെ നൂലോടുന്നതെങ്ങനെയോ അതു
പോലെ, എനിക്കും മുന്നേറാമെന്നതാണ് എന്റെ ഭാഗ്യം.)

ഋഗ്വേദസംഹിതയുടെ പഠനത്തിനുവേണ്ടി ജീവിതകാലമത്രയും ഉഴിഞ്ഞുവയ്ക്കുകയും ആ പഠനത്തിന്റെ സദ്ഫലങ്ങളെ മലയാളികളുടെ നന്മയ്ക്കായി ആവിഷ്‌ക്കരിക്കാന്‍ ഒരു തപസ്യതന്നെ നടത്തുകയും ചെയ്ത ശ്രീ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിനോടുള്ള സന്തോഷവും അത്ഭുതാദരങ്ങളും ഞാനിവിടെ രേഖപ്പെടുത്തട്ടെ. വിജ്ഞാനദാഹികളായ വിദ്യാര്‍ത്ഥികളോടുള്ള വേദത്തിന്റെ ആഹ്വാനത്തെത്തന്നെയാണിക്കാര്യത്തില്‍ അദ്ദേഹം പിന്‍തുടര്‍ന്നിട്ടുള്ളത്. തൈത്തിരിയോപനിഷത്തില്‍ ഇങ്ങനെ പറയുന്നു:

സ്വാധ്യായപ്രവചനാഭ്യാം ന പ്രമദിതവ്യം (1.11)

(ജ്ഞാനസമ്പാദനത്തില്‍നിന്നും ജ്ഞാനപ്രസാരണത്തില്‍നിന്നും വ്യതിചലിക്കാതിരുന്നാലും.)

ജ്ഞാനം ഏറ്റവുമധികം ശോഭിക്കുന്നത്, അത് മറ്റുള്ളവരുമായി പങ്കിടുമ്പോഴാണ്. അങ്ങനെ പങ്കിടാതിരിക്കുമ്പോള്‍ അതിന് അതിന്റെ മഹത്ത്വം നഷ്ടപ്പെടുന്നു. ”സരസ്വതീ ജ്ഞാനഖലേയഥാ സതീ” ”ഒരു ജ്ഞാനഖലനിലെ സരസ്വതിപോലെ” എന്നാണ് ശ്രീമദ്ഭാഗവതം (ത.2.10) ഇതിനെ മനോഹരമാംവണ്ണം ചിത്രീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വേദ കാലഘട്ടത്തിനുശേഷമുള്ള നമ്മുടെ ചരിത്രകാലഘട്ടത്തില്‍ വേദജ്ഞാ നത്തിന് സംഭവിച്ച നിര്‍ഭാഗ്യം ഇതുതന്നെയാണ്. വേദജ്ഞാനം ചെറിയൊരു സംഘം ആളുകളുടെ കുത്തകയായിത്തീര്‍ന്നു. അവരത് മറ്റുള്ളവരുമായി പങ്കിടുകയും അങ്ങനെ അതിന്റെ കീര്‍ത്തിധാവള്യം പരത്തി ബഹുജനങ്ങളെ ഉദ്ധരിക്കുകയും ചെയ്തില്ലെന്നുമാത്രമല്ല, ബഹുജനങ്ങള്‍ക്കിടയില്‍ അതെങ്ങാനും പ്രചരിച്ചുപോകുന്നതിനെ എന്നെന്നേക്കുമായി നിരോധിക്കുന്നതിന് അവര്‍ സാങ്കല്പികമായ നിയമങ്ങളും നിയന്ത്രണങ്ങളും കണ്ടുപിടിക്കുകയും ചെയ്തു. ഉന്നതകുലജാതരായ ബ്രാഹ്മണസ്ത്രീകള്‍ക്കു പോലും അവര്‍ വേദം നിഷിദ്ധമാക്കിക്കളഞ്ഞു. സരസ്വതിയെ ഇങ്ങനെ ജ്ഞാനഖലന്മാരില്‍ ഒതുക്കിയതിന് വേദങ്ങളിലൊരിടത്തുംതന്നെ അനുമതി നല്‍കിയിട്ടുള്ളതായി കാണുന്നില്ല. മറിച്ച്, വേദങ്ങളുടെ സൃഷ്ടിയില്‍ സ്ത്രീകളും സാധാരണക്കാരും മഹത്തായൊരു പങ്കാണ് വഹിച്ചിട്ടുള്ളത്. ശുക്ലയജുര്‍വ്വേദത്തില്‍ ഈ സത്യം സംശയാതീതമായ ഭാഷയില്‍ പ്രഖ്യാ
പിച്ചിട്ടുണ്ട്.

യഥേമാം വാചം കല്യാണീം ആവദാനി ജനേഭ്യ; ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ ച സ്വായ ചാരണായ ച- (26.2) (മാനവരാശിയുടെ-ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും വൈശ്യരുടെയും ശൂദ്രരുടെയും ബന്ധുക്കളുടെയും സമൂഹത്തിലെ ഏറ്റവും താഴ്ന്നപടിയിലുള്ള സ്ത്രീ
പുരുഷന്മാരുടെയും -ഗുണത്തിനുവേണ്ടി ഞാനീ മംഗളവാക്കുകള്‍ ഉച്ചരിക്കുന്നു.)

ജ്ഞാനത്തെ ശ്വാസം മുട്ടിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന പ്രവണത, ഭൂതകാലത്തില്‍നിന്നും വര്‍ത്തമാനകാലഘട്ടത്തിലേക്ക് ഏറ്റുവാങ്ങിയ ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ആ ഭൂതകാലമായപ്പോഴേക്കുംതന്നെ വേദം വല്ലാതെ അധഃപതിച്ചിരുന്നു. അര്‍ത്ഥത്തെപ്പറ്റി ഒരു ഗന്ധവുമില്ലാതെ വേദഗ്രന്ഥങ്ങള്‍ മനഃപാഠമാക്കുന്നിടത്തോളം അത് താഴ്ന്നുപോയിരുന്നു. ”ആത്മാവിന്റെ പരിപാവനമായ ബധിരത” എന്ന് ആള്‍ഡസ് ഹക്‌സ്‌ലി പറഞ്ഞത് ഇതിനെപ്പറ്റിയാണ്. മഹാന്മാരായ വേദാധ്യാപകരും മഹര്‍ഷിമാരും പ്രതിഷേധിച്ചതും ഇതിനെതിരായിട്ടാ യിരുന്നു. ”സ്ഥാണുരയം ഭാരഹാരഃ കിലാഭൂദ് അധിത്യ വേദം ന വിജാനാതി യോര്ഥം” എന്നാണ് മഹാനായ യാസ്‌കന്‍ പറയുന്നത് (അര്‍ത്ഥം മനസ്സിലാക്കാതെ വേദം
പഠിക്കുന്നവന്‍, മുകളിലുള്ള ഭാരം മുഴുവന്‍ വഹിക്കുന്ന തൂണുപോലെയാണ്.)

വേദസാഹിത്യം സാധാരണമായി മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു—സംഹിതകള്‍, ആരണ്യകമുള്‍പ്പെടെയുള്ള ബ്രാഹ്മണങ്ങള്‍, ഉപനിഷത്തുകള്‍, ഭാരതീയതത്ത്വശാസ്ത്രം, ആദ്ധ്യാത്മികത, സംസ്‌കാരം എന്നീ മേഖലകളില്‍ പില്ക്കാലത്തുണ്ടായ വികാസങ്ങളെല്ലാം സംഹിതകളില്‍—പ്രത്യേകിച്ചും ഋഗ്വേദസംഹിതയില്‍—ബീജരൂപത്തില്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ടാണ് ഉപനിഷത്തുകളില്‍ പലതും തത്ത്വചിന്താപരവും ആത്മീയവുമായ അത്യുന്നതാശയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ ചര്‍ച്ചാവിഷയത്തെ ഉദാഹരിക്കാനും സ്ഥാപിക്കാനുമായി സംഹിതകളില്‍നിന്ന് ”തദേവ ഋചാഭ്യുക്തം” എന്നൊരു മന്ത്രം ഉദ്ധരിക്കുന്നത്.

1200 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാനായ ശങ്കരാചാര്യര്‍ ചരിത്ര നഭോമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്നതുവരെയും, ആധുനികകാലഘട്ടത്തില്‍ വിവേകാനന്ദസ്വാമികള്‍ രംഗപ്രവേശം ചെയ്യുന്നതുവരെയും വേദങ്ങളുടെ തത്ത്വചിന്താപരവും ആത്മീയവുമായ മഹത്ത്വവും മാനവരാശിക്കവകൊണ്ടുള്ള പ്രസക്തിയും മറഞ്ഞും ഒളിഞ്ഞും കിടക്കുകയായിരുന്നു. അതിബൃഹത്തായ, വൈവിധ്യമാര്‍ന്ന, വേദസാഹിത്യത്തിന്റെ അവസാനഭാഗമായ ഉപനിഷത്തുകളില്‍ വേദചിന്ത പൂത്തുലഞ്ഞു നില്ക്കുന്നതായി ശങ്കരാചാര്യരും വിവേകാനന്ദസ്വാമികളും കണ്ടെത്തി. അങ്ങനെ ആഭാഗത്തിന് വേദാന്തമെന്ന പേര്‍ ലഭിച്ചു. വേദങ്ങളുടെ അന്ത്യഭാഗമെന്നും വേദങ്ങളുടെ അന്തഃസാരമെന്നും വിവക്ഷ. ഉപനിഷത്തുകളിലെ അത്യുദാത്തമായ തത്ത്വചിന്തയുടെയും ആത്മീയതയുടെയും ഉറവിടമാണ് സംഹിതകളും ബ്രാഹ്മണങ്ങളും. വൈദികകാലഘട്ടത്തിനു ശേഷമുള്ള ഇന്ത്യയിലെ സാമൂഹ്യഘടനയുടെയും മതപരമായ ചടങ്ങുകളുടെയും മേഖലയില്‍ സംഹിതകളും ബ്രാഹ്മണങ്ങളും കനത്ത സംഭാവന നല്‍കിയിട്ടുണ്ട്. വൈദികകാലഘട്ടത്തിലെ സര്‍ഗാത്മകതയ്ക്കും ഓജസ്സിനും അനുക്രമം ക്ഷയം സംഭവിച്ചതോടെ, സാമൂഹ്യഘടനയും മതാനുഷ്ഠാനങ്ങളും ഭാരതീയസമൂഹത്തെയും ജീവിതത്തെയും കൂടുതല്‍ കര്‍ക്കശവും ക്ഷീണിതവുമാക്കി. സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ രൂപം കൊണ്ടതങ്ങനെയാണ്. തന്മൂലം മാനുഷികമായ സഹാനുഭൂതിയും ലക്ഷോപലക്ഷം മനുഷ്യജീവികളുടെ അന്തസ്സും ക്ഷയോന്മുഖമായി; മതപരമായ ചടങ്ങുകള്‍ പെരുത്തു; അതോടൊപ്പം വൈദികരെന്ന ഒരു വര്‍ഗ്ഗം വളര്‍ന്നുവരുകയും ചെയ്തു. വേദകാലഘട്ടത്തിന്റെ അസദൃശസ്വഭാവവിശേഷമായ ചിന്താസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും ഇല്ലാതാകുക എന്നതായിരുന്നു ഇതിന്റെയെല്ലാം ഫലം. ഹിന്ദുസമൂഹം സ്തംഭിച്ചു നിന്നുവെന്നതും ജാതികളും ഉപജാതികളും കൊണ്ട് നിറഞ്ഞുവെന്നതുമാണ്, അഹിതകരമായ ഈ സംഭവവികാസത്തിന്റെ സമകാലീനമായ അനന്തരഫലം. നമ്മുടെ ദേശീയചിന്തകര്‍ക്കെല്ലാം ഏറ്റവും വലിയ വെല്ലുവിളി യായിത്തീര്‍ന്നിരിക്കുന്ന സാര്‍വ്വത്രികദാരിദ്ര്യമുള്‍പ്പെടെയുള്ള പലവിധ സാമൂഹ്യതിന്മകളും ഇതുമൂലം ഉണ്ടായതാണ്. കഴിഞ്ഞൊരു നൂറു കൊല്ലമായി നമ്മുടെ രാഷ്ട്രം ഈ വെല്ലുവിളിയെ നേരിട്ടു ജയിച്ചു വരുകയാണ്; അതില്‍ വിപ്ലവാത്മകമായ ചില വിജയങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഇതിന് നാം ഉപയോഗിച്ച കരു വേദാന്തതത്ത്വസംഹിതയും ആത്മീയതയുമാണ്. ആധുനികപാശ്ചാത്യചിന്താധാരകള്‍ അതിനെ ശക്തിപ്പെടു ത്തുകയും ചെയ്തു.

ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449
ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam

കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.